അമ്മമാരേ...കുഞ്ഞിനെ കണ്ണിൽ നോക്കി മിടുമിടുക്കരാക്കാം!

അമ്മയും പിഞ്ചുകുഞ്ഞും തമ്മിലുള്ളതുപോലെ ശുദ്ധവും കളങ്കരഹിതവുമായ വേറൊരു വികാരം മനുഷ്യര്‍ക്കിടയില്‍  കുറവാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ഈ ബന്ധം കുഞ്ഞിന്റെ മനസിക വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ലതാനും. 

ജനിച്ചുവീഴുന്ന നിമിഷം തൊട്ടു വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നിലും അമ്മ കുഞ്ഞില്‍ ചെലുത്തുന്ന സ്വാധീനം  (തിരിച്ചും) നിര്‍വചിക്കാവുന്നതിലും അപ്പുറത്താണ്. 

എന്നാല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കുറച്ചുകൂടെ ഊഷ്മളമാക്കാന്‍, കുറച്ചുകൂടെ കുഞ്ഞിന്റെ മനസിന്നെ സ്വാധീനിക്കാനും ഒരു പൊടിക്കയ്യുണ്ടെന്നാണ് ചില പുതിയ പഠനങ്ങള്‍ പറയുന്നത്. 

അമ്മമാര്‍ കുട്ടിയുമായി ഇടപഴകുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കുക എന്നതാണീ പൊടിക്കൈ. കണ്ണുകളില്‍ നോക്കി സംസാരിക്കുകയും കളിപ്പിക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നതു കുഞ്ഞുള്‍ക്കേറെ ഇഷ്ടമാകുമെന്നു മാത്രമല്ല, അവരുടെ ആശയവിനിമയ ശേഷി കൂട്ടുകയും ചെയ്യും എന്നതാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍  കണ്ടെത്തിയത്. 

കുഞ്ഞിന്റെയും അമ്മയുടെയും കണ്ണുകള്‍ തമ്മില്‍ ആശയം കൈമാറുമ്പോള്‍, ഇരുകൂട്ടരുടെയും ബ്രെയ്ന്‍ വേവുകള്‍ തമ്മിലും ഐക്യം സാധ്യമാവുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ഇത് കുട്ടിയുടെ കാര്യഗ്രഹണ ശേഷിയെയും ആശയവിനിമയ ശേഷിയെയും ഉത്തേജിപ്പിക്കാന്‍ സഹായകമാവുന്നു. അതായത് കുട്ടി നന്നായി, മിടുക്കനായി പെരുമാറണമെങ്കില്‍ അവന്റെ/അവളുടെ കണ്ണുകളില്‍ നോക്കി തന്നെ സംസാരിക്കുക എന്ന് സാരം. 

മുന്‍പ് നടത്തിയ പഠനങ്ങളില്‍, കുട്ടിയും അമ്മയും തമ്മില്‍  കണ്ണുകളിലൂടെയുള്ള ആശയവിനിമയം  ഇരുവരുടെയും ഹൃദയമിടിപ്പിന്റെ താളത്തില്‍ ഐക്ക്യമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ, ആദ്യമായാണ് തലച്ചോറിനെയും ഇത്തരത്തിലുള്ള ആശയവിനിമയം സ്വാധീനിക്കുമെന്നു കണ്ടെത്താനായത്. 

നാല്‍പ്പതോളം ശിശുക്കളിലും അവരുടെ അമ്മമാരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാംബ്രിഡ്ജ് സര്‍വകലാശാല ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന  വ്യതിയാനങ്ങള്‍ അളക്കാനായി ഗവേഷകര്‍ ഇലക്ട്രോ എന്‍സെഫലോഗ്രാഫിയുടെ സഹായമാണ് തേടിയത്.  അമ്മാരുടെയോ മറ്റ് മുതിര്‍ന്നവരുടെയോ കണ്ണുകള്‍ തങ്ങളുടെ കണ്ണുകളുമായി ഉടക്കുമ്പോള്‍ കുട്ടികള്‍ അവരുമായി ആശയവിനിമയം ചെയ്യാന്‍ കാര്യമായി ശ്രമിക്കുന്നതായാണ് ഗവേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. ഈ അവസരങ്ങളില്‍ കുട്ടികള്‍ എന്തെങ്കിലുമൊക്കെ ശബ്ദങ്ങള്‍ പുറപ്പെടിവിക്കുന്നതായും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. 

കുഞ്ഞും ഏതെങ്കിലും ഒരു മുതിര്‍ന്ന വ്യക്തിയും അമ്മയോ മറ്റാരെങ്കിലുമോ, പരസ്പരം കണ്ണുകളില്‍ നോക്കുമ്പോള്‍, മറ്റൊരാളുടെ സാന്നിധ്യവും തന്നോട് ആശയം കൈമാറാനുള്ള സന്നദ്ധതയും തിരിച്ചറിയുകയാണ് കുഞ്ഞ്. തദവസരത്തില്‍ കുഞ്ഞിന്റെയും മുതിര്‍ന്ന വ്യക്തിയുടെയും തലച്ചോറില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമായൊരു ആശയവിനിമയം ഇരുകൂട്ടര്‍ക്കുമിടയില്‍ സാധ്യമാക്കാന്‍ സഹായകമാകും-ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിക്ടോറിയ ലേഓങ്ങിന്റേതാണ് ഈ വാക്കുകള്‍. 

രണ്ടു മുതിര്‍ന്നവര്‍ തമ്മിലുള്ള ആശയവിനിമയവും കണ്ണുകളില്‍ നോക്കിയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാവും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന അതെ സിദ്ധാന്തം തന്നെയാണിത്. എങ്കിലും പിറന്നു വീഴുന്നത് മുതല്‍ എങ്ങനെയും മക്കളെ മിടുക്കികളും മിടുക്കന്മാരുമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഇക്കാലത്തെ മാതാപിതാക്കള്‍ക്ക്  ഈ എളിയ അറിവും ഒരു വലിയ കാര്യമാവും.