കുട്ടിപ്പട്ടാളത്തിന്റെ എനർജി കുറയാതിരിക്കാൻ 5 ഭക്ഷണങ്ങൾ 

പൊതുവെ ഭക്ഷണം കഴിക്കാൻ മടിയുള്ളവരാണ് നമ്മുടെ നാട്ടിലെ കുട്ടികൾ. ബ്രേക്ഫാസ്റ്റും ലഞ്ചും ഒക്കെയായി അമ്മമ്മാർ കുഞ്ഞിന്റെ പിറകെ നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. കഴിക്കാൻ അൽപമെങ്കിലും താത്പര്യമുളള ഭക്ഷണങ്ങൾ ആവട്ടെ ഫാസ്റ്റ് ഫുഡും. അതു വിശ്വസിച്ച് കൊടുക്കാനും കഴിയില്ല. ഈ അവസ്ഥയിൽ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. കുട്ടികൾ കഴിക്കാൻ ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ അവരെ നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചല്ല ഇത്തരത്തിൽ ഒരു ഭക്ഷണ ശീലം വികസിപ്പിച്ചെടുക്കേണ്ടത്. കുട്ടികളിലെ പോഷകാഹാരം എങ്ങനെ ആയിരിക്കണം എന്ന് സംബന്ധിച്ച് അമേരിക്കൻ സർവകലാശാലകളിൽ നടന്ന പഠനം പറയുന്നത് ദിവസവും ആഹാരത്തിൽ അഞ്ചു ഘടകങ്ങൾ ഉൾപ്പെടുത്തിയാൽ കുട്ടികൾ ദിവസം മുഴുവൻ ആരോഹ്യവന്മാരും ഊർജസ്വലരുമാകും എന്നാണ്. 

1.  വെള്ളം കുടിപ്പിക്കുക 
കുട്ടികൾക്ക് ഏറ്റവും മടിയുള്ള കാര്യമാണ് വെള്ളം കുടിക്കുക എന്നത്. പ്രത്യേകിച്ച് മൂന്നു വയസ്സിനു മുകളിൽ പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വെള്ളം കുടിക്കാനുള്ള താൽപര്യം പൊതുവെ കുറഞ്ഞു കാണുന്നു. ഈ അവസരത്തിൽ മാതാപിതാക്കൾ ബോധപൂർവം വെള്ളം കുടിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കും ത്വക്കിന്റെ ആരോഗ്യത്തിനും കിഡ്നിയുടെ പ്രവർത്തനത്തിനുമെല്ലാം വെള്ളം നിർബന്ധമാണ്. മാത്രമല്ല, വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് ശരീരം നിർജലീകരണം മൂലം അലസമാകുന്നത്. അതിനാൽ ദിവസം എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുട്ടികൾ കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. 

2. ഓട്സ് നല്ലതാണ്
പ്രായമായവർ കഴിക്കേണ്ട ഒരു ഭക്ഷണമായിട്ടാണ് നമ്മുടെ നാട്ടിൽ പലരും ഓട്സിനെ കാണുന്നത്. എന്നാൽ ഫൈബർ കൊണ്ട് സമ്പന്നമായ ഈ വിഭവം കുട്ടികൾക്ക് ആവശ്യത്തിന് ഊർജം നൽകുന്നു. ഫൈബർ അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ പൊതുവെ കുട്ടികൾക്കു താൽപര്യം കാണാറില്ല. അതിനാൽ ഓട്സ് പലരുചികളിൽ ഉണ്ടാക്കി നൽകുന്നത് ശരീരത്തിൽ ഫൈബറിന്റെ അഭാവം പരിഹരിക്കും. ഇൻസ്റ്റന്റ് എനർജി പ്രദാനം ചെയ്യുന്നതിൽ ഓട്സ് ബെസ്റ്റാണ്.

3.മുട്ട പൊട്ടിച്ചു കളയാനുളളതല്ല 
കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുട്ട. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട കുഞ്ഞുങ്ങളുടെ വളർച്ചക്ക് പിന്നിലെ പ്രധാന ഘടകമാണ്. ക്ഷീണം അകറ്റാനും എനർജി പ്രദാനം ചെയ്യാനും അമിതവണ്ണം ഇല്ലാതെ കുട്ടികളെ ആരോഗ്യകരമായി വളർത്താനും ദിനംപ്രതി ഒരു മുട്ട കഴിക്കുന്നത് ഗുണകരമാകും 

4.  ഏത്തപ്പഴം സ്റ്റാറാണ് 
കുട്ടികൾക്ക് പൊതുവെ പഴം കഴിക്കാൻ മടിയാണ്. എന്നാൽ ചെറുപ്പം മുതൽക്ക് ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാൽ അത് ഡയറ്റിന്റെ ഭാഗമായി മാറുകയും എക്കാലവും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അയൺ, ഫൈബർ എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. പഴം വെറുതെ കഴിക്കാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് സ്മൂത്തി, ഷെയ്ക്ക്, ബനാന ഹണി എന്നീ വിഭവങ്ങളുടെ രൂപത്തിൽ പഴം നൽകാം. ഇടക്കിടക്ക് ടേസ്റ്റിൽ ഒരു ചേഞ്ച് ഒക്കെ വരുത്തുന്നത് കുട്ടികൾക്ക് ഇഷ്ടമാകും.

5.  മീനിനെ പോലെ ആക്ടീവാകാം 
മീനുകളെ ശ്രദ്ധിച്ചിട്ടില്ലേ? ഒരു നിമിഷം അടങ്ങി നിൽക്കില്ല. വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീന്തിക്കൊണ്ടിരിക്കും. മീനിനെ പോലെ വളരെ ആക്റ്റീവ് ആയിരിക്കണമെങ്കിൽ ഡയറ്റിൽ മീൻ ഭാഗമാക്കുക തന്നെ വേഗം. ഒമേഗ 3  ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മീനുകൾ കുട്ടികൾക്ക് നൽകുന്നത് അവരെ ഊർജസ്വലരാക്കുന്നതിന് പുറമെ കാഴ്ചക്കുറവ്, ത്വക്‌രോഗങ്ങൾ തുടങ്ങിയ പ്രശനങ്ങളിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്യുന്നു.