അച്ഛനമ്മമാർക്ക് ഒരുമിച്ചിരിക്കാൻ നേരമില്ല; കുഞ്ഞുങ്ങളിൽ വിഷാദരോഗം   Childhood depression, Brain development, Solutions, Parents,Teens, Children, Manorama Online

അച്ഛനമ്മമാർക്ക് ഒരുമിച്ചിരിക്കാൻ നേരമില്ല; കുഞ്ഞുങ്ങളിൽ വിഷാദരോഗം !

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് 'സമയമില്ല' എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം കഷ്ട്ടപ്പെടുന്നത് കുട്ടികളാണ്. അച്ഛനും അമ്മയും ജോലിക്കാർ, ഇരുവർക്കും ആകെ ലഭിക്കുന്നത് ഒരു അവധി ദിവസം. അന്നാണെങ്കിലോ മാറ്റി വച്ച പല യാത്രകളും മറ്റുമായി തിരക്കിലുമാകും. ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന അച്ഛനും അമ്മയും കുട്ടികൾക്കൊപ്പം ചെലഴിക്കുന്ന സമയത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.

അച്ഛനമ്മമാർ ജോലിക്ക് പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ പൊതുവെ ഡേ കെയറുകളിലോ, അപ്പൂപ്പന്റെയും അമൂമ്മയുടെയും അടുത്തോ ആണ് ഏൽപ്പിക്കാറുള്ളത്. കുഞ്ഞുങ്ങളെ ഇവർ നന്നായി നോക്കും എന്നത് ശരിതന്നെ. എന്നാൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനും വാത്സല്യത്തിനും പകരമാകില്ലല്ലോ ഇത്. വൈകുന്നേരം ജോലി കഴിഞ്ഞു കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ ഇവർക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സ് വളരെ കലുഷിതമായിരിക്കും. അവർ മാതാപിതാക്കളിൽ നിന്നും വൈകാരികമായ ഒരു പിന്തുണ ആഗ്രഹിക്കുന്നുണ്ട്. ഇത് മനസിലാക്കി പെരുമാറുക എന്നതാണ് പ്രധാനം. പലവീടുകളിലും സംഭവിക്കുന്നത് ഡേ കെയറുകളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്ന കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് ഉറക്കുക എന്നതാണ്. എന്നാൽ ഇത് കുട്ടികളുടെ വൈകാരികമായ വളർച്ചയെ മുരടിപ്പിക്കുക തന്നെചെയ്യും.

അവർക്ക് പറയാനുള്ളത് കേൾക്കാനും അവർക്കൊപ്പം കളിക്കാനും മാതാപിതാക്കൾക്ക് കഴിയണം. ഇല്ലെങ്കിൽ മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷൻ പൂർണമായും ഇല്ലാതാകും. കുട്ടികളല്ലേ അതെല്ലാം മറന്നോളും എന്നാണ് ചിന്തയെങ്കിൽ അതു വേണ്ട, അവർ മറക്കില്ല എന്നു മാത്രമല്ല, മാതാപിതാക്കൾ തങ്ങളോട് അടുക്കുന്നില്ല എന്ന ചിന്ത അവരെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിടും. ഇത്തരത്തിലുള്ള കുട്ടികളിൽ ഭാവിയിൽ അമിതമായ ദേഷ്യം, വാശി തുടങ്ങിയവ കണ്ടുവരുന്നു.

അതിനാൽ വീടെത്തിയാൽ കഴിവതും കുറഞ്ഞത് രണ്ടു മണിക്കൂർ നേരമെങ്കിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. കഥ പറയാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും, മനസ് തുറക്കാനും ശ്രമിക്കുക. കുഞ്ഞുങ്ങളുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകളെ അവരുടെ പ്രായത്തിൽ നിന്നും മനസിലാക്കാൻ ശ്രമിക്കുക. വിഷാദപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യത്തോടെ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങൾ