ഓരോ കുട്ടിയും കാണണം ഇത്, ഒപ്പം മാതാപിതാക്കളും!

കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾ ദിവസവും വർദ്ധിച്ചുവരികയാണ്. വാർത്തകളിലൂടെ പുറത്ത് വരുന്ന സംഭവങ്ങളേക്കാൾ എത്രയോ അധികമാണ് പുറലോകമറിയാതെ കടന്നു പോകുന്നവ. 80 ശതമാനം സംഭവങ്ങളിലും പരിചയക്കാർ തന്നെയാണ് പ്രതികൾ എന്നാണ് പഠനങ്ങൾ പറയുന്നത്. ചെറുപ്രായത്തിൽത്തന്നെ സ്വകാര്യ ഭാഗങ്ങളെപറ്റിയും നല്ല/ചീത്ത സ്പർശനങ്ങളെയും തിരിച്ചറിയാനും കുട്ടികളെ പഠിപ്പിക്കുക. ഇടയ്ക്കിടെ അതു ഓർമിപ്പിക്കുക. അങ്ങനെ ഒരു ദുരനുഭവമുണ്ടായാൽ തുറന്നുപറയാനുള്ള ആത്മവിശ്വാസം കുട്ടികൾക്കു നൽകുക.

കുട്ടികൾക്ക് മാതാപിതാക്കളോടും മറ്റ് വിശ്വസ്തരായവരോടും എന്തും തുറന്നു പറയാനുള്ള സാഹചര്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ചെറുപ്രായത്തിൽത്തന്നെ കുട്ടികളിൽ ഇത്തരം അപകടങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് ലളിതമായി മനസിലാക്കി കൊടുക്കാൻ സഹായകരമാണ് ചൈൽ‍ഡ് ലൈനിന്റെ കോമൾ എന്ന എഡ്യൂക്കേഷനൽ വിഡിയോ.

തന്റെ ശരീരത്തിൽ അനാവശ്യമായി ആരും സ്പർശിക്കാൻ പാടില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ എന്ത് ചെയ്യണമെന്നും എങ്ങനെ പ്രതികരിക്കണമെന്നുമൊക്കെ കുട്ടികൾ വളരെ വേഗം മനസിലാകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ വിഡിയോ കുട്ടികളെ കാണിക്കുകതന്നെ വേണം.