കാണാതാകുന്ന കുട്ടികൾ; കാണണം ഈ വിഡിയോ! | Child Missing Cases Kerala | Parenting

കാണാതാകുന്ന കുട്ടികൾ; കാണണം ഈ വിഡിയോ

കാണാതാകുന്ന കുട്ടികളെക്കുറിച്ചു വാർത്തകളും ആശങ്കകളും നിറഞ്ഞ ഒരു കാലമാണിത്. എല്ലാക്കാലത്തുമുണ്ടായിരുന്നു ഇത്തരം പേടിപ്പെടുത്തുന്ന വാർത്തകൾ എങ്കിലും ഇപ്പോഴത് ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. കാണാതായ കൺമണികൾ എത്രയോ വീടുകളുടെ മാത്രമല്ല നാടിന്റെ കൂടെ കണ്ണീരായി മാറുന്നു.

കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളിൽ ഇനി 49 പേരെ കണ്ടെത്താനുണ്ടെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പേടിപ്പെടുത്തുന്നത് തന്നെയാണ്. സാക്ഷരർ നിറഞ്ഞ കേരളത്തിലും കുട്ടികൾ പൂർണമായി സുരക്ഷിതരല്ലെന്നു തന്നെയാണ് ഇത് കാണിക്കുന്നത്. ഭിക്ഷാടന മാഫിയകളുടെ കൈകളിലും മറ്റും എത്തിപ്പെടുന്ന എത്രയോ കുട്ടികളുണ്ട്. തിരിച്ചുകിട്ടാതെ പോകുന്ന ഈ കുരുന്നുകളുടെ ജീവിതം എന്നും വേദനാജനകം തന്നെയാണ്.

റേഡിയോ മാംഗോയിലെ ആർ ജെ നീന ഈയിടെ പങ്കുവച്ച വിഡിയോ വളരെ പ്രസക്തമാണ്. ഒരുപാട് മാതാപിതാക്കളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ അവർ പറഞ്ഞു കൊടുത്ത ടിപ്സുകളാണ് നീന ഇവിടെ പങ്കു വയ്ക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ മാതാപിതാക്കളായ നമുക്കോരുരുത്തർക്കും എന്ത് ചെയ്യാനാകും? ഇവിടെ കുട്ടികളെ തന്നെയാണ് ആദ്യം ബോധവത്ക്കരിക്കേണ്ടത്. അവർ തന്നെയാകണം അവരുടെ ആദ്യ രക്ഷകൻ. വളരെ ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാം. ഇത്തരക്കാർ അവരെ സമീപിക്കുമ്പോൾ എന്തൊക്കെ ചെയ്യണം എങ്ങനെയൊക്കെ പെരുമാറണം ഇതൊക്കെ അവരെ പഠിപ്പിക്കാം. കുട്ടികൾക്കും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. അവരുടെ ശക്തി അവരെ പറഞ്ഞ് ബോധ്യപ്പെടുത്താം.