സിവക്കുട്ടിയുടെ മുടിയൊരുക്കി ധോണി

സിവയ്ക്കൊപ്പം പങ്കിടാൻ പറ്റുന്ന ഒരവസരവും ധോണി പാഴാക്കാറില്ല. മാത്രവുമല്ല സിവയുടെ ഓരോ കുഞ്ഞു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് ധോണി. കുട്ടിസിവയ്ക്ക് അച്ഛൻ മഹേന്ദ്രസിംഗ് ധോണിക്കുള്ളതിനൊപ്പം ആരാധകരുമുണ്ട്. സിവയുടെ വിശേഷങ്ങളറിയാൻ അരാധകർക്കേറെ ഇഷ്ടവുമാണ്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനോ വിഡിയോകൾ ഷെയർ ചെയ്യുന്നതിനോ ധോണിയും ഭാര്യ സാക്ഷിയും ഒരു മടിയും കാട്ടാറില്ല.

ഇത്തവണ കുളികഴിഞ്ഞെത്തിയ കുഞ്ഞുമകളുടെ മുടി ഹെയർഡ്രൈയർ കൊണ്ട് ഉണക്കുന്ന ഒരു വിഡിയോയാണ് ധോണി പോസ്റ്റ് ചെയ്തിരിക്കുന്നത്. "കളികഴിഞ്ഞു, നന്നായി ഉറങ്ങി, ബാക്ക് ടു ഡാഡീസ് ഡ്യൂട്ടീസ്" എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്ക് വച്ചത്. നിമിഷനേരംകൊണ്ട് അതങ്ങ് ഹിറ്റായെന്നു പറഞ്ഞാൽ മതി. അച്ഛൻ പറയുന്നതനുസരിച്ച് മുടിയുണക്കാന്‍ ചാഞ്ഞും ചരിഞ്ഞുമൊക്കെ നിന്നുകൊടുക്കുന്നുണ്ട് സിവ.

അച്ഛൻ വളരെ ശ്രദ്ധിച്ചാണ് കുഞ്ഞ് സിവയുടെ മുടിയിഴകൾ ഉണക്കാൻ ശ്രമിക്കുന്നത്, മകളാണെങ്കിൽ മിടുക്കിക്കുട്ടിയായി അത് ആസ്വദിച്ചുകൊണ്ടാണ് നിന്നുകൊടുക്കുന്നത്.

സാധാരണ ഇത്ര ചെറിയകുട്ടികൾ ഈ ഹെയർ ഡ്രൈയറിന്റെ ശബ്ദവും ചൂടുമൊക്കെ കാരണം ഈ സാഹസത്തിന് നിന്നുകൊടുക്കാറില്ല. അതുകൊണ്ടാണ് ഒരു ആരാധിക വിഡിയോക്ക് താഴെ ഇങ്ങനെ കമന്റ് ചെയ്തിരിക്കുന്നത്. " സിവ ഒരു ധൈര്യശാലി തന്നെ, ഹെയർ ഡ്രൈയറിന്റെ ശബ്ദവും ചൂടുമൊക്കെ കാരണം എന്റെ മകൾ ഒരിക്കലും ഇതിന് സമ്മതിക്കാറില്ല". ഇങ്ങനെയൊരു അച്ഛനെ കിട്ടിയതിൽ സിവ ഭാഗ്യവതിയെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.