വെറും 14 മാസം പ്രായം, ഇവൻ ഭാവിയിലെ ഐൻസ്റ്റീൻ! | Child Genius Justus Smith | Parenting

വെറും 14 മാസം പ്രായം, ഇവൻ ഭാവിയിലെ ഐൻസ്റ്റീൻ!

ഇത് ജസ്റ്റസ് സ്മിത്ത്, പേര് കേട്ട് ഏതോ മുതിർന്നാളാമെന്നൊന്നും ധരിക്കേണ്ട ആകെ പതിനാല് മാസം മാത്രമേയുള്ളൂ കക്ഷിക്ക് പക്ഷേ അറിയപ്പെടുന്നത് ഭാവിയിലെ ഐൻസ്റ്റീൻ എന്നാണ്. ഒന്‍പത് മാസമായപ്പോൾ തന്നെ കുഞ്ഞ് സംസാരിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ ജസ്റ്റീസിനും അമ്മ ഷയീലയ്ക്കും കാര്യം അത്ര പിടികിട്ടിയില്ല. ആദ്യത്തെ കുട്ടിയായതു കൊണ്ട് കുഞ്ഞിന്റെ ഡെവലപ്മെന്റിനെ കുറിച്ചൊന്നും വലിയ ധാരണയൊന്നും രണ്ടാൾക്കുമില്ലായിരുന്നുവെന്ന് ജസ്റ്റീസ് പറയുന്നു. എന്നാൽ കക്ഷി പതിയെ നീളമുള്ള വാചകങ്ങൾ പറയാനും അക്ഷരങ്ങൾ തിരിച്ചറിയാവും വായിക്കാനും തുടങ്ങിയതോടെ അവർക്ക് സംശയമായിത്തുടങ്ങി. പതിയെ കുട്ടിയെ അവർ നിരീക്ഷിക്കാൻ തുടങ്ങി.

കട്ടിയുള്ള വാക്കുകൾ തിരിച്ചറിയാനും വായിക്കാനും തുടങ്ങിയതോടെ മകന് എന്തൊക്കെയോ പ്രത്യകതകളുണ്ടെന്ന് അവർ ഉറപ്പിച്ചു. അമ്മ ഷയീലയാണ് അവന്റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കയിലെ ടെന്നീസിയിലാണ് ഈ കൊച്ചു കുടുംബം താമസിക്കുന്നത്. ജസ്റ്റീസ് പറയുന്നത് ഈ കുഞ്ഞു ജീനിയസിന് അവന്റെ അമ്മ ഷയീലയുടെ ബുദ്ധിയാണ് കിട്ടിയിരിക്കുന്നതെന്നാണ്.


വാക്കുകളും വാചകങ്ങളും കുഞ്ഞ് ജസ്റ്റീസ് വായിക്കുന്നത് യാതൊരു പരിശീലനവും കൂടാതെയാണെന്നാണ് ഇവർ പറയുന്നത്. ആദ്യമൊക്ക ഇവർ കരുതിയത് അവൻ ഈ വാക്കുകളൊക്കെ ഓർത്തുവച്ചാണ് വായിക്കുന്നതെന്നാണ്. പക്ഷേ ഒരോ വാക്കും ശരിയായ ഉച്ഛാരണ ശുദ്ധിയോടെ തന്നെയാണവൻ വായിക്കുന്നതും. ഒന്ന് മുതൽ പത്ത് വരെ ചൊല്ലാനും വായിക്കാനും, ഇംഗ്ളീഷ് അക്ഷരമാലയിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും തിരിച്ചറിയാനും ഈ കുഞ്ഞ് ജീനിയസിനാകും.

ഇത് മാത്രമല്ല അവന്റെ തുണികളെല്ലാം സ്വയം കഴുകാനാണ് കക്ഷിക്കിഷ്ടം. കൂടാതെ വീടൊക്കെ തനിയെ തൂത്ത് വൃത്തിയാക്കാനും ജസ്റ്റീസിന് വലിയ താൽപര്യമാണത്രേ. മുതിർന്നവർക്കു പോലും പാടാൻ സാധിക്കാത്ത ചില പാട്ടുകൾ വളരെ എളുപ്പത്തിൽ അവൻ പഠിച്ചെടുത്ത് പാടും. വളരെയേറെ കളിവുകളുള്ള ഇവനെ ഭാവിയിലെ ഐൻസ്റ്റീൻ എന്നാണ് വിളിക്കുന്നതെങ്കിലും വളരുമ്പോൾ അവനിഷ്ടമുള്ള വഴി തെരഞ്ഞെടുത്തു കൊള്ളട്ടെയെന്നാണ് ഈ മാതാപിതാക്കൾ പറയുന്നത്. അവൻറെ വളർച്ചയുടെ ഓരോഘട്ടത്തിലും പ്രോത്സാഹനവുമായി തങ്ങൾ ഒപ്പമുണ്ടാകുമെന്നും ഇവർ പറയുന്നു.