സ്കൂൾ യാത്ര സുരക്ഷിതമാക്കാം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

അധ്യയന വർഷം തുടങ്ങാനിരിക്കെ വിദ്യാർഥികളുടെ യാത്രാ സുരക്ഷയ്ക്ക് എന്തെല്ലാം ചെയ്തു ? അധ്യയന വർഷം വരവേൽക്കാൻ വാഹനസുരക്ഷ ഉറപ്പുവരുത്തി മോട്ടർ വാഹന വകുപ്പ്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളിൽ പരിശോധന നടത്തി. ഭൂരിഭാഗവും പരിശോധിച്ചു സ്റ്റിക്കർ ഒട്ടിച്ചു. ഇനി കുറച്ചു വാഹനങ്ങൾ കൂടിയേയുള്ളൂ. വിദ്യാർഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സ്കൂളിലെ ഒരു അധ്യാപകനു ചുമതല നൽകും. ഈ അധ്യാപകനായിരിക്കും വിദ്യാർഥികളുടെ യാത്രാ സുരക്ഷയ്ക്കുള്ള ചുമതല.

രക്ഷാകർത്താക്കൾ ശ്രദ്ധിക്കാൻ
കഴിവതും വാഹനം എത്തുന്നതിനു മുൻപുതന്നെ വിദ്യാർഥികളെ സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കുക. വിദ്യാർഥികൾ താമസിക്കുന്നതിനനുസരിച്ചു ഡ്രൈവർ സമയം ക്രമീകരിക്കുമ്പോൾ അപകടങ്ങൾ ഉണ്ടായേക്കാം. ചെറിയ ലാഭം പ്രതീക്ഷിച്ച്, വിദ്യാർഥികളെ കുത്തിനിറച്ചുള്ള വാഹനത്തിൽ വിടാതിരിക്കാൻ ശ്രദ്ധിക്കുക.

സുരക്ഷയ്ക്കായി സേഫ് കേരള
ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് വാഹനസുരക്ഷ‌ാ ബോധവൽക്കരണത്തിനു മോട്ടർ വാഹന വകുപ്പ് അധിക‍ൃതർ ആരംഭിക്കുന്ന പദ്ധതിയാണ് സേഫ് കേരള. ഇതിനായി ജില്ലയിൽ 26 പേരടങ്ങുന്ന 6 സ്ക്വാഡുകൾ പ്രവർത്തിക്കും. ആർടിഒയ്ക്കാണ് ചുമതല. ജൂൺ 15നു പദ്ധതി തുടങ്ങും.

സ്കൂൾ അധികൃതർ ശ്രദ്ധിക്കാൻ
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളുടെ യാത്രാമാർഗം ഏതെന്നു തിരിച്ചറിയുകയും സുരക്ഷാ നിർദേശങ്ങൾ നൽകുകയും വേണം. അധ്യയന വർഷം തുടങ്ങുന്നതിനു മുൻപു തന്നെ വാഹനങ്ങൾ പരിശോധിച്ച്, രേഖകളുടെ കാലാവധി അവസാനിച്ചില്ലെന്ന് ഉറപ്പാക്കണം. ഇവയുടെ പകർപ്പുകൾ സ്കൂൾ മേധാവി സൂക്ഷിക്കുകയും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ ഹാജരാക്കുകയും വേണം. വാഹനത്തെ സംബന്ധിച്ച രേഖകൾ കൃത്യമായി വാഹനത്തിൽ സൂക്ഷിക്കണം. സ്ഥാപനം നേരിട്ടോ അല്ലാതെയും പുറത്തുനിന്നുള്ള വാഹനം എടുക്കുമ്പോൾ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’ എന്നു വാഹനത്തിനു പിന്നിലും മുന്നിലും ബോർഡ് വയ്ക്കണം. സ്കൂൾ വിട്ടുപോകുമ്പോൾ വിദ്യാർഥികളെ വരിയായി വാഹനങ്ങളിൽ കയറ്റാൻ ശ്രദ്ധിക്കണം.

പ്രവർത്തനം ഇങ്ങനെ
മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ പരിശോധിച്ച് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ മാത്രമേ വിദ്യാർഥികളെ യാത്ര ചെയ്യിക്കാവൂ. ഇതിനായി ഒരുമാസം മുൻപ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിലെ വാഹനങ്ങളുടെ പട്ടികയെടുക്കുകയും പരിശോധ‌ിക്കുകയും ചെയ്തു. ‍സ്കൂൾ ഡ്രൈവർമാർ 10 വർഷം വാഹനം ഓടിച്ച് പരിചയം ഉള്ളവരാണോ ? ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അതിൽ 5 വർഷത്തെ പരിചയം ഉണ്ടോ ? തുടങ്ങിയ കാര്യങ്ങളും ഡ്രൈവർമാരുടെ മുൻകാല ചരിത്രം, കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്നതുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി. വാഹനത്തിലെ ഓരോ വാതിലിലും വിദ്യാർഥികളെ ഇറക്കുന്നതിനും കയറ്റുന്നതിനും ഓരോ അറ്റൻഡർമാർ ഉണ്ടാവണമെന്നും ഇവർ കുട്ടികളെ റോഡ് കടക്കുന്നതിനു സഹായിക്കണമെന്നും നിർദേശം നൽകി.

സ്കൂൾ ബസ് യാത്ര
സ്കൂൾ ബസുകളിൽ വിദ്യാർഥികളെ നിർത്തിയുള്ള യാത്ര അരുത്. എല്ലാ ബസുകളിലും നിർബന്ധമായും ജിപിഎസ് സംവിധാനം വേണം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പേരു വിവരങ്ങൾ ബസിൽ സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ ബസുകളിൽ പാനിക് ബട്ടൺ വേണം. ആർടിഒ, പൊലീസ്, ചൈൽഡ് ഹെൽപ് ലൈൻ നമ്പർ, എമർജൻസി നമ്പർ എന്നിവ സ്കൂൾ ബസുകളിൽ പ്രദർശിപ്പിക്കണം. എല്ലാ വാഹനങ്ങളിലും വേഗപ്പൂട്ട് പ്രവർത്തനക്ഷമമാണോ, വാഹനത്തിന്റെ ടയറുകൾ, ലൈറ്റ്, വൈപ്പർ ബ്ലേഡുകൾ, വാതിൽപ്പിടികൾ, എമർജൻസി ഡോറുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കണം. ബസുകളിൽ വിദ്യാർഥികളെ ഇരുത്തി യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ വേണം (49 സീറ്റുള്ള വാഹനത്തിൽ, 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികളെങ്കിൽ 49 പേരിൽ അധികം കയറ്റാൻ പാടില്ല).

ഓട്ടോ യാത്ര
വിദ്യാർഥികളെ കുത്തിനിറച്ചു കൊണ്ടുപോകാൻ പാടില്ല. അങ്ങനെ ചെയ്താൽ ലൈസൻസ് റദ്ദാക്കും. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികളെങ്കിൽ 3 പേരെയും 12നു താഴെ പ്രായമുള്ളവരെങ്കിൽ 6 പേരെയും മാത്രമേ ഓട്ടോറിക്ഷകളിൽ കയറ്റാവൂ. മോട്ടർ വാഹന വകുപ്പിന്റെ പരിശീലനം നേടിയവർക്കാണ് വിദ്യാർഥികളുമായി യാത്ര ചെയ്യാവുന്നത്.

സ്വകാര്യ വാഹനങ്ങൾ
സ്വകാര്യ വാഹനങ്ങളായ ടാക്സികൾ, ജീപ്പു‌കൾ എന്നിവയിൽ വിദ്യാർഥികളുമായി പോകുന്നതു നിരോധിച്ചിട്ടുണ്ട്. ഇതിനു വിപരീതമായി ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദ് ചെയ്യും.

സ്വകാര്യ ബസുകൾ
സ്വകാര്യ ബസുകളിൽ നിർബന്ധമായും വാതിലുകൾ അടച്ചുവേണം യാത്ര. ഡ്രൈവർമാർക്കു നിയന്ത്രിക്കാൻ കഴിയുന്ന ന്യൂമാറ്റിക് വാതിലുകളാവണം ബസുകളിൽ വേണ്ടത്. വിദ്യാർഥികൾക്ക് സീറ്റ് നിഷേധിക്കുകയും സ്റ്റോപ്പുകളിൽ നിർത്താത്തതുമായ ബസുകൾക്ക് എതിരെ കർശന നടപടിയുണ്ടാകും. ബസുകളിൽ ഓഡിയോ സിസ്റ്റം അനുവദിക്കില്ല.

സൈക്കിൾ യാത്ര
വിദ്യാർഥികൾ റോഡിന്റെ ഇടതുവശം ചേർന്നുവേണം സൈക്കിൾ ഓടിക്കാൻ. രാത്രികാലങ്ങളിൽ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് സൈക്കിൾ ഓടിക്കാൻ ശ്രദ്ധിക്കണം. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണം. ലൈറ്റ്, ബെൽ, ബ്രേക്ക് എന്നിവ പ്രവർത്തന ക്ഷമമാണെന്നും റിഫ്ലക്ടറുകൾ മുന്നിലും പിന്നിലും പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. സ്കൂളുകളിൽ മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ റിഫ്ലക്ടറുകൾ വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.