കുട്ടിയെ ഇംഗ്ലീഷില്‍ മിടുക്കനാക്കാം; ഇതാ മാര്‍ഗം

ഇന്ന് മിക്ക രക്ഷിതാക്കളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ ആണ് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്നത്. ഉറുമ്പിനെപ്പോലെ തങ്ങളേക്കാള്‍ ഭാരമുള്ള ബാഗുകളും ചുമന്നു കുഞ്ഞുങ്ങള്‍ ബൈ പറഞ്ഞു സ്‌കൂള്‍ ബസ്സിലേക്ക്  കയറുമ്പോള്‍ അവര്‍ എവിടെയെങ്കിലും ഒക്കെ എത്തും എന്ന ഒരു ആത്മവിശ്വാസം മിക്ക രക്ഷിതാക്കള്‍ക്കും ഉണ്ടാവാറുണ്ട്. 

പക്ഷെ പലപ്പോഴും രാവിലെ മുതല്‍ വൈകീട്ട് വരെ സ്‌കൂളില്‍ പഠിപ്പിക്കുന്നതും അതുകഴിഞ്ഞു വീട്ടില്‍ വന്നു മനഃപാഠമാക്കുന്നതും സത്യത്തില്‍ എന്താണെന്നറിയാതെ വിഷമിക്കുന്നുണ്ടു കുഞ്ഞുങ്ങള്‍ എന്നതാണ് സത്യം. സായിപ്പിന്റെ ഭാഷയാണ് പലപ്പോഴും ഇവിടെ വില്ലനാകുന്നത്.  ചെറുപ്പത്തിലേ ഇംഗ്ലീഷില്‍ ഉള്ള നല്ല പുസ്തകങ്ങള്‍ വായിക്കുന്ന ശീലം മറ്റു വിഷയങ്ങള്‍ പഠിക്കുന്നത് എളുപ്പമാക്കാനും ഭാഷയില്‍ നല്ല പ്രാവീണ്യം ഉണ്ടാക്കാനും കുട്ടികളെ സഹായിക്കും. കുട്ടികള്‍ക്ക്(ഒരല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക്) വായിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ചില ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആണ് ചുവടെ പരിചയപ്പെടുത്തുന്നത്. 

1. ചാല്‍ലറ്റെസ് വെബ്
  ഏതു പ്രായത്തിലുള്ള ആളുകള്‍ക്കും വായിക്കാന്‍ കൊള്ളാവുന്ന സുന്ദരമായൊരു നോവല്‍ ആണ് ഇത്. ഇംഗ്ലീഷ് മാതൃഭാഷയായുള്ള കുട്ടികളെ ഉദ്ദേശിച്ചു രചിക്കപ്പെട്ട ഈ പുസ്തകം തങ്ങളുടെ എക്കാലത്തെയും പ്രിയപെട്ട പുസ്തകമാണെന്നു പറയുന്ന ധാരാളം മുതിര്‍ന്നവരുണ്ട്. ലോകത്തിന്റെ പലഭാഗത്തുള്ള സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ പുസ്തകമാണിത്.

2  മീക്കോ ആന്‍ഡ് ദി ഫിഫ്ത് ട്രെഷര്‍ 
അത്രയൊന്നും ലോകശ്രദ്ധയാകര്‍ഷിച്ച പുസ്തകമല്ല ഇത്. ഒരുപാട് പേജുകള്‍ ഒന്നും വായിക്കേണ്ടതില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെറും 77 പേജുകള്‍ മാത്രമേ ഉള്ളു എന്നതിനാല്‍ ഏതു കുട്ടിക്കും എളുപ്പം വായിച്ചു തീര്‍ക്കാം ഈ പുസ്തകം. ജപ്പാന്‍ എന്ന രാജ്യത്തെക്കുറിച്ചും അവിടുത്തെ സംസ്‌കാരികമായ സവിശേഷതകളെ കുറിച്ചും മനസിലാക്കാനും ഈ പുസ്തകം കുട്ടികളെ സഹായിക്കും. ഇംഗ്ലീഷ് സ്വായത്തമാക്കാനും.

3 ദി ഔട്ട്‌സൈഡേഴ്‌സ് 
ഭാഷ നന്നാക്കാന്‍ ഏറെ സഹായകരമായ ഒരു പുസ്തകം. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകം കൂടിയാണിത്. ചെറിയ വാക്യങ്ങളും എളുപ്പം മനിസിലാക്കാന്‍ സഹായിക്കുന്ന വാക്കുകളും പുസ്തകത്തെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങള്‍ ആണ്. 

4  തേര്‍ട്ടീന്‍ റീസണ്‍സ് വൈ 
വളരെ ലളിതമായ ഒരു പുസ്തകമാണ് തേര്‍ട്ടീന്‍ റീസണ്‍സ് വൈ. പല പുരസ്‌കാരങ്ങളും നേടിയ ഈ ഗ്രന്ഥം ന്യൂയോര്‍ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. ചില ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ലൈറ്റ് റീഡ് അല്ല. 

5 പീറ്റര്‍ പാന്‍
പീറ്റര്‍ പാന്‍ പലര്‍ക്കും പരിചിതനായ ഒരു കഥാപാത്രമാണ്.  ഒരു കഥാപാത്രത്തെയോ കഥയെയോ മുന്‍പേ അറിയുമ്പോള്‍ ആ പുസ്തകത്തോടുള്ള താല്‍പ്പര്യം കൂടുമല്ലോ. കുട്ടികളെ ഉദ്ദേശിച്ചു രചിക്കപ്പെട്ടതെങ്കിലും ഈ പുസ്തകവും പല മുതിര്‍ന്നവരുടെയും പ്രിയപുസ്തകമാണ്. 

6 ഓള്‍ഡ് മാന്‍് ആന്‍ഡ് ദി സീ
ഹെമിങ് വേ രചിച്ച ലോകപ്രസിദ്ധമായ ക്ലാസിക്. ചിലയിടങ്ങളില്‍ ഭാഷ ഒരല്‍പ്പം കടുപ്പമുള്ളതാണ് എങ്കിലും ഈ പുസ്തകത്തിനുള്ള ഒരു കുഴപ്പം. അതേസമയം ഒരുപാട് പേജുകള്‍ ഒന്നും ഇല്ലാത്ത ചെറിയ പുസ്തകം എന്ന  ഗുണവുമുണ്ട്.