മക്കള്‍

മക്കള്‍ പിടിവാശിക്കാരാണോ?, സങ്കടം വേണ്ട; ഈ 'ദുസ്വഭാവം' നല്ലതാണ്

മക്കളുടെ ദുശ്ശാഠ്യവും പിടിവാശിയും മൂലം വട്ടം കറങ്ങിയിരിക്കുന്ന പല മാതാപിതാക്കളുമുണ്ട്. ഒരു കാരണവുമില്ലാതെയാകും ഇവർ ചിലപ്പോൾ പിടിവാശികാണിക്കുക. മക്കളുടെ ഈ സ്വഭാവം മൂലം മറ്റുള്ളവരുടെ മുൻപിൽ നാണം കെടാത്ത രക്ഷിതാക്കൾ ചുരുക്കമായിരിക്കും. കളിപ്പാട്ടത്തിനോ ഇഷ്ടമുള്ള മറ്റെന്തിലും സാധനങ്ങൾക്കു വേണ്ടിയാകാം ഇവരുടെ പിടിവാശി. നിലത്തു കിടന്നുരുണ്ടും കരഞ്ഞു ബഹളം വച്ചും ചിലപ്പോൾ മാതാപിതാക്കളെ ഉപദ്രവിച്ചുകൊണ്ടും ഇവരുടെ ഈ 'ദുസ്വഭാവം' അതിരുകടക്കും. ഇവർക്കു മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാകും മിക്ക രക്ഷിതാക്കളും. ഇത്തരം സന്ദർഭങ്ങളിൽ‍ പരിസരം പോലും നോക്കാതെ ചില മാതാപിതാക്കൾ ഇവർക്ക് നല്ല അടികൊടുക്കാറുമുണ്ട്.

എന്നാൽ ഈ ദുശ്ശാഠ്യവും പിടിവാശിയും കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് വിദഗ്ധർ പഠനങ്ങളിലൂടെ പറയുന്നു. അവരുടെ മാനസികാരോഗ്യത്തിന്റേയും വളർച്ചയുടേയും ഒരു ഭാഗമാണത്രേ ഈ ദുശ്ശാഠ്യവും പിടിവാശിയും. കുട്ടികളിലെ ഈ 'ദുസ്വഭാവങ്ങൾ' നല്ലതാണെന്ന് പറയാനുള്ള ചില കാരണങ്ങളിതാ.

∙കരച്ചിൽ അടക്കിപ്പിടിച്ചാൽ
കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന കോർട്ടിസോൾ സമ്മർദ്ദത്തിന്റെ ഹോർമോണാണ്. കരയുമ്പോൾ ശരിക്കും കണ്ണുനീരിനൊപ്പം സമ്മർദ്ദവും കൂടെയാണ് ഒഴുക്കിക്കളയുന്നത്. അത് മാനസികാരോഗ്യം മെച്ചപ്പടെുത്തും. കുട്ടി വാശിപിടിച്ച് കരയുമ്പോൾ അവനെ തടയേണ്ട. ഈ കരച്ചിലിനൊടുവിൽ നാം കാണാറുണ്ട് അലമ്പ് മൂഡോക്കെ മാറി വളരെ ശാന്തനായ നല്ലൊരു കുട്ടിയെ. 'കരച്ചിൽ മുറിവേൽക്കലല്ല, മുറിവേൽക്കാതിരിക്കാനുള്ള ഒന്നാണ്'.

∙ കരച്ചിൽ പഠനത്തിന്റെ ഭാഗമാണ്
നാം കാണാറുണ്ട് കുഞ്ഞു കുട്ടികൾ ബിൽഡിങ് ബ്ലോക്സ് പോലുള്ളവയുമായി കളിക്കുമ്പോൾ അവൻ വിചാരിക്കുന്നതുപോലെ അത് യോജിപ്പിക്കാനായില്ലെങ്കിൽ ദേഷ്യവും സങ്കടവുമൊക്കെ കൊണ്ട് കരയുന്നത്. പല തവണ ചെയ്താലാവും അവ ശരിയായി യോജിപ്പിക്കാനാകുക. അതേ കരച്ചിൽ പഠനത്തിന്റെ ഒരു ഭാഗമാണ്.

∙ നോ പറയാം
കുട്ടിയുടെ കരച്ചിൽ പേടിച്ച് പലപ്പോഴും അവരുടെ ചില നിർബന്ധങ്ങൾക്ക് നാം 'നോ' പറയാറില്ല. പക്ഷേ അവരുടെ കരച്ചിൽ ശ്രദ്ധിക്കാതെ അത്തരം കാര്യങ്ങള്‍ക്ക് വേണ്ട എന്നു പറയുക തന്നെ വേണം. കാരണം തെറ്റിന്റേയും ശരിയുടേയും അതിർവരമ്പുകൾ അവർ അറിഞ്ഞിരിക്കണം. അത്തരം സന്ദർഭങ്ങളിൽ സ്നേഹത്തോടെ വേണ്ട എന്നുതന്നെ പറയാം.

∙ ദുശ്ശാഠ്യം അഭിനയമല്ല
അവർ വാശി പിടിച്ച സാധനം കിട്ടാതെ വരുമ്പോൾ കാണിക്കുന്ന ആ കരച്ചിൽ ശരിക്കും ദുശ്ശാഠ്യം മാത്രമല്ല. അത് കിട്ടില്ല എന്ന സത്യം ഉൾക്കൊള്ളുന്ന അവസ്ഥ കൂടിയാണത്. അവന്റെ ആ വികാരത്തിന്റെ പ്രകടനമാണത്.

∙ കൂടുതൽ അടുക്കാം
വാശിപിടിക്കുന്ന കുട്ടിയെ വഴക്കു പറയാതെ, അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ സ്നേഹത്തോടെ ഒന്നണച്ചു പിടിക്കാം. കാരുണ്യത്തോടെ സംസാരിക്കാം. പൂച്ചക്കുട്ടിയെപ്പോലെ അവൻ ശാന്തനാകുന്നത് കാണാം. കുട്ടിയുമായി വൈകാരികമായി അടുക്കാനുള്ള ഒരു അസുലഭ സന്ദർഭമാണിത്.

∙ ചെറുപ്രായത്തിൽ കരയട്ടെ
ചെറിയ പ്രായത്തിൽ ദുശ്ശാഠ്യം കാണിച്ചരുന്നവർ പലരും വലുതാകുമ്പോൾ ശാന്തരാകുന്നത് കാണാം. വളരുന്തോറും വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നു അവർ പഠിക്കുന്നു.

∙ അവരുടെ പിടിവാശി നിങ്ങളുടെ മുറിവുണക്കും
ചെറുപ്രായത്തിൽ ചിലപ്പോൾ നിങ്ങളും വാശിക്കാരായിരുന്നിരിക്കാം. ചിപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ അത് മനസ്സിലാക്കാതെ നിങ്ങളോട് കാരുണ്യപൂർവം പെരുമാറിയിട്ടുണ്ടാകില്ല. അതിന്റെ പേരിൽ നിങ്ങൾക്കവരോട് ഉള്ളിൽ അമർഷമുണ്ടായിരുന്നിരിക്കാം. ഇപ്പോൾ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മാതാപിതാക്കളെ കൂടുതൽ മനസിലാക്കാനും അവരോട് ക്ഷമിക്കുവാനുമാകുന്നു.