'കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ' അഡാർ കുഞ്ഞാവ!

വിശക്കുന്നുവെന്ന് അറിയാതെ ഒന്ന് പറഞ്ഞുപോയതാ ആ അച്ഛൻ ഒരു പാത്രം ചോറ് വാരിക്കൊടുത്താണ് ആ കുഞ്ഞുമകൾ അച്ഛന്റെ വിശപ്പകറ്റിയത്. വയറ് നിറഞ്ഞു മതീന്നു പറഞ്ഞിട്ടൊന്നും കക്ഷി ചോറ് വാരിക്കൊടുക്കൽ നിർത്തുന്നേയില്ല. കുഞ്ഞിക്കൈകൊണ്ട് ചോറുരുട്ടി അച്ഛന്റെ വായിലേക്ക് വച്ച് കൊടുക്കുന്ന കുറുമ്പത്തിയുടെ വിഡിയൊ സമൂഹമാധ്യത്തിൽ ചിരിപടർത്തുകയാണ്.

"വെശക്കുന്നൂന്ന് പറഞ്ഞിട്ട് ചോറെടുത്തോണ്ട് വന്നതല്ലേ.. തിന്നോ" എന്ന് കൊഞ്ചിക്കൊണ്ട് ചോറ് വാരിക്കൊടുക്കുന്ന മകളും അവളുടെ കുറുമ്പിന് കൂട്ടുനിൽക്കുന്ന അച്ഛനും എല്ലാവരുടേയും ഇഷ്ടം പിടിച്ചു പറ്റുകയാണ്.

ചോറ് വാരിക്കൊടുക്കുന്നതിനിടെ പറയുന്ന ചില അഡാറ് ഡയലോഗുകളാണ് ഈ കുഞ്ഞുവാവയെ ഫെയ്മസാക്കിയത്. മതി വയര്‍ നിറഞ്ഞൂന്ന് ചിരിയോടെ അച്ഛൻ പറയുമ്പോഴുള്ള മകളുടെ മറുപടിയാണ് സൂപ്പർ " കാശ് കൊടുത്ത് മേടിക്കുന്നതല്ലേ? തൂത്ത് വാരി തിന്നോ!" ചിരിയടക്കാനാവാതെ ചോറുരുളകൾക്കായി വായ തുറന്നുപോകുകായാണ് അച്ഛൻ.

ചോറ് മതിയായ അച്ഛൻ ഇനി മോൻ കഴിച്ചോയെന്ന് പറയുമ്പോ പതിയെ പ്ലെയ്റ്റ് മാറ്റി കാട്ടിൽ കളഞ്ഞാലോ എന്നായി കക്ഷി. "ഇച്ചിരീക്കൂടെയുണ്ട് എന്റെ കുഞ്ഞാവയല്ലേ... എന്നൊക്കെ പറഞ്ഞ് ആ ചോറ് മുഴുവൻ അച്ഛനെക്കൊണ്ട് കഴിപ്പിക്കുയയാണ് ആ കുരുന്ന്.