കുട്ടികളോട് കണ്ണില്‍ നോക്കി സംസാരിക്കാം

അച്ഛനമ്മമാരുമായി ഇടപഴകുമ്പോള്‍ പല തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ കുട്ടികളിലേക്ക് എത്തും. രക്ഷകര്‍ത്താക്കളുടെ അവലോകന ശേഷി മുതല്‍, വികാരങ്ങള്‍ വരെ ഇങ്ങനെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. അതേസമയം കേംബ്രിഡ്ജ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇത്തരം ഇടപഴകളുകള്‍ ഇരുവരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം പോലും ഒരേ പോലെയാകാന്‍ ഇടയാക്കുമെന്നാണ്. അതായത് നന്നായി പരസ്പരം ഇടപഴകുന്ന രക്ഷകര്‍ത്താക്കളുടുയും കുട്ടികളുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു പോലയായിരിക്കും എന്ന് ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

കേംബ്രിഡ്ജിലെ ബെബി ലിന്‍ക് ലാബിലെ ഗവേഷകരാണ് മുപ്പത്തി ആറ് പിഞ്ച് കുട്ടികളിലും രക്ഷകര്‍ത്താക്കളിലുമായി ഈ പഠനം നടത്തയത്. രക്ഷകര്‍ത്താക്കള്‍ അവരുടെ കുട്ടികള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടുന്നത് വിവിധ രീതികളില്‍ പരിശോധിച്ചായിരുന്നു പഠനം. ആദ്യഘട്ടത്തില്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്ത് കുട്ടികളെ അത് ടി.വി യില്‍ കാണിച്ചു. രണ്ടാമതായി കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷകര്‍ത്താക്കള്‍ പാട്ട് പാടി, എന്നാല്‍ ഇത്തവണ എപ്പോഴും കുട്ടിയെ നോക്കാതെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നോക്കിക്കൊണ്ടാണ് പാട്ട് പാടിയത്. മൂന്നാമത്തെ ഘട്ടത്തില്‍ കുട്ടികളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ പാട്ടുകള്‍ പാടി.

ഈ പഠനത്തിനൊടുവില്‍ കുട്ടികളുടെ കണ്ണില്‍ നോക്കി പാട്ട് പാടുമ്പോള്‍ അത് വഴി കുട്ടികളുടെ ശ്രദ്ധയെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുവെന്ന് ഗവേഷകര്‍ തിരിച്ചറിഞു. ഒപ്പം ഇങ്ങനെ പാട്ട് പാടിയപ്പോള്‍ കുട്ടികളുടെ തലച്ചോറില്‍ ഉണ്ടായ തരംഗങ്ങള്‍ രക്ഷകര്‍ത്താക്കളുടെ തലച്ചോറില്‍ ഉണ്ടായതിന് തുല്യമാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. അച്ഛനുമായും അമ്മയുമായും  വൈകാരിക ബന്ധം കുട്ടിക്ക് ഉണ്ടെന്നിരിക്കെ അവര്‍ കണ്ണിലേക്ക് നോക്കുമ്പോള്‍ തന്നോടെന്തോ ആശയവിനിമയം നടത്താന്‍ പോകുന്നു എന്ന ചിന്തയാണ് കുട്ടിക്ക് ഉണ്ടാകുക. ഇതാണ് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ സജീവമാക്കുകയും, തലച്ചോറിലെ തരംഗങ്ങളെ അച്ഛനമ്മാമാരുടെ പ്രവര്‍ത്തിയോട് ഏകോപിപ്പിക്കുകയും ചെയ്യുന്നത്.

അതേസമയം ഇരുകൂട്ടരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെ ഏകോപിക്കുന്നു എന്ന് ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്ത്വം നല്‍കിയ ഡോ വിക്ടോറിയ ലിയോങ്ങ് പറയുന്നു. ഏകോപനം ഉണ്ടാകുന്നു എന്നത് പരീക്ഷണത്തില്‍ നിന്ന് വ്യക്തമാണ്. ഇതിനുള്ള കാരണം കണ്ടെത്താന്‍ പക്ഷെ എളുപ്പത്തില്‍ സാദ്ധ്യമല്ലെന്നും ഈ ഗവേഷകര്‍ കരുതുന്നു. ഇതിനെ ടെലിപതിയെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് കൃത്യമായ ആശയം ഉള്‍ക്കൊള്ളാന്‍ കൊച്ചു കുട്ടികള്‍ക്ക് പോലും ഒരു പരിധി വരെ സാധിക്കും എന്നതിന്റെ തെളിവായി ഇതിനെ കാണുകയാണ് വേണ്ടതെന്നുമാണ് ഗവേഷകരുടെ നിലപാട്.

കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ രക്ഷകര്‍ത്താക്കങ്ങള്‍ക്ക് അവര്‍ പിഞ്ചു കുട്ടികളായിരിക്കെ തന്നെ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന പഠനത്തിലെ കണ്ടെത്തല്‍ രക്ഷാകര്‍ത്തക്കള്‍ക്ക് ഏറെ ഗുണം ചെയ്യും എന്ന് ഉറപ്പാണ്. ഒപ്പം കുട്ടികള്‍ എത്രത്തോളം വലിയ ശ്രദ്ധ രക്ഷകര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടുന്നു എന്നതിന് തെളിവും.