കുട്ടി ഉറങ്ങുന്നില്ലേ? മാതാപിതാക്കള്‍ തന്നെയാണ് കാരണം! Sleep problem, Children, Parents, Manorama Online

കുട്ടി ഉറങ്ങുന്നില്ലേ? മാതാപിതാക്കള്‍ തന്നെയാണ് കാരണം!‍

'എന്റെ കുട്ടി രാത്രി ഉറങ്ങുന്നേയില്ല' ഈ പരാതി പറയാത്ത മാതാപിതാക്കൾ കുറവാണിപ്പോൾ. കുട്ടികള്‍ക്ക് ആവശ്യത്തിന് ഉറക്കം കിട്ടണമെന്ന കാര്യം പലപ്പോഴും മാതാപിതാക്കള്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ വിസ്മരിക്കാറുണ്ട്. സ്‌കൂള്‍, ട്യൂഷന്‍, പഠ്യേതര പരിപാടികള്‍ ഇതൊക്കെ കഴിഞ്ഞു എപ്പോഴാണ് കളിയ്ക്കാന്‍ സമയം എന്നല്ല ഉറങ്ങാന്‍ എപ്പോഴാണ് സമയം എന്നാണ് പറഞ്ഞു വരുന്നത്. 

അഞ്ചിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള ഒരു കുട്ടിക്ക് ഏറ്റവും കുറഞ്ഞത് ഒന്‍പതു മണിക്കൂര്‍ ഉറക്കമെങ്കിലും കിട്ടേണ്ടതുണ്ട്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പത്തും പതിനൊന്നും മണിക്കൂര്‍ ഉറക്കമെങ്കിലും കിട്ടിയിരിക്കണം. 

ഉറക്കകുറവു കുട്ടികളുടെ ശാരീരിക വളര്‍ച്ചയേയും ചിന്തിക്കാനുള്ള കഴിവിനേയും പ്രതികൂലമായി ബാധിക്കും. ഇത്തരം കുട്ടികളില്‍ എപ്പോഴും ഒരു ഉന്മേഷക്കുറവ് കാണാന്‍ സാധിക്കും. പലപ്പോഴും അവര്‍ അകാരണമായി ദേഷ്യപ്പെടുന്നതായും വാശിപിടിക്കുന്നതായും കാണാറുണ്ട്. സാധാരണഗതിയില്‍ വളരെ പെട്ടെന്ന് ചെയ്തു തീര്‍ക്കുന്ന ഹോം വര്‍ക്ക് പോലും ഉറക്ക കുറവ് കാരണം കുട്ടികള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടുകയും ചെയ്യും. 

ഇതിനൊക്കെ പുറമെ ഉറക്ക കുറവ് കാര്യമായി ബാധിച്ച ഒരു കുട്ടി പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ ഇടയുണ്ട് എന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ഇത്തരം കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. ഇതെല്ലാം കൊണ്ട് തന്നെ, കുട്ടികള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത്  മാതാപിതാക്കളുടെയും വീട്ടിലുള്ള മറ്റു മുതിര്‍ന്നവരുടെയും ഉത്തരവാദിത്തമാണ്. 

പക്ഷെ, കുട്ടികള്‍ നിത്യവും സമയത്തിന് ഉറങ്ങാന്‍ പോകുന്നുണ്ട് എന്നത് കൊണ്ട് മാത്രം അവര്‍ക്കു ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ട് എന്ന് ഉറപ്പിക്കാന്‍ പറ്റില്ല. അതിനു കുറച്ചു കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു കാരണവശാലും മൊബൈല്‍ ഫോണോ അതുപോലുള്ള മറ്റു ഗാഡ്ജറ്റുകളോ ഉറങ്ങാന്‍ പോകുന്ന കുട്ടിയുടെ കൈവശം കൊടുക്കരുത്. 

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കിടപ്പുമുറിയില്‍ ടിവി വയ്ക്കാതിരിക്കുക എന്നത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പുള്ള ഒന്ന് രണ്ടു മണിക്കൂറെങ്കിലും കാപ്പി, ഐസ് ക്രീം പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിടക്കുന്നതിനു തൊട്ടു മുന്‍പ് പേടി ജനിപ്പിക്കുന്ന തരത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍  കാണാനും ഗെയിമുകളില്‍ ഏര്‍പ്പെടാനും കുട്ടിയെ അനുവദിക്കരുത്. കിടക്കുന്നതിനു തൊട്ടു മുമ്പേ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും നല്ലതല്ല.

പണ്ട് കുട്ടികള്‍ കിടന്നുറങ്ങാന്‍ പോകുമ്പോള്‍ പേടി അകലനായി അവരോടു  പ്രാര്‍ത്ഥിച്ചിട്ടു ഉറങ്ങാന്‍ പറയുന്ന ഒരു ശീലം നമ്മുടെയൊക്കെ കുടുംബങ്ങളില്‍  ഉണ്ടായിരുന്നു. ഇത് ചില ഭവനങ്ങളിലെങ്കിലും ഇന്നില്ല.