ബിൽ ഗേറ്റ്സിൻറെ കിടിലൻ പേരൻറിങ് ടിപ്സുകൾ

ബിൽ ഗേറ്റ്സിനെ നമുക്കെല്ലാവർക്കും അറിയാം, ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ സമ്പന്നൻ, മൈക്രോസോഫ്റ്റിന്റെ ഉടമ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. എന്നാൽ മറ്റൊരു കാര്യത്തിലും ബിൽ ഗേറ്റ്സ് എല്ലാ മാതാപിതാക്കൾക്കും മാതൃകയാണ്. ഇത്രയും വലിയ സമ്പന്നൻ മക്കളെ എങ്ങനെയാകും വളർത്തുക? എല്ലാ സുഖസൗകര്യങ്ങളും നൽകിയാകും അവരെ അദ്ദേഹം വളർത്തുക എന്നല്ലേ നമ്മളിൽ പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളെ വളർത്തുന്നതിൽ ബിൽ ഗേറ്റ്സിനും ഭാര്യയ്ക്കും ചില ചിട്ടവട്ടങ്ങളൊക്കയുണ്ട്. അവ എന്തൊക്കയാണെന്ന് നോക്കാം. ഇരുപത്തി ഒന്നും പതിനെട്ടും പതിനഞ്ചും വയസുള്ള കുട്ടികളാണ് ബിൽ ഗേറ്റ്സിന്.

നോ മൊബൈൽ നോ ഇൻറർനെറ്റ്
മൊബൈൽ ഫോണിൻറെ അധിക ഉപയോഗം കുട്ടികളെ ടെക്നോളജി അഡിക്റ്റാക്കും എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് നിയന്ത്രിക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. എന്നാൽ ബിൽഗേറ്റ്സ് തൻറെ കുട്ടികളെ പതിനാലു വയസ്സുവരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. മാത്രമല്ല അധിക നേരം ഇൻറർനെറ്റിൽ ചെലവഴിക്കാനും സമ്മതിച്ചിരുന്നില്ലത്രേ. ഭക്ഷണ സമയത്ത് ഫോൺ ഉപയോഗിക്കാതിരിക്കാൻ ബിൽഗേറ്റ്സും ഭാര്യയും അവർക്ക് മാതൃക കാട്ടി. ഇതൊക്ക കുടുംബാംഗങ്ങൾ തമ്മിൾ കൂടുതൽ ഇടപഴകാനും ബന്ധം ഊഷ്മളമാകാനും സഹായിക്കുമെന്ന് ബിൽഗേറ്റ്സ് പറയുന്നു.

ബാലവേലയല്ല വീട്ടുജോലികൾ
വീട്ടിലെ ചെറിയ ജോലികൾ കുട്ടികളും ചെയ്യണമെന്നാണ് ബിൽ ഗേറ്റ്സിൻറെ വാദം. കുട്ടികൾ ഉത്തരവാദിത്വമുള്ളവരായി വളർന്നു വരാൻ ഇത് സഹായിക്കുമത്രേ. ജോലികൾ ചെയ്യുന്നതിന് അവർക്ക് ചെറിയ തുകകൾ പോക്കറ്റ് മണിയായി കൊടുക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. എത്ര പണമുണ്ടെങ്കിലും അതിന്റെ വില അറിഞ്ഞു വളരാൻ അതവരെ സഹായിക്കും. മാത്രമല്ല അധ്വാനത്തിന്റെ മഹത്വവും അവർ മനസിലാക്കും.

സ്വത്ത് സ്വന്തമായി സമ്പാതിക്കുക
മാതാപിതാക്കളുടെ സമ്പാദ്യമെല്ലാം മക്കൾക്ക് എന്ന കാഴ്ചപ്പാട് തകിടം മറിക്കുകയാണ് ബിൽ ഗേറ്റ്സ്. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക, അവർക്ക് വേണ്ട സ്വത്ത് അവർ അതിലൂടെ സ്വയം സമ്പാദിക്കുക എന്ന പോളിസിയാണ് ബിൽ ഗേറ്റ്സ് പിൻതുടരുന്നത്. അപ്പോൾ അദ്ദേഹത്തിൻറെ സ്വത്തുക്കൾ എന്തു ചെയ്യുമെന്നല്ലേ? ലോകത്തിലെ ദുരിതബാധിതർക്കായി സ്വത്തിൻറെ മുക്കാൽ പങ്കും ബിൽ ഗേറ്റ്സ് മാറ്റി വച്ചിരിക്കുകയാണ്. ‍