സൈബർ ലോകത്തെ അജ്ഞാതൻ!; മാതാപിതാക്കൾ അറിയാൻ 

ഡോ. സി.ജെ. ജോൺ 

കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണു പതിനാറു വയസ്സുള്ള മകൾ ചെന്നുപെട്ടിരിക്കുന്ന കുരുക്കിനെക്കുറിച്ചു ഞങ്ങൾ അറിയുന്നത്. ഇന്റർനെറ്റ് ചാറ്റ് വഴി അവൾക്കൊരു പ്രണയമുണ്ടായിരുന്നുവത്രേ. എവിടെയുള്ളതെന്നോ, ആരെന്നോ വ്യക്തമായി അറിയില്ല. ഫോട്ടോയും കണ്ടിട്ടില്ല. മെസേജുകൾ വഴി വല്ലാതെ അടുത്തു. പെട്ടെന്ന് ഒരു ദിവസം ഗുഡ്ബൈ പറഞ്ഞ് അയാൾ പോയി. പൊടിപോലും കാണാൻ പറ്റാത്ത തരത്തിൽ അപ്രത്യക്ഷനായി. അതിന്റെ നൈരാശ്യത്തിലാണു കൈ മുറിച്ചത്. ആളുകളുമായി അധികം ഇടപഴകാത്ത ഇവൾ എങ്ങനെ ഈ കുരുക്കിൽ വീണുവെന്ന് മനസ്സിലാകുന്നില്ല. എന്താണു ചെയ്യേണ്ടത്?

എച്ച്.എ.തൃത്താല.

ഇന്റർനെറ്റ് വലയിലെ അപരിചിതരുമായി അടുത്ത് ഇങ്ങനെയുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുള്ള അനവധി പേരുണ്ട്. ആഴത്തിൽ വേരുകളില്ലാത്ത സോഷ്യൽ മീഡിയാ ചങ്ങാത്തങ്ങളുടെ പ്രളയത്തിലാണു പലരും. ഇത്തരം ബന്ധങ്ങൾ ഏതു ദിശയിലേക്കാണു പോകുന്നതെന്നു നിരീക്ഷിക്കാൻ മാതാപിതാക്കൾക്കു പലപ്പോഴും സാധിക്കാറില്ല. നെറ്റ് വഴി ആരെങ്കിലുമായി പതിവായി പുന്നാരം ചൊല്ലുന്നതു ശ്രദ്ധയിൽ പെട്ടുവെന്നു വരില്ല. ഇതൊക്കെ മൊബൈൽ ഫോൺ വഴിയും സാധ്യമാകുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ചും ഓൺലൈനിൽ സ്വയം സുരക്ഷിതരാകുവാനുള്ള ജാഗ്രത പാലിച്ചില്ലെങ്കിൽ കുട്ടികളും മുതിർന്നവരുമൊക്കെ ഇത്തരം കുഴപ്പങ്ങളിൽ ചെന്നുചാടും.

മുഖാമുഖമുള്ള ആശയവിനിമയത്തിനു തടസ്സമുണ്ടാക്കുന്ന പതർച്ച നെറ്റ് വഴിയുള്ള വർത്തമാനത്തിലുണ്ടാകില്ല. അതുകൊണ്ട് ഇവരിൽ പലരും അതിൽ രസംപിടിച്ചു കുടുങ്ങും. ഇവൾക്ക് ഈ അജ്ഞാതനോട് ഇഷ്ടമുണ്ടായതും അതു പ്രണയമായി വളർന്നതും ഇങ്ങനെയാകാം. അന്തർമുഖരായവരെയും, വീടുകളിൽ ഒറ്റപ്പെട്ടവരെയുമൊക്കെ തിരിച്ചറിഞ്ഞ് ഇമ്മാതിരി ബന്ധങ്ങളുടെ ചങ്ങലയിൽ പൂട്ടാൻ തക്കം പാർത്തിരിക്കുന്ന ഒത്തിരിപ്പേർ സൈബർ ലോകത്തുണ്ട്. കൗമാരപ്രായക്കാർ പലപ്പോഴും ഇരകളാക്കപ്പെടാറുണ്ട്. മധുര വർത്തമാനത്തിൽ മനം മയങ്ങി അജ്ഞാത സുഹൃത്ത് പുറയുന്നിടത്തേക്കു വീടു വിട്ടിറങ്ങി വലിയ പ്രശ്നങ്ങൾ നേരിട്ടവരുമുണ്ട്.

ഇന്റർ‌നെറ്റിലും ഫേസ്ബുക്കിലുമൊക്കെ കൂട്ടുകെട്ടുകൾ ഉണ്ടാക്കുമ്പോൾ വലിയ കരുതലുകൾ പാലിക്കണം. അറിയാത്തവരുമായി നെറ്റിൽ ഇടപെടേണ്ടി വരുമ്പോൾ വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. സങ്കടങ്ങൾ‌ പങ്കു വയ്ക്കുകയുമരുത്. അപരിചിതരുമായുള്ള സമ്പർ‌ക്കം ഒഴിവാക്കണം. പ്രണയത്തിൽപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുവാനായി പെൺകുട്ടികളുമായി കൂട്ടുകൂടുന്നവരുമുണ്ട്. ആൺകുട്ടികളെയും ഇത്തരം കെണികളിൽ പെടുത്താറുണ്ട്. മയക്കുമരുന്നു ശീലത്തിലേക്കും ലഹരി കടത്തലുകളിലേക്കുമൊക്കെ ആകർഷിക്കുവാനായി സൈബർ ബന്ധങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. തീവ്രവാദ ചിന്തകളുടെ വിത്തിടാൻ ശ്രമിക്കുന്നവർ പോലുമുണ്ട്.

സ്നേഹ വാക്കുകളും പരിഗണനകളും നൽകി ഓൺലൈനിലൂടെ ഒരു വിധേയത്വം സൃഷ്ടിച്ചെടുക്കുന്നു. വിട്ടുപിരിയാൻ പറ്റാത്ത ആശ്രയത്വം വളർത്തിയെടുക്കുന്നു. പിന്നെ അവരുടെ ഇഷ്ടത്തിനൊത്തു തുള്ളുന്ന ഒരു കളിപ്പാവയായി മാറ്റിയെടുക്കുന്നു. ഈ അവസ്ഥയിലേക്കു പോകുംമുൻപേ പ്രിയപ്പെട്ട ആരോടെങ്കിലും ഈ ബന്ധത്തെക്കുറിച്ചു പറയണം. ഈ പെൺകുട്ടി അതു ചെയ്തിരുന്നെങ്കിൽ‌ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഓൺലൈൻ ശീലങ്ങൾ‌ മാതാപിതാക്കളുമായോ, മുതിർന്നവരുമായോ പങ്കുവയ്ക്കുന്നതു നല്ലതാണ്.