ദയവ് ചെയ്ത് കുട്ടികളെ പുറത്ത് കളിക്കാന്‍ വിടൂ...

കുട്ടികളെ നേരെ ചൊവ്വേ വളര്‍ത്തിയാല്‍ വരുതാകുമ്പോള്‍ അവരുടെ ആരോഗ്യത്തെ ഓര്‍ത്ത് ദുഖിക്കേണ്ടി വരില്ല. തീര്‍ത്തും നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളുമാകാം ഭാവിയില്‍ അവരുടെ വലിയ ആരോഗ്യപ്രശ്‌നങ്ങളായി മാറുന്നത്. ഏറ്റവും വലിയ ഉദാഹരണണാണ് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. 

എപ്പോഴും സ്മാര്‍ട്ട്‌ഫോണിലും ഗെയിമിങ് കണ്‍സോളിലും കംപ്യൂട്ടറിലും ടാബ്‌ലറ്റുകളിലും എല്ലാം ആണോ നിങ്ങളുടെ കുട്ടികള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. എങ്കില്‍ സൂക്ഷിക്കുക. അവരുടെ കണ്ണിന്റെ കാര്യത്തില്‍ വലുതാകുമ്പോള്‍ ഒരു തീരുമാനമാകും. 

എന്താണ് ചെയ്യേണ്ടത്? കുട്ടികളെ കുട്ടിക്കാലത്ത് കളിക്കാന്‍ വീട്ടിന് പുറത്തേക്ക് ഇറക്കിവിടുക. ഇലക്ട്രോണിക് കളിക്ക് പകരം അവര്‍ പുറത്തുള്ള കാഴ്ച്ചകള്‍ കണ്ട് കളിക്കട്ടെ. പ്രകൃതിദത്തമായ വെളിച്ചം കണ്ണിലെത്താത്താണ് കുട്ടികള്‍ക്ക് മയോപിയ പോലുള്ള അസുഖങ്ങള്‍ വലുതാകുമ്പോള്‍ വരാന്‍ കാരണമെന്നാണ് പല ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. 

സൂര്യപ്രകാശം അവരുടെ കണ്ണുകളിലേക്ക് ആവശ്യത്തിനെത്തുന്നില്ല. കുട്ടികള്‍ സംസാരിക്കാന്‍ ശേഷിയുള്ളവരായി തീരുമ്പോള്‍ തന്നെ പഠിപ്പിക്കാന്‍ ധൃതിയാണ് മാതാപിതാക്കള്‍ക്ക്. ഇങ്ങനെ കൂടുതല്‍ പഠിക്കുന്നവരും അത് കഴിഞ്ഞ് കൂടുതല്‍ സമയം ഗെയിമും കംപ്യൂട്ടറും സ്മാര്‍ട്ട്‌ഫോണുമെല്ലാം നോക്കിയിരിക്കുന്നവരും വലുതാകുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരിക. 

അവരെ വീടിന് പുറത്തേക്ക് ഇറക്കിവിടുക, കണ്ണുകളില്‍ സൂര്യപ്രകാശം പതിക്കട്ടെ. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ എന്‍ഗേജ്ഡ് ആകുന്ന കുഞ്ഞുങ്ങളുടെ സമയം വളരെ കുറയ്ക്കുക. പകരം അവര്‍ക്ക് കളിക്കാനുള്ള സംവിധാനങ്ങള്‍ വീടിന് പുറത്ത് ഒരുക്കുക. ആദ്യം അവരുടെ ആരോഗ്യമല്ലേ പ്രധാനം. പഠിപ്പും ബാക്കിയുള്ള ടെക് സേവി സ്വഭാവവുമെല്ലാം രണ്ടാമത്തെ കാര്യമല്ലേ. 

മയോപിയ അഥവാ ഹ്രസ്വദൃഷ്ടിയെന്ന രോഗാവസ്ഥയില്‍ കുഞ്ഞ് എത്തരുതെന്നുണ്ടെങ്കില്‍ ദിവസത്തില്‍ രണ്ട് മണിക്കൂറെങ്കിലും അവരെ പുറത്ത് കളിക്കാന്‍ പ റഞ്ഞയക്കുക. സൂര്യപ്രകാശമേറ്റ് ആസ്വദിച്ച് പ്രകൃതിയോടിണങ്ങി അവര്‍ കളിക്കട്ടെ. 

മാതാപിതാക്കള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. നിങ്ങളുടെ തിരക്ക് പരിഗണിച്ച് കുട്ടികള്‍ അവിടിരുന്ന് ഗെയിം കളിച്ചോട്ടെ എന്നാണ് മനോഭാവമെങ്കില്‍ അവരോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും അത്.  ദയവ് ചെയ്ത് കുട്ടികളെ പുറത്ത് കളിക്കാന്‍ വിടൂ...