അദ്നാൻ സമിയുടെ ഫിറ്റ്നസ് ചലഞ്ച്; മദിനയാണ് താരം

ആരോഗ്യമുള്ള പുതുതമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായികമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് തുടക്കമിട്ട ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കാൻ ഇന്ന് സിനിമ–രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിനു പുറകേയാണ് രാജ്യം.

ഗായകനും സംഗീത സംവിധായകനുമൊക്കെയായ അദ്നാൻ സമിയുടെ ഫിറ്റ്നസ് ചാലഞ്ച് വിഡിയോ ഏവരെയും വല്ലാതെ ആകർഷിച്ചു. എങ്ങനെയെന്നല്ലേ? തന്റെ ക്യൂട്ട് രാജകുമാരി മദിന, ഭാര്യ റോയ എന്നിവർക്കൊപ്പമായിരുന്നു അദ്നാൻ സമിയുടെ ഫിറ്റ്നസ് ചലഞ്ച്.

ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി, ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ, ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാൾ തുടങ്ങിയവർ കായികക്ഷമത തെളിയിക്കുന്ന തങ്ങളുടെ വിഡിയോകളുമായി ക്യാമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു.

പ്രഭാത നടത്തത്തം, സ്ക്വാഷ് പ്രാക്ടീസ് എന്നിവ ചിത്രീകരിച്ചു കൊണ്ടായിരുന്നു അദ്നാൻ സമി ക്യാമ്പയിനിൽ അണിചേർന്നത്. എന്നാൽ ഈ സമയങ്ങളിലെല്ലാം കളിചിരികളുമായി മകൾ മദിന എത്തിയത് വേറിട്ട കാഴ്ചയായി. ഭാര്യ റോയയും പിന്തുണയുമായി അദ്നാൻ സാമിക്കൊപ്പമെത്തി.

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ഫിറ്റ്നസ് വെല്ലുവിളിയാണ് അദ്നാൻ സമി ഏറ്റെടുത്തത്. അമിതാഭ് ബച്ചൻ, ഉസ്താദ് അംജദ് അലിഖാൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവരെയാണ് അദ്നൻ സമി പകരം വെല്ലുവിളിച്ചത്.