കുട്ടികളുടെ ജീവന് ഭീഷണിയുമായി മോമൊ, മാതാപിതാക്കളെ ജാഗ്രതൈ! | Effects of Momo Games on Children | Parenting

കുട്ടികളുടെ ജീവന് ഭീഷണിയുമായി മോമൊ, മാതാപിതാക്കളെ ജാഗ്രതൈ!

നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ എന്ന ഗെയിമിന്റെ ക്ഷീണം പലനാടുകളിൽ നിന്നും മാറിവരുന്നതേയുള്ളൂ. ബ്ലൂവെയിൽ കളിച്ച്, അപകടത്തിൽപ്പെട്ടവരും മരണം വരിച്ചവരും നിരവധിയാണ്. ഏറെ ബുദ്ധിമുട്ടിയെങ്കിലും ആ കൊലയാളികളിയെ തുടച്ചു നീക്കാൻ ഒരു പരിധി വരെ സാധിച്ചു എന്ന ആശ്വാസത്തിലാണ്‌ പല രാജ്യങ്ങളും അധികൃതരും. എന്നാൽ ആശ്വസിക്കാൻ സമയമായിട്ടില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പക്ഷേ, ഇവിടെ വില്ലൻ ബ്ലൂവെയിൽ അല്ലെങ്കിലും സമാന സ്വഭാവവും രീതിയും തന്നെയാണ് പുതിയ കളിക്കും. വാട്സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.

രൂപത്തിലും ഭാവത്തിലും ഒരു പ്രേതത്തിന്റെ പോലെയാണ് മോമൊ എന്ന കളിയിലെ കഥാപാത്രം. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ടാണ് കളിയാരംഭിക്കുന്നത്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുന്നതിനൊപ്പം രാത്രിയിൽ പേടിസ്വപ്നങ്ങൾ കാണുന്നതിലേക്ക് വഴിവെക്കുമെന്നും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പലരും ഈ ഗെയിം കളിക്കുന്നതിന്റെ വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂവെയിൽ പോലെ തന്നെ ഇതും അപകടകരമായ അവസ്ഥകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ വാക്കുകൾ. ഇരയാക്കപ്പെട്ടവന് നേരെയുള്ള ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊണ്ടാണ് ഗെയിം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വരുമ്പോൾ മോമൊ ഭീഷണി ആരംഭിക്കുന്നത്. എല്ലാ ഭാഷയിലും മോമൊ മറുപടി നൽകും. എന്നാൽ സന്ദേശങ്ങൾ അയക്കുന്ന നമ്പർ ജപ്പാനിൽ നിന്നുമാണ്.

ഓൺലൈനിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾ എപ്പോഴും നിരീക്ഷിക്കുകയും അധികസമയം ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കുകയും ചെയ്യുക എന്നതാണ് കൊലയാളികളിക്കെതിരെ സ്വീകരിക്കാൻ കഴിയുന്ന ആദ്യനടപടി. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കുഞ്ഞുങ്ങളുടെ ശേഷിയെ നശിപ്പിക്കുന്നതിൽ ഓൺലൈൻ കളികൾക്കുള്ള പങ്കുചെറുതല്ല. അതുകൊണ്ടു തന്നെ ഇത്തരം കളികളിൽ നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നതും വിലക്കുന്നതും കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.