കുടുക്ക പൊട്ടിച്ച് സഹായിച്ച പെൺകുട്ടിക്കൊരു ഗംഭീര സമ്മാനം, കയ്യടി

വെള്ളപ്പൊക്കത്തിൽ പുസ്തകവും പഠനസാമഗ്രികളും നഷ്ടമായ വിദ്യാർഥികൾക്ക് ഇവ വാങ്ങാൻ കുടുക്കയിലെ സമ്പാദ്യം നൽകിയ പെൺകുട്ടിക്ക് ഒരു കിടുക്കൻ സമ്മാനം. കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വൈഷ്ണവിയാണ് കുഞ്ഞുമനസിന്റെ വലിയ കാരുണ്യം കൊണ്ട് കയ്യടി നേടുന്നത്.

വൈഷ്ണവിയുടെ വാർത്ത കണ്ട കുവൈറ്റിൽ ജോലി ചെയ്യുന്ന അമലഗിരി സ്വദേശി സ്വദേശി ലൂക്കോസ് ജോസഫ് വൈഷ്ണവിക്കുള്ള പുത്തൻസൈക്കിളുമായി സ്‌കൂളിലെത്തി. വൈഷ്ണവി ആഗ്രഹിച്ചതുപോലെ തന്നെ പിങ്ക് നിറത്തുള്ള സൈക്കിളാണ് സർപ്രൈസ് സമ്മാനമായി നൽകിയത്. ഇതോടൊപ്പം 600 രൂപ നിക്ഷേപിച്ച ഒരു കുടുക്കയും ലുക്കോസ് ജോസഫ് സമ്മാനിച്ചു.

ദുരിതാശ്വാസത്തിനായി കുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ സമ്പാദ്യം മുഴുവൻ കുട്ടി ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു. സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച വെള്ളിരൂപയാണ് വൈഷ്ണവി ദുരിതാശ്വാസത്തിനായി നൽകിയത്. സൈക്കിൾ ഇനിയും വാങ്ങാമല്ലോ എന്നായിരുന്നു വൈഷ്ണവിയുടെ മറുപടി.