കുട്ടികൾ ഉള്ള വീട്ടിൽ മൃഗങ്ങളെ വളർത്താമോ ?

കുട്ടികൾ ഉള്ള വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താമോ ? പല മാതാപിതാക്കളും സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണത്. വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോഴേക്കും ഉണ്ടായിരുന്ന അരുമ മൃഗങ്ങളെ വിൽക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്താണിതിന് കാരണം? വളർത്തുമൃഗങ്ങളിൽ നിന്നും രോഗങ്ങൾ ഉണ്ടാകുമോ? പട്ടി, പൂച്ച തുടങ്ങിയവയുടെ രോമങ്ങൾ കുട്ടികളുടെ വായിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുമോ? മൃഗങ്ങൾ ഉപദ്രവിക്കുമോ ? തുടങ്ങിയ ചിന്തകളാണ് ഇതിനുള്ള പ്രധാന കാരണം.

എന്നാൽ വളർത്തുമൃഗങ്ങൾ ഒരിക്കലും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം തകർക്കില്ല. മറിച്ച്, അവരെ കൂടുതൽ ഊർജസ്വലരാക്കി മാറ്റുകയെ ഉള്ളൂ. വളർത്തുമൃഗങ്ങളെ വളർത്തുന്ന വീട്ടിലെ കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഐക്യു ലെവലാ വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം, കളി , ചിരി എന്നിവ കുട്ടികളെ കൂടുതൽ മിടുക്കരാക്കുന്നു. 

ഭക്ഷണം  പങ്കുവയ്ക്കുക, സ്നേഹം പ്രകടിപ്പിക്കുക, ശ്രദ്ധ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ സ്വയം മനസിലാക്കുന്നതിന് വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടാകുന്നത് സഹായിക്കും. സഹജീവികളോടുള്ള സ്നേഹവും കരുണയും ആർദ്രതയുമെല്ലാം കുട്ടികളിൽ വളർത്തുന്നതിന് വളർത്തുമൃഗങ്ങൾ സഹായിക്കും. പുതിയ പഠനങ്ങൾ തെളിയിക്കുന്നത് വളർത്തു മൃഗങ്ങളെ വളർത്തുന്ന വീടുകളിലെ കുട്ടികൾ വാശിക്കാരാകില്ല എന്നതാണ്. 

അവർക്ക് കളിക്കാനും അവരുടെ ആജ്ഞകൾ അനുസരിക്കാനും പരാതിയോ പരിഭവമോ ഇല്ലാതെ അവർക്കൊപ്പം കളിക്കാനും തയ്യാറായ ഒരാൾ കൂടെ ഉണ്ടാകുക എന്നത് ഏറെ രസകരമാണ്. എന്നാൽ ഏതൊരു രക്ഷകർത്താവും ഭയക്കുന്നപോലെ തന്നെ വളർത്തുമൃഗങ്ങളിൽ നിന്നും അസുഖങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രോമം കൊഴിയുന്ന വളർത്തു പട്ടികളെയും പൂച്ചകളെയും ഒഴിവാക്കുക.

രോമമുള്ളവയെ തന്നെ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ അവയുടെ രോമങ്ങൾ ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. കുട്ടികളുടെ കിടക്കയിലും ഡൈനിംഗ് ടേബിളിലും വളർത്തു മൃഗങ്ങൾക്ക് സ്ഥാനം നൽകരുത്. അതുപോലെ തന്നെ രോമങ്ങൾ കൃത്യമായി ബ്രഷ് ചെയ്യുകയും കൊഴിയുന്നവ കളയുകയും വേണം. വളർത്തുമൃഗങ്ങളെ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കണം. തെരുവിലും റോഡിലൂടെയും അലഞ്ഞുതിരിയാൻ അനുവദിക്കരുത്. 

നായ്ക്കളിൽ അധികം വലിപ്പമില്ലാത്ത നായ്ക്കളാണ് നല്ലത്. വളർത്തുമൃഗങ്ങളുമായി കൂട്ടുകൂടുമ്പോൾ കുട്ടികൾ കൂടുതൽ ക്രിയാത്മകതയുള്ളവരാകുന്നു എന്നും പഠനം വ്യക്തമാക്കുന്നു. അതിനാൽ തന്നെയാണ് വിദേശ രാജ്യങ്ങളിൽ ബേബി സിറ്റർമാർ ആയി പോലും വളർത്തു മൃഗങ്ങളെ ഉപയോഗിക്കുന്നത്. കുട്ടികളെ സോഷ്യലൈസ് ചെയ്യുന്നതിനും, വ്യായാമം കിട്ടുന്നതിനുമെല്ലാം വളർത്തു മൃഗങ്ങൾ സഹായിക്കുന്നു.