അച്ഛനായിക്കഴിയുമ്പോൾ നിങ്ങൾ ഇങ്ങനെ മാറുമോ?

ഒരു കുഞ്ഞ് ജീവിതത്തിലേക്കു വരുമ്പോൾ ഒരുപാടു മാറ്റങ്ങൾ മാതാപിതാക്കളിലുണ്ടാകും. അവരുടെ ചിന്തകളെയും പ്രവൃത്തികളെയും വരെ സ്വാധീനിക്കാൻ ഈ കുഞ്ഞതിഥിക്കാവും. അമ്മമാരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ അച്ഛന്മാരിൽ കുഞ്ഞുങ്ങളുടെ വരവോടെ ഉണ്ടാകുന്ന രസകരമായ ചില മാറ്റങ്ങളിതാ..

നിങ്ങളുടെ തല പൊളിയും
എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു നല്ല ചിട്ടയിലുള്ള ജീവിതമായിരുന്നോ നിങ്ങളുടേത്? തല പൊളിയുമെന്നു ചുമ്മാ പറയുന്നതല്ല, വീട്ടിൽ അടുത്തത് എന്താണു നടക്കാൻ പോകുന്നതെന്നു നിങ്ങൾക്ക് ഒരു ഐഡിയയും കിട്ടില്ല. എന്തിനും തയാറായി വേണം നിൽക്കാൻ.

മറവി നിങ്ങളെ പിടികൂടും
ഒരു നൂറുകൂട്ടം കാര്യങ്ങൾ ഒരേ സമയം ചിന്തിക്കേണ്ടി വരുന്നതു കൊണ്ട് പല കാര്യങ്ങളും മറന്നു പോകാനോ വിട്ടുപോകാനോ ചാൻസുണ്ട്.

തടികൂടും
കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞ് അമ്മമാർക്കല്ലേ തടികൂടുന്നത് എന്നു ചിന്തിതക്കാൻ വരട്ടെ. അച്ഛൻമാർക്കും തടികൂടുന്നു എന്നതാണ് വാസ്തവം. കുട്ടികൾ വന്നു കഴിഞ്ഞ് നിങ്ങളുടെ ദിനചര്യ ആകെ മാറുന്നതോടൊപ്പം വ്യായാമത്തിനൊന്നും സമയം കിട്ടില്ല. സ്വാഭാവികമായി നിങ്ങളുടെ തടി കൂടുന്നു.

ദുശ്ശീലങ്ങൾ മാറിനിൽക്കും
കുഞ്ഞിന്റെ വരവോടെ മിക്ക അച്ഛൻമാരും തങ്ങളുടെ ദുശ്ശീലങ്ങളായ പുകവലിയും മറ്റും ഉപേക്ഷിക്കാറാണു പതിവ്.

പുറംലോകവുമായുള്ള ബന്ധം കുറയും
മറ്റുള്ളവരുടെ വിശേഷമറിയാൻ ഒന്നു ഫോൺ വിളിക്കാനോ ടിവി കാണാനോ പത്രം വായിക്കാനോ പോലും ചിലപ്പോൾ നിങ്ങൾക്കു സാധിച്ചെന്നു വരില്ല.

ഷോപ്പിങ് ഇനി അവർക്കായി
മുൻപു സകല ഷോപ്പിങ് സൈറ്റുകളിലും കയറിയിറങ്ങിയിരുന്ന നിങ്ങൾ ഇപ്പോൾ വാങ്ങുന്നത് അധികവും അവർക്കു വേണ്ടുന്നവയാണ്.

ഉറക്കബോധം കൂടും
പണ്ട് ഉറങ്ങിക്കഴിഞ്ഞാൽ ഭൂമികുലുങ്ങിയാൽ പോലും അറിയാതിരുന്ന നിങ്ങൾക്ക് ഇപ്പോൾ കുഞ്ഞിന്റെ ഒരു ചെറു അനക്കം മതി ഉണരാൻ.

നിങ്ങളിലെ സ്വാര്‍ഥത പമ്പകടക്കും
അൽപമൊക്കെ സ്വാര്‍ഥനായിരുന്നോ നിങ്ങൾ? കുഞ്ഞുങ്ങളുടെ വരവോടെ നിങ്ങളിലെ ആ സ്വഭാവം പതിയെ കുറഞ്ഞു വരുന്നതു കാണാം. കുഞ്ഞിന്റെ അമ്മയോടു നിങ്ങൾക്കുള്ള മനോഭാവത്തിലും മാറ്റം വരുന്നതു കാണാം.