പൊന്നോമനകള്‍ നിറഞ്ഞു ചിരിക്കണ്ടേ...ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കുട്ടികളുടെ ആരോഗ്യം പലപ്പോഴും രക്ഷിതാക്കളെ അലട്ടുന്ന പ്രധാനപ്പെട്ട വിഷയമാണ്. ഓടിച്ചാടി കുസൃതികള്‍ കാണിച്ച് നടക്കുന്ന അവരുടെ മുഖം വാടുമ്പോഴും ശരീരം ക്ഷീണിക്കുമ്പോഴും അവരെ സ്‌നേഹിക്കുന്ന വലിയവരുടെ ഉന്മേഷം കൂടിയാണത് കെടുത്തുന്നത്. ഒരല്‍പം കരുതലുണ്ടായാല്‍ കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് പരിഗണിക്കാവുന്നതേ ഉള്ളു. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഭക്ഷണം 
ആരോഗ്യത്തിലേക്കുള്ള  ആദ്യ പടി ഭക്ഷണം തന്നെയാണ്. പറഞ്ഞു പഴകിയ ഈ പല്ലവി പക്ഷെ നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍  നമുക്ക് പലപ്പോഴും കഴിയാറില്ല. അങ്ങനെയാവുമ്പോള്‍ സമീകൃതാഹാരം എന്നത്  ഒരു ആശയം മാത്രമായി ഒതുങ്ങുന്നു. ജങ്ക്ഫുഡ് ഈ സ്ഥാനം കയ്യടക്കുക കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമാവുന്നു.  

കൊച്ചുകുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മുലപ്പാലിനോളം ശ്രേഷ്ഠമായ മറ്റൊരാഹാരവും ഇല്ല. ജീവിതത്തിലുടനീളം വേണ്ട ആരോഗ്യത്തിന്റെയും പ്രതിരോധശേഷിയുടെയും അടിത്തറ ആണത് പാകുന്നത്. മുലയൂട്ടുന്ന അമ്മമാരും പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനത്യാവശ്യമാണ്.  

വെളുത്തുള്ളിയും, ഇഞ്ചിയും, മഞ്ഞളും, ഗ്രാമ്പുവും ഒക്കെ മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ ഉള്‍പ്പെടുത്തുന്നതും കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. 

പഴങ്ങളും, വേവിച്ച പച്ചക്കറികളും ഇലവര്‍ഗങ്ങളും കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്ക് കൊടുക്കുന്നതും വളരെ  നല്ലതാണ്. അവരെ ഇത് കഴിപ്പിക്കാന്‍ ചില സൂത്രവിദ്യകളൊക്കെ കണിക്കണ്ടിവരുമെന്നു മാത്രം.

അതുപോലെ കുട്ടികള്‍ നട്‌സ് കഴിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ പൊടിയാക്കിയശേഷം പാലില്‍ മിക്‌സ് ചെയ്തു കൊടുക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്. വെള്ളം ചോദിക്കുമ്പോള്‍ തേങ്ങാവെള്ളമോ, മോരിന്‍വെള്ളമോ, ഫ്രൂട്ട് ജൂസോ ഒക്കെ കൊടുക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ട  പോഷകങ്ങള്‍ എത്തിക്കാന്‍ എളുപ്പ മാര്‍ഗവുമായി. 

ഇതോടൊപ്പം തന്നെ കുഞ്ഞുങ്ങള്‍ ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കുന്നുണ്ടെന്നത് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. എളുപ്പത്തില്‍ ഭക്ഷണത്തില്‍ നിന്നും  ലഭിക്കാത്ത വിറ്റാമിന്‍ ഡിക്കു  ഇതത്യാവശ്യമാണ്.

ഉറക്കം/കളി
കൊച്ചുകുട്ടികള്‍കു 10-11 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അവരുടെ തലച്ചോറിന്റെ സുഗമമായ വളര്‍ച്ചയ്ക്കു ഉറക്കത്തിനുള്ള പങ്കു വലുതാണ്. അല്ലെങ്കിലും നിസ്‌കളങ്കമയി ഉറങ്ങുന്ന കുഞ്ഞിന്നെ ശല്യപ്പെടുത്താന്‍ ആര്‍ക്കാനാവുക. തുല്യപ്രാധാന്യമാണ് കളികള്‍ക്കുള്ളത്. 

കുഞ്ഞുങ്ങള്‍ കളിച്ചു തന്നെ വളരണം. എന്നാല്‍ മാത്രമേ അവരുടെ വളര്‍ച്ച സന്തുലിതമാവുകയുള്ളു. പക്ഷെ അമിത പഠനഭാരം ഇതിനൊരു വിലങ്ങുതടിയാവുന്നു എന്നതാണ് സത്യം. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിയ്ക്കാന്‍ മാതാപിതാള്‍ക്കുകൂടെ അല്‍പ്പം സമയം  കണ്ടെത്താനായാല്‍ വളരെ നല്ലത്. കുട്ടികളും  മാതാപിതാക്കളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിത്തറ കെട്ടേണ്ടത് ശൈശവ-ബാല്യഘട്ടത്തില്‍  തന്നെയാണ്. കുഞ്ഞുങ്ങളുടെ കളികളിലും കുട്ടികഥകളിലും ഭാഗമാവുന്നതിനേക്കാളേറെ എളുപ്പത്തില്‍ അവരുടെ മനസ്സില്‍ കയറിപ്പറ്റാന്‍ പറ്റിയ വേറൊരു മാര്‍ഗവുമില്ല. ഒരു കുഞ്ഞുകുട്ടിയുടെ കളികൂട്ടുകാരാവാന്‍ അച്ഛനും അമ്മയ്ക്കും കഴിഞ്ഞാല്‍, വളര്‍ച്ചാഘട്ടങ്ങളിലും ആ സൗഹൃദം നിലനിര്‍ത്താനായാല്‍, ഭാവിയിലും ഒരു വിളിപ്പാടകലെ അവരുണ്ടാവും. 

വാക്‌സിനേഷന്‍/വൃത്തി 
ശുചിത്വമില്ലായ്മയാണ് കുട്ടികള്‍ക്കിടയിലെ പല രോഗങ്ങള്‍ക്കും കരണഹേതു. ഭക്ഷണത്തിന്റെ മുന്‍പും പിന്‍പും കയ്യും വായും കഴുകിക്കുന്നതും സ്‌കൂള്‍ വിട്ടു വന്നാലും കളിക്കളത്തില്‍ നിന്ന് വന്നാലും ദേഹം വൃത്തിയാക്കുന്നത് ശീലമാക്കിക്കേണ്ടതും ആവശ്യമാണ്. ഇടയ്ക്ക് ‌വിരശല്യത്തിനിന്നുള്ള മരുന്ന് കൊടുക്കുന്നതും നല്ലതാണ്. കൈകാലുകളിലെ നഖം മുറിക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തുന്നില്ല എന്നുശ്രേദ്ധിക്കേണ്ടതും രക്ഷിതാക്കള്‍ തന്നെ.

മറ്റൊരു പ്രധാന കാര്യമാണ് വാക്‌സിനേഷന്‍. കൃത്യമായുള്ള വാക്‌സിനേഷന്‍ പല രോഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. 

ഒരു കുഞ്ഞുണ്ടായാല്‍ നമ്മള്‍ ചുരുങ്ങിയത് ഇരുപത് വര്‍ഷത്തെ പ്രോജക്ടിന് ഇറങ്ങിത്തിരിച്ചു എന്നാണര്‍ത്ഥം. അത് നന്നായി പൂര്‍ത്തീകരിക്കണമെങ്കില്‍ ഓരോ ചുവടും സൂക്ഷിച്ചു തന്നെ വയ്ക്കണം. കരുതലോടെ  വയ്ക്കണം.