കുറുമ്പന്മാരെ വാ തുറപ്പിക്കാൻ ഡെന്റിസ്റ്റ് വക മാജിക്ക്, ആരും വാ തുറക്കും!

കുട്ടികളേയും കൊണ്ട് ഡോക്ടറെ കാണാന്‍ പോകുന്നത് ഒരു ചടങ്ങ് തന്നെയാണ്. മര്യാദയ്ക്ക് ചെക്കപ്പ് ചെയ്യാനൊന്നും ഈ കുറുമ്പുകൾ സമ്മതിക്കില്ല. വാ തുറക്കാനെങ്ങാനും പറഞ്ഞാൽ ഈ ജന്മം തുറക്കില്ലെന്ന മട്ടിൽ ചുണ്ട്പൂട്ടിയാകും ഇവരുടെ നിൽപ്പ്. ഒരു വിധം മയത്തിലൊക്കെ വേണം ഇവരുടെ ചെക്കപ്പ് നടത്താൻ. ഇനി ഒരു ദന്ത ഡോകടറെയാണ് കാണിക്കേണ്ടതെങ്കിലോ? ആ ക്ലിനിക്ക് ഒരു യുദ്ധക്കളമാക്കിയിട്ടാവും മടക്കം.

പുഴുവെടുത്ത് പല്ല് ബാക്കിയൊന്നും ഇല്ലെങ്കിലും വേദനയുണ്ടങ്കിലുമൊന്നും ഈ കക്ഷികൾ വാ തുറന്നുകാണിക്കുകയുമില്ല. ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും ഇതിന്. ഈ കുട്ടി കുറുമ്പൻമാരെ കൊണ്ട് ഡെന്റിസ്റ്റുകളും പൊറുതിമുട്ടുന്നുണ്ടാകും.

ഏതായാലും കുട്ടികളെ കറക്കാൻ ചില്ലറ മാജിക്കുമായി എത്തിയിരിക്കുകയാണ് ഇയാൽ എന്ന ഡെന്റിസ്റ്റ്. സമൂഹമാധ്യമങ്ങളിൽ ഡോക്ടറുടെ ഒരു തകർപ്പൻ മാജിക്ക് വിഡിയോ വൈറലാണ്. വിരൽത്തുമ്പിൽ മിന്നുന്ന മാജിക്ക് ബോളുമായി ഒരു കുട്ടിയെ വട്ടം കറക്കുകയാണ് ഇയാൽ. കുട്ടിമാത്രമല്ല വിഡിയോ കാണുന്ന ആരും അന്തംവിടും ഡോക്ടറുടെ മാജിക് കണ്ടാല്‍.

കുട്ടിയുടെ അടുത്തെത്തുമ്പോൾ മാത്രം ഡോക്ടറുടെ വിരൽത്തുമ്പിൽ കത്തുന്ന മാജിക്ക് ബോൾ. ആകെ പെട്ടമട്ടിൽ നിക്കുന്ന കുട്ടിയെ ഒന്നു കാണേണ്ടതു തന്നെയാണ്. ചുളുവിൽ ഡോക്ടർ അവനെക്കൊണ്ട് വാ തുറപ്പിക്കുന്നുമുണ്ട്.

വിരൽത്തുമ്പിൽ ഒളിപ്പിച്ച മാജിക്കിന് പിന്നിലെ രഹസ്യമറിയാൽ ലോകത്തുള്ള ഡെന്റിസ്റ്റുമാർ ശ്രമം തുടങ്ങിയത്രേ. കുട്ടി കുറുമ്പൻമാരെ വരുതിയിലാക്കാനുള്ള മാജിക്ക് എല്ലാ ഡെന്റിസ്റ്റുകളും പഠിച്ചിരിക്കുന്നത് വളരെ വളരെ നല്ലതാ....