കുട്ടികളെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിച്ചാണോ ശിക്ഷിക്കേണ്ടത്?

തെറ്റു ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കുന്നത് സാധാരണമാണ്. തെറ്റ് തിരുത്താനും നല്ല കുട്ടിയായി വളരാനും ഇത് ആവശ്യം തന്നെയാണ്. എന്നാൽ ശിക്ഷയുടെ പേരിൽ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. കളവ് പറഞ്ഞെന്ന പേരിൽ മകനെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബംഗളുരുവില്‍ നവംബര്‍ 17നാണ് സംഭവം നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി .10 വയസുകാരനെ വീട്ടിനുള്ളില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബംഗളുരുവിലെ ഗ്ലോബല്‍ വില്ലേജ് സ്വദേശിയായ മഹേന്ദ്ര കുമാര്‍ എന്നയാളെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കേടായ മൊബൈല്‍ ഫോണ്‍ കുട്ടിയുടെ അമ്മ നന്നാക്കാന്‍ സര്‍വ്വീസ് സെന്ററില്‍ നല്‍കിയപ്പോഴാണ് കുട്ടിക്ക് നേരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഫോണ്‍ പരിശോധിച്ച ടെക്നീഷ്യന്‍ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും പിന്നീട് വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ജുവനൈല്‍ നിയമപ്രകാരമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്ലംബിങ് ജോലികള്‍ ചെയ്ത് ജീവിക്കുന്ന മഹേന്ദ്രകുമാര്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ വയര്‍ കൊണ്ടും പിന്നീട് ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ദേഷ്യം സഹിക്കാന്‍ വയ്യാതെ മകനെ കട്ടിലിലേക്ക് പലതവണ എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ഇയാളുടെ ഭാര്യ ഇതിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. സ്വകാര്യ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടി, ദമ്പതികളുടെ ഒരേ ഒരു മകനാണ്.

മകന്‍ കളവ് പറയുന്നുവെന്ന് മഹേന്ദ്രകുമാറിന്റെ ഭാര്യ പരാതി പറഞ്ഞതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്. റൂമില്‍ ഇരിക്കുകയായിരുന്ന മകന്റെ അടുത്ത് ചെന്ന് ആദ്യം എന്തിനാണ് കളവ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ കളവ് പറഞ്ഞിട്ടില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇത് കേട്ട് ക്ഷുഭിതനായ ഇയാള്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ വയര്‍ ഉപയോഗിച്ചും പിന്നീട് ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദ്ദിച്ചു. ഇനി കളവ് പറയുമോ എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് കുട്ടി പറയില്ലെന്ന് മറുപടി കൊടുക്കുന്നുണ്ടെങ്കിലും മര്‍ദ്ദനം നിര്‍ത്തുന്നില്ല. ഇടയ്ക്ക് കുട്ടിയെ വലിച്ച് നിലത്തിന് കാലുകൊണ്ട് പലവട്ടം തൊഴിക്കുന്നതും കാണാം. ശേഷം വീണ്ടും എടുത്തുയര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്നു. കുട്ടി വീണ്ടും കളവ് പറയുമ്പോള്‍ പേടിപ്പിക്കാനെന്ന പേരില്‍ അമ്മ തന്നെയാണ് മര്‍ദ്ദനം മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചത്.

സാധാരണ ഒരു മാതാപിതാക്കൾക്കും കണ്ടുനിൽക്കാനാവാത്ത വിധത്തിലുള്ളതാണ് ഈ മർദ്ദനം. ഒരു കളവ് പറയുക എന്നത് തെറ്റ് തന്നെയാണ്. പക്ഷേ അത് തിരുത്തി കുട്ടിയെ നേർവഴിക്ക് നടത്തുക എന്നതാണ് നല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. ഇത്തരം ശിക്ഷകൾ ഒരിക്കലും കുട്ടിയിൽ പോസിറ്റീവായ ചിന്തകൾ ഉണ്ടാക്കില്ലെന്നുറപ്പാണ്. വീടിനുള്ളിൽ സ്വന്തം മാതാപിതാക്കളിൽ നിന്നും അവന് ലഭിക്കേണ്ടത് സംരക്ഷണവും സ്നേഹവും പിൻതുണയുമാണെന്ന് ഓരോ മാതാപിതാക്കളും ഓർക്കുക.