അനുകരണത്തിൽ ഇവളെ വെല്ലാൻ ആരുണ്ട്?

ലക്ഷ്മി നാരായണൻ 

ഇപ്പോൾ ഡബ്‌സ്മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ അനുകരണം ഹോബിയാക്കി മാറ്റിയിരിക്കുകയാണല്ലോ മലയാളികൾ. പ്രായഭേദമെന്യേ സിനിമയിലെ കലക്കൻ സീനുകൾക്കൊത്ത് ആളുകൾ അഭിനയിക്കുകയാണ്. അപ്പോഴതാ.. ഡബ്‌സ്മാഷ്, മ്യൂസിക്കലി ബഹളങ്ങൾക്കിടയിൽ ഒരു കൊച്ചു താരം. ദിയ ജരാർ. അഞ്ചു  വയസ്സാണ് കക്ഷിയുടെ പ്രായം. എന്നാൽ 200  ൽ അധികം ഡബ്‌സ്മാഷ്, മ്യൂസിക്കലി വീഡിയോകൾ കക്ഷി ചെയ്തു കഴിഞ്ഞു. 

ഫെസ്‌ബുക്കിൽ സ്വന്തമായി പേജുള്ള  ദിയ ജരാർ ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. തിരുവനന്തപുരം സ്വദേശികളായ അനശ്വര - ജരാർ ദമ്പതികളുടെ ഏക മകളാണ് ദിയ. സൗദിയിൽ സ്ഥിരതാമസമാക്കിയ ഇവർ, ഇത്തവണത്തെ അവധിക്കാലത്തിന്റെ തുടക്കത്തിലാണ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. അച്ഛൻ ജോലിക്ക് പോയ ശേഷം അമ്മയും മകളും വീട്ടിൽ തനിച്ചായപ്പോൾ ഒരു രസത്തിന് വേണ്ടി തുടങ്ങിയതാണ് ഡബ്‌സ്മാഷിലെ അഭിനയം. 

ആദ്യമായി ചെയ്തത് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിന്റെ വീഡിയോ ആയിരുന്നു. 'അമ്മ ഒരു തവണ പറഞ്ഞു കൊടുത്തപ്പോൾ തന്നെ മിടുക്കിയായി അഭിനയിച്ചു തകർത്തു ദിയ. ആ വീഡിയോ കണ്ട എല്ലാവരും ദിയയെ അഭിനന്ദിച്ചു. അതോടെ ആത്മവിശ്വാസമായി. പിന്നീട് അമ്മയും മകളും ചേർന്ന് നിരവധി വീഡിയോകൾ നിർമിച്ചു. ഇന്ന് ഡബ്‌സ്മാഷിലും മ്യൂസിക്കലിയിലും നിരവധി ആരാധകരുണ്ട് ദിയക്ക്.

അഭിനയിക്കുന്ന കാര്യത്തിൽ ആളൊരു മിടുക്കിയാണ്. മോഹൻലാലും, ജഗതിയും, നിവിൻ പോളിയുമെല്ലാം തകർത്തഭിനയിച്ച സിനിമാഭാഗങ്ങൾ നിഷ്പ്രയാസമാണ് കക്ഷി അഭിനയിച്ച് ഫലിപ്പിക്കുന്നത്. ഇപ്പോൾ അവധിയാഘോഷിക്കാൻ കേരളത്തിൽ എത്തിയപ്പോഴാണ് യഥാർത്ഥത്തിൽ മലയാള സിനിമയെയും താരങ്ങളെയും ദിയ കൂടുതൽ അടുത്തറിയുന്നത്. 

ഫെസ്‌ബുക്കിൽ താരമായതോടെ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമൊക്കെയായി അവസരങ്ങൾ ഈ കുഞ്ഞു താരത്തെ എത്തി നോക്കുന്നുണ്ട്. അഭിനയം ഏറെ ഇഷ്ടമാണ് എന്നാൽ തനിക്ക് പഠിച്ചൊരു ഡോക്ടർ ആകണം എന്നാണ് ഈ കുഞ്ഞു താരം പറയുന്നത്. മകളുടെ അഭിനയ മോഹത്തിന് അമ്മയും അച്ഛനും എതിരല്ല, എന്നാൽ ദിയ പറയുന്ന പോലെ പഠനത്തിന് തന്നെ പ്രാമുഖ്യം.