നേരത്തെ ഉറങ്ങാൻ പറയുന്നത് ഇതുകൊണ്ടാണ്!

ഉറക്കത്തിന് ജീവിതത്തിൽ‌ വളരെ സ്ഥാനമുണ്ടെന്ന് അറിയാമല്ലോ. പ്രത്യേകിച്ച് കുട്ടികൾക്ക്. പകലത്തെ ക്ഷീണം അകറ്റി നമ്മുടെ മനസ്സും ശരീരവും റീചാർജ് ചെയ്യുന്ന സമയമാണ് ഉറക്കം. എന്നാൽ ആവശ്യത്തിന് ഉറക്കം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ?. ടിവി കാണലും വിഡിയോ ഗെയിമും ഒക്കെ കഴിഞ്ഞ് ഒരു നേരത്താകും അവരുടെ ഉറക്കം. ഫോണിലും സോഷ്യൽ മീഡിയയിലും മുഴുകിയിരിക്കുന്ന മാതാപിതാക്കളിൽ പലരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. കുട്ടികളിലെ ഉറക്കക്കുറവ് അവരുടെ സ്കൂളിലെ പെർഫോമൻസിനേയും പഠനത്തേയുമൊക്കെ ദോഷകരമായി ബാധിക്കും.

കുട്ടികളിലെ ഉറക്കക്കുറവിനെ കുറിച്ച് നോർവെയിൽ നടത്തിയ ഒരു പഠനം ശ്രദ്ധേയമാണ്. 7,700 കൗമാരക്കാർക്കിടയിലാണ് വ്യത്യസ്തമായ ഈ പഠനം നടന്നത്. അതിൻപ്രകാരം 10 മണിക്കും 11 മണിക്കും ഇടയിൽ ഉറങ്ങുന്ന കുട്ടികൾ ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. എന്നാൽ രാത്രി 11 മണിക്ക് ശേഷം ഉറങ്ങുന്ന കുട്ടികളുടെ മാർക്കും ഗ്രേഡും വളരെ കുറവായും പഠനം കണ്ടെത്തി. അതായത് ശരിയായ ഉറക്കത്തിന് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ജീവിതവിജയത്തെയും തന്നെ നിയന്ത്രിക്കാനാകും. ഉറക്കത്തിന്റെ സമയവും നല്ല ഉറക്കവും അവരുടെ ഓർമശക്തിക്കും ഗുണകരമാണത്രേ.

നല്ല ഉറക്കത്തിന് ഇതാ ചില വഴികൾ

1. ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാപ്പിയും ചായയും രാത്രി കുടിക്കരുത്. ചെറുചൂട് പാൽ കുടിക്കാം.
2.വ്യായാമം സ്ഥിരമായി ചെയ്യുക, അത് രാവിലെ തന്നെ ചെയ്യാൻ ശീലമാക്കുക. വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെയ്യാൻ ശ്രദ്ധിക്കുക.
3. ഉറങ്ങുന്നതിന് ഒരു മണിക്കൂറിന് മുൻപു മാത്രം ടിവി, കമ്പ്യൂട്ടർ ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുക. എന്നാൽ പുസ്തക വായന ഉറക്കത്തിന് ദോഷകരമല്ല.
4.ഉറക്കത്തിന് കൃത്യ സമയം പാലിക്കുക കുട്ടികൾക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ശരിയായ ഉറക്കം കിട്ടേണ്ടതുണ്ട്.
5. ഉറക്കത്തിന് യോജിച്ച അന്തരീക്ഷം മുറിയിലൊരുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കുക.