കുട്ടികളെ

കുട്ടികളെ അനുസരണ പഠിപ്പിക്കാൻ ഇങ്ങനെ ശിക്ഷിക്കണോ?

ലക്ഷ്മി നാരായണൻ

കുട്ടികൾ അമിതമായി വാശി കാണിക്കുന്നു, മാതാപിതാക്കൾ പറയുന്നത് അനുസരിക്കുന്നില്ല, കാർട്ടൂണിനും മൊബൈലിനുമൊക്കെ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നു, മുതിർന്നവരോട് തർക്കുത്തരം പറയുന്നു, ഭക്ഷണം പാഴാക്കുന്നു, കൃത്യനിഷ്ഠയില്ലാതെ കാര്യങ്ങൾ ചെയ്യുന്നു തുടങ്ങി... ഉപദേശിച്ച് ഉപദേശിച്ച് അടിയിൽ വന്നെത്തുന്ന വിധത്തിൽ കാര്യങ്ങൾ നിരവധിയാണ്. കുട്ടികൾ അൽപസ്വൽപം അനുസരണക്കേട് കാണിക്കുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിൽ സ്വഭാവവൈകല്യങ്ങൾ കാണിക്കുമ്പോൾ തിരുത്തൽ നടപടിയുടെ ഭാഗമായി ആദ്യം കയ്യിലെടുക്കുന്നത് തല്ലാനുള്ള വടിയാണെങ്കിൽ രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് മനസിലാക്കി കൊടുക്കുകയും തെറ്റായ പ്രവർത്തികളിൽ നിന്നും പിന്തിരിയാനുള്ള സാഹചര്യം ഒരുക്കി നൽകുകയുമാണ് വേണ്ടത്.

1.ആദ്യം അച്ചടക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപം കുട്ടികളോട് പറയാം. വീട്ടിൽ ഒരു 'കുടുംബ അച്ചടക്ക നിയമാവലി' കുട്ടികൾക്കായി ഉണ്ടാക്കാം. അതനുസരിച്ച് ജീവിക്കാൻ വീട്ടിലെ ഓരോ അംഗവും തയ്യറാകുക. മാതാപിതാക്കൾ തന്നെ ഇക്കാര്യത്തിൽ മാതൃകയാകുക

2. തെറ്റുകൾ കാണിച്ചാൽ ശിക്ഷ ഉറപ്പാണെന്ന് മുൻകൂട്ടി പറയുക.. പഠനം പൂർത്തിയാകാതെ ടിവി കാണിക്കില്ല, കളിയ്ക്കാൻ വിടില്ല തുടങ്ങിയ രീതിയിലുള്ള ശിക്ഷ നടപടികൾ തുടക്കത്തിൽ സ്വീകരിക്കാം. ശരീരം നോവുന്ന ശിക്ഷ തന്നെ വേണമെന്ന ചിന്ത വേണ്ട.

3. നല്ല പെരുമാറ്റങ്ങൾക്ക് പാരിതോഷികങ്ങൾ കൊടുക്കാം. കുട്ടികൾ കുസൃതി കാണിക്കുമെങ്കിലും എല്ലായിപ്പോഴും പ്രശ്നക്കാരാകണമെന്നില്ല. പൊതുവെ പ്രശ്നക്കാരായ കുട്ടികൾ ആണെങ്കിൽ അവർ ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് അവരെ അനുമോദിക്കുക. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും സമാനമായ പ്രവർത്തികൾ ആവർത്തിക്കുന്നതിനു പ്രോത്സാഹനമാകുകയും ചെയ്യും

4. തല്ലുക, പിച്ചുക തുടങ്ങിയ ശിക്ഷ മുറകൾ മാത്രം മാറ്റിവെക്കുക. ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയർത്താതെ തന്നെ ശാസനകൾ കൊടുക്കാം. കാര്യങ്ങൾ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറഞ്ഞു മനസിലാക്കുക. താൻ ചെയ്ത കുറ്റം ബോധ്യപ്പെടുത്താതെ എടുത്ത കൈക്ക് അടി എന്ന രീതി ഗുണകരമാവില്ല.

5 കുട്ടികൾക്കുള്ള ഏറ്റവും വലിയശിക്ഷ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നിഷേധിക്കുന്നതാണ്. ഉദാഹരണമായി ടിവി, മൊബൈൽ എന്നിവ ഒഴിവാക്കുക, കളിയ്ക്കാൻ വിടാതിരിക്കുക തുടങ്ങിയവ. അതിനാൽ കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു ശിക്ഷകളും വിധിക്കാം. തെറ്റുകൾ ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂട്ടാം.

6 .ശിക്ഷാ രീതികളിൽ വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് "ടൈം ഔട്ട്". അതായത് ഒരു തെറ്റു ചെയ്താൽ, ഉദാഹരണത്തിന്, അനിയത്തിയുമായി അനാവശ്യമായി വഴക്കിട്ട ചേട്ടന്, അര മണിക്കൂർ "ടൈം ഔട്ട്" കൊടുക്കാം. "ടൈം ഔട്ട്" എന്നാൽ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു മൂലയിൽ ഇരിക്കുന്നതാണ്. നിസാരമായി തോന്നാമെങ്കിലും, കുട്ടികൾക്ക് അര മണിക്കൂർ ഒന്നും ചെയ്യാതെ ഇരിക്കുക എന്നാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.