ഈ കത്ത് ഡാഡിക്ക് കൊടുക്കാമോ? മരിച്ച അച്ഛന് മകന്‍റെ കത്ത്; ഞെട്ടിച്ച് മറുപടി

മിസ്റ്റർ പോസ്റ്റ്മാൻ, ഇത് സ്വർഗത്തിലുള്ള എന്‍റെ ഡാഡിക്ക് പിറന്നാൾ ദിനത്തിൽ കൊടുക്കാമോ?'' സ്കോട്ട്ലന്‍റിലെ ഏഴുവയസുകാരൻ മരിച്ചുപോയ പിതാവിനെഴുതിയ കത്താണ്. ആ നിഷ്കളങ്കതക്ക് മറുപടിയുമെത്തി. കത്ത് സ്വർഗത്തിലെത്തിയെന്ന വിവരമറിഞ്ഞ് ആ കുഞ്ഞുമനസ് സന്തോഷിച്ചു.

ഡെലിവറി ഓഫീസ് മാനേജറാണ് കുട്ടിക്ക് മറുപടിയച്ചത്: ''പ്രിയപ്പെട്ട ജാസ്, നിന്‍റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. എങ്ങനെയാണ് സ്വർഗത്തിലുള്ള ഡാഡിയുടെ അടുത്ത് ഈ കത്ത് എത്തിക്കുന്നതിൽ ഞങ്ങൾ വിജയിച്ചതെന്ന് നിന്നോട് പറയാനാഗ്രഹിക്കുന്നു. നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം. കത്തുകൾ സുരക്ഷിതമായി എത്തിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വർഗത്തിൽ ഈ കത്ത് എത്തിയെന്നുറപ്പു വരുത്താൻ എനിക്കു കഴിയുന്നതെല്ലാം ഞാൻ ചെയ്യും'',

വിശ്വസ്തതയോടെ,
സീന്‍ മിലിഗൺ
അസിസ്റ്റൻറ് ഡെിലവറി ഓഫീസ് മാനേജർ

കുട്ടിയുടെ അമ്മ റ്റെറി കോപ്ലണ്ട് ആണ് ഫെയ്സ്ബുക്കിലൂടെ മറുപടി കത്തിന്‍റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഡാഡിക്ക് കത്ത് കിട്ടിയെന്നറിഞ്ഞപ്പോള്‍ മകനുണ്ടായ സന്തോഷം വിവരിക്കാനാവില്ലെന്നും മനുഷ്യരിൽ തനിക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാൻ ഈ സംഭവം കാരണമായെന്നും കോപ്ലണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചു.