സൂപ്പർ അച്ഛനമ്മമാര്‍ ആകാൻ 8 സൂപ്പർ ടിപ്സ്! ‍

ഒരു സൂപ്പർ പേരന്റാണെന്ന് കേൾക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? ചിലരുടെ ജീവിതമെടുത്താൽ കാണാം വളരെ നല്ല അനുസരണയുള്ള കുട്ടികൾ, നല്ല സ്നേഹത്തോടേയും ബഹുമാനത്താേടയും പെരുമാറുന്ന കുടംബാംഗങ്ങൾ, കളിചിരി സന്തോഷങ്ങൾ നിറഞ്ഞവീട്. എന്നാലോ ചില വീടുകളുണ്ട് എപ്പോളും വഴക്കുണ്ടാക്കുന്ന കുട്ടികളും അടിപിടിയും ആകെ ബഹളവും അലമ്പുമായിരുക്കും അവിടെ. എന്താകാം ഇതിന്റെയൊക്കെ പിന്നിൽ എന്ന് ചിന്തിക്കാറുണ്ടോ നിങ്ങൾ? കുട്ടികളുമായി ബന്ധപ്പെട്ടുകിടക്കുന്ന സര്‍വ കാര്യങ്ങളും ലളിതമാണ്. എന്നാല്‍ ആ ലളിതമായ കാര്യങ്ങളില്‍ പലപ്പോഴും നമ്മുടെ കണ്ണുടക്കാത്തതാണ് സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം. കുട്ടികളെ വളർത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി നിസാര കാര്യങ്ങളുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഇതെല്ലാം കഴിഞ്ഞിട്ടുമതി ബാക്കി കാര്യങ്ങള്‍... ഓരോ മാതാപിതാക്കളും നല്ല അച്ഛനമ്മമാര്‍ ആകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. അവര്‍ക്കങ്ങ് വിട്ടു നല്‍കുക
അത് ചെയ്യരുത്, അവിടെപ്പോകരുത്, അങ്ങനെ ചെയ്യണം... തുടങ്ങി നിരവധി വിലക്കുകളാണ് കുട്ടികൾക്ക്. സ്വന്തം കുട്ടിയാണ്, അവന്റെ അല്ലെങ്കില്‍ അവളുടെ സുരക്ഷയെ ഓര്‍ത്ത് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകും, അത് സ്വാഭാവികമാണ്. എന്നാല്‍ അതിനായി എപ്പോഴും അവരുടെ പുറകേ നടക്കരുത്. ഒരു അതിര്‍ത്തി വരച്ച് അവരുടെ സ്വാതന്ത്ര്യം നല്‍കുക. അവരുടെ പാഷന്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന് അനുവദിക്കക‍, അതാണ് ഉത്തമം.

2. ചിറകരിയല്ലേ...
എന്തിന്റേയും അടിസ്ഥാനം സ്വാതന്ത്ര്യമാണ്. കുഞ്ഞുകുട്ടികളെ സംബന്ധിച്ചിടത്തോളം പരിധിയില്ലാത്ത സ്വാതന്ത്ര്യം സ്വര്‍ഗതുല്യവും. കളിപ്പാട്ടങ്ങള്‍ സ്വന്തമായി എടുക്കാനും കളികഴിഞ്ഞ് സൂക്ഷിച്ചു വെയ്ക്കാനും ഭക്ഷണം സ്വയം എടുക്കാനും ചിലപ്പോള്‍ പ്ലേറ്റ് കഴുകാന്‍ വരെ തീരെ ചെറുപ്പം തൊട്ട് ചിലര്‍ താൽപര്യപ്പെടും. അയ്യോ കുഞ്ഞല്ലേ എന്നുകരുതി അതൊന്നും തടയാന്‍ ചെല്ലരുത്. സ്വാതന്ത്ര്യബോധമുള്ള കുട്ടികളുടെ ലക്ഷണമാണ് അത്. വലുതാകുമ്പോള്‍ ആത്മവിശ്വാസം വർദ്ധിക്കാനും ഉത്തരവാദിത്തം കൂടാനും ഇത്തരം ശീലങ്ങള്‍ ഉപകരിക്കും. അതിന് കുട്ടികളെ പ്രാപ്തരാക്കുക. 

3. എന്തിനും പരിഹാരമോതരുത്
കുട്ടി എന്തു പ്രശ്‌നം പറഞ്ഞാലും അതിന് ഉടന്‍ പരിഹരാവുമായി ഓടുന്നത് നല്ലതല്ല. സ്വന്തമായി പരിഹാരങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ ശീലിപ്പിക്കുക. നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വാശിപിടിച്ച് കരഞ്ഞേക്കാം. എന്നാല്‍ അമ്മയോ അച്ഛനോ മൈന്‍ഡ് ചെയ്യില്ല എന്നു കണ്ടാല്‍ ചില ചെറിയ പ്രശ്‌നങ്ങള്‍ക്ക് അവര്‍ തന്നെ സ്വയം പരിഹാരം കണ്ടെത്തുന്നതിന് തുനിയും. അത് വലുതാകുമ്പോള്‍ കുട്ടിയിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. 

4. അച്ചടക്കം ശിക്ഷയല്ല കേട്ടോ
കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്തണം എന്നതിൽ സംശയമൊന്നുമില്ല. എന്നാല്‍ അച്ചടക്കത്തിന് ഒരു ശിക്ഷയുടെ സ്വഭാവം അരുത്. അത് നെഗറ്റീവ് ഫലമുണ്ടാകും. പല സിനിമകളിലും കടുത്ത ചിട്ടയില്‍ കുട്ടികളെ വളര്‍ത്തുന്നതു കണ്ടിട്ടില്ലേ, ശുദ്ധ മണ്ടത്തരമാണത്. ഒരു ദിവസം രാവിലെ എണീക്കാന്‍ വൈകി എന്നെല്ലാം പറഞ്ഞ് കുട്ടികളെ പൊതിരെ തല്ലുന്നവരുണ്ട്. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനാണെന്ന ന്യായം പറഞ്ഞാണത്. അതിന്റെയെല്ലാം ദുഷ്ഫലം അവന്‍ വലുതാകുമ്പോഴാണ് ലഭിക്കുക. മറിച്ച് എങ്ങനെ പെരുമാറം എന്ന് അവന് മാതൃക കാണിക്കുക. 

5. ഒന്ന് കളിച്ചൂകൂടെ അവരോടൊപ്പം
എന്ത് കളിയായാലും അവനോ അവളോ തെരഞ്ഞെടുക്കട്ടെ. നിങ്ങള്‍ അവരോടൊത്ത് സ്ഥിരം കളിക്കുന്ന ശീലമുണ്ടാക്കുക. അതിന് നഷ്ടപ്പെടുന്ന സമയത്തെക്കുറിച്ചൊന്നും ഒരു വേവലാതിയും വേണ്ട.

6. ഒപ്പമിരുന്ന് പുസ്തകം വായിക്കുക
ജനിച്ചു വീഴുമ്പോൾത്തൊട്ട് കുട്ടികള്‍ക്ക് അച്ഛനമ്മമാരുടെ ശബ്ദം കേള്‍ക്കാന്‍ വല്ല്യ ഇഷ്ടമാണ്. നല്ല പുസ്തകങ്ങള്‍ അവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവരോടൊപ്പം ഇരുന്ന് വായിക്കുക. അത് അവരുടെ ജീവിതരീതി തന്നെ മാറ്റിമറിക്കും.

7. അച്ഛന്‍മാരുടെ ശ്രദ്ധയ്ക്ക്
നിര്‍ബന്ധമായും അച്ഛൻ കുട്ടികള്‍ക്കൊപ്പം എന്നും കുറച്ച് സമയം ചിലവഴിക്കണം, ഇത് വളരെ പ്രധാനമാണ്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അച്ഛനോടൊപ്പം സ്ഥിരമായി വിവിധ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ സ്‌കൂളില്‍ മികച്ച രീതിയില്‍ പെരുമാറുന്നുവെന്നാണ്. ഇതുമൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാനും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും അവര്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം ലഭിക്കും.

8. ഭക്ഷണത്തിനു മേല്‍ യുദ്ധമരുത്
തീന്‍മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം, കുട്ടികള്‍ മുഴുവന്‍ കഴിക്കാതെ മതിയാക്കി പോകുമ്പോള്‍ അവരോട് മല്ലിടുന്ന മാതാപിതാക്കള്‍. സിനിമകളിലെ വരെ സ്ഥിരം സീനാണ് ഇത്. എന്നാല്‍ ഇതിന്റെ പേരില്‍ വെറുതെ അവരോട് വഴക്കിടാന്‍ പോകരുത്. പ്ലേറ്റില്‍ ഭക്ഷണം ബാക്കിവെച്ച് കുട്ടികള്‍ എണീറ്റു പോകുമ്പോള്‍ വഴക്കുണ്ടാക്കരുത്. ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭക്ഷണം പാഴാക്കുന്ന ദുശീലത്തെക്കുറിച്ചും സാവധാനത്തിൽ അവരെ പറഞ്ഞുമനസിലാക്കാം.