അമീറയുമൊത്ത് ദുൽഖറിന്റെ തകർപ്പൻ ഡാന്‍സ്; വിഡിയോ

സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഒരു കുഞ്ഞ് സുന്ദരിയെയാണ്. ഇത് മറിയം അമീറ സൽമാൻ, ദുൽഖർ സൽമാന്റെ രാജകുമാരി.

ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും ആരാധകർക്ക്. ഒരു പക്ഷേ കഴിഞ്ഞ വർഷം ആരാധകർ ഏറ്റവുമധികം ഓമനിച്ചത് ഈ കുഞ്ഞ് സുന്ദരിയെയാണ് എന്ന് പറയാതെ വയ്യ. എന്തിനേറെ പറയുന്നു, മറിയത്തിനെ ഒരുനോക്കു കാണാൻ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിൽ കയറിയിറങ്ങിയവരാണ് ഭൂരിഭാഗം മലയാളികളും.

ഇപ്പോഴിതാ ദുൽഖറിന്റെ കുഞ്ഞുമാലാഖയുടെ ഓമനിക്കുന്ന മുഖം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അമ്മ മഴവിൽ ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ദുൽഖറിന്റെ പത്നി അമാലിനൊപ്പം എത്തിയതായിരുന്നു മറിയം. അവിടെ ദുല്‍ഖറിനോപ്പം കുഞ്ഞു മറിയവും ഫോട്ടോക്ക് പോസ്സ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി ഡി.ക്യൂ ആരാധകരിലേക്കെത്തിയത്. മകളെയുമെടുത്തുകൊണ്ട് പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ദുൽഖറിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകൾ മറിയവും സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പക്ഷം. മറിയത്തിനോടുള്ള ആരാധകരുടെ ഇഷ്ടങ്ങൾ ലൈക്കുകളായും ഷെയറുകളായും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്.

കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു "ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു."