എനിച്ച് പൃഥ്വിരാജ് അങ്കിളിനെയാ ഇഷ്ടം; മൂന്നുവയസ്സുകാരി ഡബ്‌സ്മാഷ് റാണിയുടെ കൂടുതൽ വിശേഷങ്ങൾ 

ലക്ഷ്മി നാരായണൻ 

കഴിഞ്ഞ ഏതാനും ദിവസങ്ങങ്ങൾക്കുള്ളിൽ  സോഷ്യൽ മീഡിയിലെ താരമായി മാറിയ കുഞ്ഞു മിടുക്കിയാണ് ശ്രീ പാർവതി എന്ന പാറൂട്ടി. കമൽ സംവിധാനം ചെയ്ത പൂക്കളം വരവായി എന്ന ചിത്രത്തിലെ ബേബി ശാമിലി കഥാപാത്രം ഗീതുമോളായുള്ള പാറൂട്ടിയുടെ ഭാവപ്പകർച്ച ജനങ്ങൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പാറൂട്ടി കാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് ഗീതുമോൾ ആയി ജീവിക്കുകയാണ് എന്ന് വരെ ആരാധകർ പറഞ്ഞു. 

മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കി ധാരാളം ഡബ്‌സ്മാഷ്  വീഡിയോകൾ ചെയ്തിട്ടുണ്ട്. സ്മൂളിൽ പാടുകയും രണ്ടു ഷോർട്ട്ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്ത ഈ കൊച്ചു മിടുക്കിക്ക് കാമറകാണുമ്പോൾ ബഹു സന്തോഷം. അഭിനയിക്കാൻ മടിയോ നാണമോ ഇല്ല. ആക്ഷൻ പറഞ്ഞാൽ ഉടൻ കക്ഷി ആക്ടീവാണ്. ഡബ്‌സ്മാഷുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പാറൂട്ടിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്....

കോഴിക്കോടിനടുത്ത് നാദാപുരം സ്വദേശികളായ പ്രസാദിന്റെയും ഭാര്യ സിൻഷയുടെയും ഏക മകളാണ് മൂന്നു വയസ്സുകാരി ശ്രീപാർവ്വതി. അച്ഛനും കൊച്ചച്ചൻ പ്രസിനും ഫോട്ടോഗ്രാഫി, ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഇവർ തന്നെയാണ് പാറൂട്ടിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരിയെ പുറത്തുകൊണ്ടു വന്നത്. ചെറുപ്പം മുതൽക്കേ കാമറ കണ്ടു ശീലിച്ചതുകൊണ്ട്, കാമറയ്ക്ക് മുന്നിൽ നിന്നും വാതോരാതെ വർത്തമാനം പറയാനും കളിക്കാനും ചിരിക്കാനും അഭിനയിക്കാനും ഒക്കെ പാറൂട്ടിക്ക് വലിയ സന്തോഷമാണ്. 

അച്ഛനും അമ്മയ്ക്കും പുറമെ അമ്മൂമ്മയും അപ്പൂപ്പനും അച്ഛന്റെ സഹോദരന്മാരും ഒക്കെയായി ആകെ ആളും ബഹളവും ഉള്ള, ചിരികളികളുള്ള ഒരു അന്തരീക്ഷത്തിൽ നിന്നാണ് പാറൂട്ടിയുടെ വരവ്. അതുകൊണ്ടു തന്നെ ഈ കുരുന്നിനെ പ്രോത്സാഹിപ്പിക്കാനും വീട്ടിൽ ആളുകൾ നിരവധി. ന്യൂജെൻ കുട്ടികൾ എല്ലാവരും ചെയ്യുന്നത് പോലെ തന്നെ, യുട്യൂബിൽ നോക്കി വീഡിയോകൾ കാണുകയാണ് കുഞ്ഞു പാർവതിയുടെ പ്രിയ വിനോദം.  ''ഡബ്‌സ്മാഷ് വീഡിയോകളും സ്മൂളിലെ പാട്ടുകളും ഒക്കെ വാവ സ്ഥിരം കാണും. അങ്ങനെ, പതിയെ പതിയെ അവൾ

ഡബ്‌സ്മാഷിലെ ഡയലോഗുകൾ അനുകരിക്കാൻ തുടങ്ങി. അപ്പോഴാണ്, കുഞ്ഞിന് അങ്ങനെയൊരു അനുകരണ ശീലം, അല്ലെങ്കിൽ അഭിനയിക്കാനുള്ള താല്പര്യം ഉണ്ട് എന്ന് മനസിലാക്കുന്നത്. ഉടനെ ചില ഡബ്‌സ്മാഷുകൾ  അവളെ കൊണ്ട് ചെയ്യിച്ചു നോക്കി, മുതിർന്ന ആളുകൾ ചെയ്യുന്ന പെർഫെക്ഷനോടെ തന്നെ അവൾ അത് ചെയ്യുന്നത് കണ്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി '' പാറൂട്ടിയുടെ 'അമ്മ സിൻഷ പറയുന്നു.  

പാറൂട്ടിയുടെ കുസൃതികൾക്കും നേരമ്പോക്കുകൾക്കും ഡബ്‌സ്മാഷ് അഭിനയത്തിനും ഒക്കെ കൂട്ട് അച്ഛൻ പ്രസാദും കൊച്ചച്ചൻ പ്രസിനുമാണ്. തന്റെ വീഡിയോകൾ  സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും അതിനു ലഭിക്കുന്ന കമന്റുകൾ കാണുകയും ചെയ്യുമ്പോൾ കുഞ്ഞു പാർവതിക്ക് ബഹു സന്തോഷം..  

സിനിമകൾ കാണാൻ ഏറെ ഇഷ്ടമുള്ള പാറൂട്ടിക്ക് പൃഥ്വിരാജിനെയും ജയസൂര്യയെയും കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. ''എനിച്ച്  പൃഥ്വിരാജ് അങ്കിളിനെയാ ഇഷ്ടം'' എന്ന് പാറൂട്ടി കൊഞ്ചിക്കൊണ്ട് പറയുമ്പോൾ സാക്ഷാൽ പൃഥ്വിരാജിനു  പോലും  ആ സ്നേഹം കണ്ടില്ലെന്നു നടിക്കാനാവില്ല. പൃഥ്വി അങ്കിൾ കഴിഞ്ഞാൽ പിന്നെ കക്ഷിക്ക് ഇഷ്ടം ജയസൂര്യ അങ്കിളോടാണ്. ഷാജിപ്പാപ്പന്റെ കാര്യം പറയുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ നക്ഷത്ര തിളക്കം.  

അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ശ്രീപാർവതിയിലെ പ്രതിഭ. സ്മൂളിലെ നല്ല ഒന്നാന്തരം പാട്ടുകാരിയാണ് കക്ഷി. മലയാളം, തമിഴ് ഗാനങ്ങൾ അനായാസം പാടും. പട്ടു പഠിപ്പിക്കുന്നത് ആരാണ് എന്ന് ചോദിച്ചാൽ ഉടനെ പാൽ പുഞ്ചിരിയോടെ കൊച്ചച്ചൻ പ്രിസിനെ ചൂണ്ടി കാണിക്കും. കക്ഷിയാണ് പാറൂട്ടിയുടെ സൂപ്പർ ഹീറോ. പാറൂട്ടി അഭിനയിച്ച രണ്ടു ഷോർട്ട്ഫിലിമുകൾ റിലീസ് ആവാൻ ഇരിക്കുകയാണ്. ഈ വർഷം അംഗനവാടിയിൽ പോകാൻ ഒരുങ്ങുകയാണ് പാറൂട്ടി. 

നീ എന്തിനാടാ ചക്കരെ അച്ഛന്‍ പട്ടത്തിനു പോയത് " കൊച്ചു മിടുക്കി ചോദിക്കുന്നു