നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല; ഇത് കുഞ്ഞുമരിയ നൽകുന്ന സന്ദേശം 

കിഴക്കൻ ജോർദാനിലെ ഒരു ദമ്പതികളായ ജേസൻ സ്റ്റിവർട്ടും അഡ്രിയാനയും യാദൃശ്ചികമായാണ് 2014 ഒക്ടോബറിൽ ആ ചിത്രം കണ്ടത്. ഫിലിപ്പീൻസിലെ ഒരു അനാഥാലയത്തിലെ പരസ്യമായിരുന്നു അത്. ദത്തെടുക്കപ്പെടാൻ കാത്തു നിൽക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രത്തിലെ ആ കുഞ്ഞുമാലാഖയിൽ അവരുടെ കണ്ണും ഹൃദയവും ഒരുപോലെ ഉടക്കി. ഏതൊരും കുഞ്ഞിനേയും പോലെ ആ കുരുന്നും മനോഹരിയായിരുന്നു. എന്നാൽ ജന്മനാ തന്നെ ആ കുഞ്ഞിന് കൈകാലുകൾ ഇല്ലായിരുന്നു. ആറ് മാസം മാത്രം പ്രായമുള്ള മരിയ എന്ന കുഞ്ഞായിരുന്നു അവൾ.

ആദ്യകാഴ്ചയിൽത്തന്നെ മരിയ ആ ദമ്പതികളുടെ ഹൃദയത്തിൽ കയറിപ്പറ്റി. ജേസൻ സ്റ്റിവർട്ടിനും അഡ്രിയാനയ്ക്കും അപ്പോൾ മൂന്ന് കുട്ടികളുണ്ടായികുന്നു, 11ഉും 13ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളും ഫിലിപ്പീൻസിൽ നിന്നുതന്നെ ദത്തെടുത്ത 6 വയസുകാരൻ ജോഷ്വയും. മരിയയെ കാണുന്നത് വരെ അംഗപരിമിതയായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി അവർ ചിന്തിച്ചിട്ടുകൂടെയില്ലായിരുന്നു. അങ്ങനെ 2015 ൽ അവൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി.

ദത്തെടുക്കലിലൂടെ അവളുടെ കുഞ്ഞുജീവിതത്തെ തങ്ങളാൽ കഴിയുംവിധം മനോഹരമാക്കാമെന്നായിരുന്നു അവരുടെ സ്വപ്നം. എന്നാൽ ആ മാലാഖക്കുഞ്ഞ് അവരുടെ ജീവിതമായിരുന്നു മാറ്റിയത്. ഇത്രയും വലിയ കുറവുണ്ടായിട്ടും നിറയെ പോസിറ്റീവ് എനർജിയുള്ള കുഞ്ഞാണ് മരിയ. എപ്പോഴും മായാത്ത പുഞ്ചിരി ആ കുഞ്ഞിന്റെ ഒരു പ്രത്യേകതയായിരുന്നു.

അവളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ യാതൊരു അപരിചിതത്വവും കാട്ടിയില്ലെന്നുമാത്രമല്ല അവൾ മനോഹമമായി തങ്ങളെ നോക്കി പുഞ്ചിരിച്ചുവെന്നും അഡ്രിയാന സോഷ്യൽ മീഡിയക്കുറിപ്പിൽ പറയുന്നു. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് അവൾക്കിഷ്ടം. അംഗപരിമിതയാണെങ്കിലും മറ്റ് മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും മരിയയും ചെയ്യും, അത് അവളുടേതായ രീതിയിലാണെന്നു മാത്രം. തന്റെ വീൽചെയറും കംപ്യൂട്ടറും ഒക്കെ പ്രവർത്തിപ്പിക്കാൻ പര്യാപ്തയാണ് കൊച്ച് മരിയ. മൂന്നാമത്തെ വയസിൽ പ്രീസ്‌കൂളിൽ പോകാൻ തുടങ്ങി മരിയ. മാത്രമല്ല ബ്രഷ് കടിച്ചുപിടിച്ച് മനോഹരമായി പെയിന്റിങ് ചെയ്യാനും അവൾക്കാകും. ജേസണൊപ്പം കുതിര സവാരിപോലും നടത്തി ഈ കൊച്ചുമിടുക്കി.

ഈയിടെയാണ് ജോഷ്വയ്ക്ക് ഗുരുതരമായ ലുക്കീമിയയാണെന്ന് കണ്ടെത്തിയത്. മരിയയ്ക്ക് ഏറ്റവും അടുപ്പം ജോഷ്വയുമായാണ്. ആശുപത്രിയിൽ അവനൊപ്പമിരിക്കാൻ മരിയ്ക്ക് ഇഷ്ടമാണ്. ജോഷ്വയ്ക്ക് അസുഖം കണ്ടെത്തിയതോടെ അവരുടെ സന്തോഷകരമായ ജീവിതം കീഴ്മേൽ മറിഞ്ഞു. എങ്കിലും മരിയ നൽകുന്ന പോസിറ്റീവ് എനർജി അവർക്ക് കരുത്താകുന്നു.

'ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനും ഇല്ലാത്തതിനെയോർത്ത് സങ്കടപ്പെടാതിരിക്കാനും നമുക്ക് കിട്ടിയ നൻമകളെ ഒാർമിപ്പിക്കുവാനും നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്നുമുള്ള പാഠമാണ് അവൾ ജീവിതത്തിലൂടെ പകർന്നുതരുന്നത്'. അഡ്രിയാന പറയുന്നു.

അങ്ങനെ കുഞ്ഞ് മരിയയുടെ ജീവിതത്തെ ദത്തെടുക്കലിലൂടെ മാറ്റിമറിക്കാൻ ശ്രമിച്ച ആ കുടുംബത്തെ സ്നേഹം കൊണ്ടും പൊസിറ്റീവ് എനർജികൊണ്ടും സ്വപ്നങ്ങൾകൊണ്ടും അവള്‍ മാറ്റിയെടുത്തു.

നീ എന്തിനാടാ ചക്കരെ അച്ഛന്‍ പട്ടത്തിനു പോയത് " കൊച്ചു മിടുക്കി ചോദിക്കുന്നു