തോറ്റവരുടെ സുവിശേഷങ്ങൾ

ഡോ. സി.ജെ. ജോൺ

ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനെ പാസാക്കാൻ പറ്റില്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. കുറേ വിഷയങ്ങൾക്കു തോറ്റിട്ടുണ്ട്. കൂട്ടുകാർ പത്തിലേക്കു പോവുകയും ജൂനിയർ കുട്ടികൾക്കൊപ്പമിരിക്കുകയും ചെയ്യേണ്ട കാര്യം ഓർക്കുമ്പോൾ അവനു വിഷമം. വേറെ പള്ളിക്കൂടത്തിൽ പത്തിൽ ചേർത്തു പഠിപ്പിക്കാനായി പ്രൊമോഷൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തരുമെന്നു പറയുന്നു. അതിനും അവനു സങ്കടമാണ്. എന്താണു ചെയ്യേണ്ടത്?

∙എം.എ. ബാലരാമപുരം.

ഒൻപതിൽ വീണ്ടും പഠിക്കണോ അതോ പത്തിൽ വേറൊരു പള്ളിക്കൂടത്തിൽ പഠിക്കണോ എന്നതല്ല ഇവന്റെ യഥാർഥ പ്രശ്നം. പല വിഷയങ്ങളിൽ ഈ കുട്ടി എന്തുകൊണ്ടു പരാജയപ്പെട്ടുവെന്ന അന്വേഷണമാണ് ഇപ്പോൾ ചെയ്യേണ്ടത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തവിധത്തിൽ മറ്റേതെങ്കിലും കുരുക്കുകളിൽ പെട്ടതാണോയെന്നു നോക്കണം. മിടുക്കുണ്ടെങ്കിലും മാർക്കു കിട്ടാൻ തടസ്സമാകുന്ന പഠനവൈകല്യങ്ങളുണ്ടോയെന്നു പരിശോധിക്കണം. ഇതിലൊക്കെയെന്തു കാര്യമെന്ന അലസഭാവമാണോ ചതിച്ചതെന്ന് അറിയണം. യഥാർഥ കാരണങ്ങൾ കണ്ടെത്തി പ്രതിവിധികൾ തേടുവാൻ പോന്ന തരത്തിലുള്ള ഒരു ആത്മപരിശോധനയ്ക്കും ഇവനെ തയാറാക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ ശരിയായ മാർഗം തിരഞ്ഞെടുക്കാൻ അവനു അപ്പോഴേ കഴിയൂ.

പരാജയത്തെ ഒരു നാണക്കേടായി കാണേണ്ടതില്ല. കൂടുതൽ ആവേശത്തോടെ പഠിക്കുവാനുള്ള ഉൾപ്രേരണകൾ വളർത്തുവാനുള്ള അവസരമായി കണക്കാക്കിയാൽ മതി. പരാജയത്തിലേക്കു നയിച്ച കാരണങ്ങൾ പരിഹരിച്ചു നന്നായി പഠിച്ച് മികച്ച മാർക്കു വാങ്ങുമ്പോൾ തീരുന്നതാണ് ഈ വിഷമം. ക്ലാസുകയറ്റം കിട്ടാത്ത അഥവാ ഡിറ്റെയ്ൻ (Detain) ചെയ്ത കുട്ടിയെന്ന മട്ടിലുള്ള അപകർഷബോധം സ്വയം മനസ്സിലേക്കു കടത്തിവിട്ടാൽ ആത്മവിശ്വാസം ചോർന്നുപോകുമെന്ന് ഉറപ്പാണ്. പാസായിയെന്നു സാക്ഷ്യപ്പെടുത്തിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി വേറൊരു സ്കൂളിൽ ചേർന്നാലും ഈ വിചാരം ഒരു പരാധീനതയാകാം. അതേ പള്ളിക്കൂടത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കണോ അതോ പുതിയ സ്കൂളിൽ പത്താംക്ലാസിൽ ചേരണോയെന്നതു വസ്തുനിഷ്ഠമായി വിലയിരുത്തിയെടുക്കേണ്ട തീരുമാനമാണ്. പക്ഷേ, തോൽവിയുണ്ടാക്കിയ ഘടകങ്ങളെ മറികടന്നു വിജയത്തിലേക്കു കുതിക്കുവാനുള്ള ഉണർവും ഇച്ഛാശക്തിയും വളർത്തിയെടുക്കുന്നതാണ് പ്രധാനം. അതു ചെയ്യാതെ എന്തു തീരുമാനമെടുത്താലും പ്രയോജനമുണ്ടാവില്ല.

തോറ്റവനെന്നത് ഒരു സ്ഥിരം ലേബലൊന്നുമല്ല. ചില ഘട്ടങ്ങളിൽ ആരും നേരിടുന്ന ഒരു അവസ്ഥ മാത്രമാണ്. പരീക്ഷകളിലെ പരാജയങ്ങളും അങ്ങനെ തന്നെ. സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിലാണു ശ്രദ്ധ പുലർത്തേണ്ടത്. പ്രതീക്ഷിച്ച മാർക്കോ ഗ്രേഡോ കിട്ടിയില്ലെന്നു സ്വയംപഴിച്ച് വിഷാദത്തിൽ വീഴുന്ന വിദ്യാർഥികളുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ ചെറുതാകുമെന്നു കരുതി ഒളിച്ചോടുന്നവരുണ്ട്. മാനക്കേടെന്നു വിധിച്ച് ആത്മഹത്യയുടെ വഴി സ്വീകരിക്കുന്നവരുമുണ്ട്. ജീവിതകഥയുടെ അന്ത്യം കുറിക്കുന്ന സംഭവമല്ല പരീക്ഷകളിലെ പരാജയം. മറികടന്നു വിജയിച്ചവർ അനവധിയാണ്. പുതിയ നാമ്പുകൾ വളർത്തിയെടുത്തു കഥ ചാരുതയോടെ തുടരാനുള്ള അവസരം മാത്രം. തോൽവിയെ നന്നായി വിശകലനം ചെയ്തു മറികടക്കുന്നവർ സ്ഥിരമായി വിജയിക്കുന്നവരേക്കാൾ മുമ്പിലെത്താറുണ്ട്. തോറ്റവരുടെ സുവിശേഷങ്ങൾ ഇവനും അറിയട്ടെ.