കിടക്കയില്‍ മൂത്രമൊഴിക്കുന്നത് കുട്ടികളുടെ കുറ്റമല്ല

മഞ്ജു പി എം

ഏഴു വയസ്സ് കഴിഞ്ഞിട്ടും ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലമുള്ള മക്കളെ രാവിലെ വരവേല്‍ക്കുന്നത് അമ്മയുടെ ശകാരവും അച്ഛന്റെ തുറിച്ചു നോട്ടവും സഹോദരീ സഹോദരന്മാരുടെ കളിയാക്കലും ഒക്കെ ആയിരിക്കും. നനഞ്ഞ ബെഡ് ഷീറ്റെടുത്ത് ആരും കാണാതെ മാറ്റി വക്കുക, കഴുകി ഉണക്കാനിടുക ഇതൊക്കെ കുട്ടികള്‍ക്ക് രഹസ്യമായി ചെയ്യാനറിയാത്ത കാര്യങ്ങളുമാണ്. മൂത്രം നാറുന്ന ബെഡ് ഷീറ്റ് ദിവസവും കഴുകി ഉണക്കുന്ന പണി ആലോചിച്ചു ചീത്ത വിളിക്കുന്ന അമ്മക്ക് മുന്‍പിലും, ‘കിടക്കയില്‍ മുള്ളി’ എന്ന് കൂക്കി വിളിക്കുന്ന കൂട്ടുകാര്‍ക്കു മുന്നിലും നാണം കൊണ്ടും കുറ്റബോധം കൊണ്ടും തല താഴ്ത്തി നില്‍ക്കാനേ പാവം കുട്ടിക്ക് കഴിയൂ. എന്നാല്‍ ഉറക്കത്തില്‍ അറിയാതെ മൂത്രം പോകുന്നത് ആരുടെ കുറ്റമാണ്? എന്ത് കാരണം കൊണ്ടാണ്?

കുട്ടികളില്‍ മാത്രമല്ല പ്രായപൂര്‍ത്തിയെത്തിയ ചില കൗമാരക്കാരിലും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിച്ചു കിടക്ക നനയ്ക്കുന്ന ശീലമുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന മക്കളുടെ ഈ പ്രശ്നത്തിനു ഇനുറെസിസ് (Enuresis) എന്നാണ് പറയുന്നത്. മിക്കവരുടെ കാര്യത്തിലും ഇതിന്റെ യഥാര്‍ഥ കാരണം അറിയില്ല. പക്ഷെ, അവിചാരിതമായി സംഭവിക്കുന്ന ഈ പ്രവൃത്തി കുട്ടികളില്‍ ചമ്മല്‍, നാണം, ആത്മവിശ്വാസം കുറയല്‍ എന്നിവക്ക് കാരണമായി മാറുന്നുണ്ട്.

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണങ്ങള്‍
കുട്ടികള്‍ക്ക് ഉറക്കത്തില്‍ നിന്നും ടോയ്‌ലറ്റിൽ പോകാനുള്ള മടികൊണ്ട് മനപ്പൂര്‍വ്വം കിടക്കയില്‍ മൂത്രമൊഴിക്കുന്നതാണ് എന്നാണ് മിക്കവാറും ഉള്ള കുറ്റപ്പെടുത്തല്‍. സത്യത്തില്‍ ഇത് പ്രത്യേകമായ കാരണം കൊണ്ടല്ല പ്രത്യേകമായ സാഹചര്യങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. ഈ വൈകല്യത്തിന് കാരണം വേദനയോ ഉള്ളിലുള്ള എന്തെങ്കിലും അലട്ടലുകളോ ആകാം. പ്രധാനമായും രണ്ടു തരം കുട്ടികളിലാണ്‌ കിടക്കയില്‍ മൂത്രമൊഴിക്കല്‍ സംഭവിക്കുന്നത്. ഒന്ന്, മൂത്രസഞ്ചിയെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരില്‍. രണ്ടാമത്, മൂത്രസഞ്ചിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടായിരിക്കും പക്ഷേ മിക്കപ്പോഴും ആ നിമിഷം അവര്‍ക്ക് കൈവിട്ടുപോകുന്നു.

ബന്ധപ്പെട്ടു വരുന്ന മറ്റു കാരണങ്ങള്‍
1. ചില കുട്ടികളില്‍ നാഡീവ്യൂഹ വ്യവസ്ഥകള്‍ വികസിച്ചു വരുന്നത് വളരെ താമസിച്ചായിരിക്കും. അതിനാല്‍ കുട്ടികള്‍ക്ക് അവരുടെ മൂത്രസഞ്ചി നിറയുന്ന കാര്യം തിരിച്ചറിയാനാകില്ല.
2. കുട്ടികളുടെ മൂത്രസഞ്ചിയുടെ വലുപ്പം വളരെ ചെറുതാണ്. ധാരാളം മൂത്രത്തെ ഉൾകൊള്ളാനാകാതെ വരുമ്പോള്‍ അത് പുറന്തള്ളപ്പെടുന്നു.
3. കിഡ്നിയിലൂടെ ഊറിവരുന്ന മൂത്രത്തെ നിയന്ത്രിക്കുന്നത് ആന്റി ഡ്യുറട്ടിക് ഹോര്‍മോണ്‍ ആണ്. കുട്ടികളില്‍ ഈ ഹോര്‍മോണിന്റെ അളവ് കുറവായതിനാല്‍ ഉറങ്ങുമ്പോള്‍ മൂത്രസഞ്ചിയെ നിയന്ത്രിക്കാനാകാതെ വരുന്നു.
4. ചില കുട്ടികളുടെത് വളരെ ഗാഢനിദ്ര ആയിരിക്കും. അപ്പോള്‍ മൂത്രമൊഴിക്കാന്‍ ബാത്റൂമിലേക്ക് പോകാന്‍ അവര്‍ ഉണരുകയേയില്ല. ഇതും കിടക്ക നനയുന്നതിനു കാരണമാകുന്നു.
5. പാരമ്പര്യമായി കിട്ടുന്ന ശീലങ്ങളില്‍ ഇതും പെടുന്നു. മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും ചെറുപ്പത്തില്‍ ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നുവെങ്കില്‍ ആ സ്വഭാവം കുട്ടിക്കും കിട്ടുമെന്നത് എഴുപത് ശതമാനം ഉറപ്പാണ്‌. എന്നാല്‍ ഒരാൾക്കായിരുന്നു ഈ ശീലം ഉണ്ടായിരുന്നതെങ്കില്‍ കുട്ടിയിലേക്ക് ശീലം പകരാന്‍ നാല്‍പതു ശതമാനം സാധ്യത ഉണ്ട്.
6. വൈകാരികമായ ചില മനപ്രയാസങ്ങള്‍ ഇതിനൊരു കാരണമാണ്. വീട് മാറി കിടന്നുറങ്ങുന്നത്, വേറെ സ്കൂളിലേക്ക് മാറിയത്, ഇളയ കുഞ്ഞിന്‍റെ ജനനം തുടങ്ങി കുട്ടികളുടെ മനസിനെ സ്വാധീനിച്ച കാര്യങ്ങള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിനു ഇട നല്‍കുന്നു.
7. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി കൊണ്ടോ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചത് കൊണ്ടോ ഉറക്കത്തിലെ മൂത്രമൊഴിക്കലിനു ഇരയാകേണ്ടി വരുന്നു. കാര്‍ബണേറ്റഡോ കഫീന്‍ അടങ്ങിയതോ ആയിട്ടുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നതും മൂത്രസഞ്ചിയുടെ ഉള്‍ഭാഗത്തെ അലോസരപ്പെടുത്തുന്നു.

ഉറക്കത്തിലുള്ള മൂത്രമൊഴിക്കല്‍ എങ്ങനെ മാറ്റിയെടുക്കാം
1. രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയെ നിര്‍ബന്ധമായും ടോയ്‌ലറ്റില്‍ മൂത്രം ഒഴിപ്പിച്ചിരിക്കണം. കുട്ടി ഉറങ്ങി രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് അലാറം വച്ചു എഴുന്നേല്‍പ്പിച്ചു ടോയ്‌ലറ്റിൽ കൊണ്ട് പോയി മൂത്രമൊഴിപ്പിക്കുന്നത് ശീലമാക്കുക.
2. രാത്രിയില്‍ കുറച്ചു വെള്ളം കുടിക്കാന്‍ നല്‍കിയാല്‍ മതി.
3. മാനസിക സംഘര്‍ഷങ്ങളും ഉത്കണ്ഠയുമൊക്കെ ഉറക്കത്തിലെ മൂത്രമൊഴിക്കലിന്റെ കാരണങ്ങള്‍ ആണ്. അങ്ങനെ എന്തെങ്കിലും കുട്ടിക്ക് ഉണ്ടോയെന്നു ചോദിച്ചു മനസിലാക്കുക.
5.പത്തു വയസ്സിനു ശേഷവും ഈ ശീലം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണിച്ചു മൂത്രനാളിയില്‍ എന്തെങ്കിലും അണുബാധയോ മൂത്രത്തില്‍ പ്രമേഹമോ ഉണ്ടോയെന്നു പരിശോധിപ്പിക്കുക.
6.പകല്‍ സമയത്ത് മൂത്രം നിയന്ത്രിച്ചു നിര്‍ത്താനുള്ള പരിശീലനവും നല്‍കാം. മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ തന്നെ ഒഴിക്കാതെ കുറച്ചു സമയം പിടിച്ചു നിര്‍ത്തിയതിനു ശേഷം ഒഴിച്ചു ശീലിക്കാന്‍ കുട്ടിയോട് പറയുക.
7. സോഡാ, സോഡാ കലര്‍ന്ന ശീതളപാനീയങ്ങള്‍, കൊക്കോ, ചോക്കലേറ്റ് തുടങ്ങിയവ മൂത്രസഞ്ചിയുടെ ഉള്‍വശത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണ പദാർഥങ്ങള്‍ രാത്രിയില്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.

ചില ഗൃഹ വൈദ്യങ്ങള്‍
ഉറക്കത്തില്‍ മൂത്രത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്തു പോരുന്ന ചില ഗൃഹവൈദ്യങ്ങള്‍ ഉണ്ട്. ഇതും മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ പരീക്ഷിച്ചു നോക്കാം. കുറച്ച് ഉണക്ക മുന്തിരി രാത്രി ഉറങ്ങും മുന്‍പ് കഴിക്കുക. പഴം രാത്രിയില്‍ കഴിക്കുന്നത് മൂത്രസഞ്ചിയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ നിറയെ നെല്ലിക്കയും കാല്‍ സ്പൂണ്‍ കറുത്ത കുരുമുളകിന്റെ പൊടിയും ചേര്‍ത്ത മിശ്രിതം രാത്രി ഉറങ്ങും മുന്‍പ് കുട്ടിക്ക് കഴിക്കാന്‍ നല്‍കുക. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ശിക്ഷിക്കാതെയും കളിയാക്കാതെയുമിരിക്കുക. അഭിമാനക്ഷതം അവരുടെ വ്യക്തി ജീവിതത്തെ ദീര്‍ഘകാലം ബാധിച്ചേക്കും. ഉറക്കത്തില്‍ മൂത്രമൊഴിക്കാത്ത ദിവസങ്ങളില്‍ കുട്ടിയെ അഭിനന്ദിക്കുക. ആ വാക്കുകള്‍ ഈ ശീലം മാറ്റാന്‍ പ്രചോദനമാകട്ടെ. ഉറക്കത്തില്‍ മൂത്രമൊഴിക്കാത്ത ദിവസങ്ങള്‍ കുറിച്ചുവച്ച് പത്തു ദിവസത്തിൽ കൂടുതല്‍ ആയാല്‍ ഓരോ മാസവും എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ നല്‍കുക, ഇത് കുട്ടികള്‍ക്ക് നല്ല ശീലത്തില‌േക്ക് വരാനുള്ള പ്രേരണ നല്‍കും.