'അവൾ എന്റെ കൊച്ചുരാജകുമാരി': ബെക്കാം

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റനും കളിക്കാരനുമായിരുന്നു ഡേവിഡ് ബെക്കാം. കളിയിൽ നിന്ന് വിരമിച്ച ബെക്കാം ഭാര്യ വിക്ടോറിയക്കും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയാണ്. മൂന്ന് ആൺ മക്കളും ഒരു പെൺകുട്ടിയുമാണ് വിക്ടോറിയയ്ക്കും ബെക്കാമിനുമുള്ളത്. ഇക്കഴിഞ്ഞ ദിവസം മകളുടെ ജന്മദിന വേളയിൽ സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാളാശംസകൾ നൽകി ബെക്കാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ഒരച്ഛന്റെയും മകളുടെയും ആത്മബന്ധം വെളിപ്പെടുത്തക്കതായിരുന്നു.

മകൾക്കൊപ്പം നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് ബെക്കാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കൂടെ ഹൃദയഹാരിയായ ഒരു കുറിപ്പും. ''എല്ലാ അർത്ഥത്തിലും അവൾ വിശിഷ്ടയാണ് എന്നതിനപ്പുറത്തേക്കു എന്റെ കൊച്ചു രാജകുമാരിയെക്കുറിച്ച് ഞാൻ എന്താണ് എഴുതേണ്ടത്? ഹാർപ്പർ സെവന് ഏഴുവയസായിരിക്കുന്നു. എന്റെ ജന്മദിനാശംസകൾ!!! തന്റെ സഹോദരന്മാരെയും ഡാഡിയെയും മമ്മിയേയും എന്റെ മകൾ വളരെയധികം സ്നേഹിക്കുന്നു. വളരെ വളരെ പ്രത്യേകതയുള്ളവളാണിവൾ. ഓരോ ദിവസവും അവളെന്നെ പുഞ്ചിരിപ്പിക്കുന്നു". അച്ഛനും മകളും തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധത്തെ എടുത്തു കാണിക്കുന്നതാണ് ബെക്കാമിന്റെ കുറിപ്പിലെ ഓരോ വരികളും.

ബെക്കാം മാത്രമല്ല വിക്ടോറിയയും മൂത്ത സഹോദരൻ ബ്രൂക്ലിനും ഹാർപ്പറിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. മകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിക്ടോറിയ ആശംസകൾ നേർന്നത്. കൂടെ ജന്മദിനാഘോഷങ്ങളുടെ വിഡിയോയും ഹാർപ്പറിന്റെ പേരെഴുതിയ ബലൂണുകളുമെല്ലാം വിക്ടോറിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതിനൊപ്പം അമ്മയുടെ സ്നേഹവും വാത്സല്യം നിറഞ്ഞ ചുംബനങ്ങളും നൽകുന്ന വിക്ടോറിയ, എല്ലാ അമ്മമാരെയും പോലെ മുഴുവൻ കുടുംബത്തിന്റെയും സഹോദരന്മാരായ ബ്രൂക്ലിൻ, റോമിയോ, ക്രൂസി എന്നിവരുടെയും ഡാഡിയുടെയും കൂടി പേരിലാണ് മകൾക്കു ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

ഹാർപ്പറിനൊപ്പം നിൽക്കുന്ന സന്തോഷകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബ്രൂക്ലിന്റെ പിറന്നാൾ ആശംസകൾ. സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ഹാർപർ സെവൻ ബെക്കാം എന്നെഴുതി കൊണ്ടാണ് സഹോദരന്റെ ആശംസകൾ.

ഒരു കുടുംബം മുഴുവൻ കുഞ്ഞുഹാർപ്പറിന്റെ പിറന്നാൾ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷങ്ങൾക്ക് യാതൊരു പിശുക്കും കാണിക്കാത്ത ബെക്കാം തന്റെ പുന്നാര മകളുടെ പിറന്നാളും ഗംഭീരമായി തന്നെയാണ് കൊണ്ടാടിയത്.