മക്കളുടെ കൂട്ടുകെട്ട് അമിതമായാൽ

ഡോ.സി.ജെ. ജോൺ

പതിന്നാല് വയസ്സുള്ള ആൺകുട്ടിയുടെ അമ്മയാണ് ഞാൻ. അവന് തല്ലിപ്പൊളി കൂട്ടുകാരാണ് കൂടുതലും. അവർ ഇടയ്ക്കൊക്കെ വീട്ടിൽ വന്ന് അവന്റെ മുറിയിൽ ഒത്തുകൂടും. ഒരു ദിവസം എനിക്ക് ഭയങ്കര ദേഷ്യം വന്നു. ഞാൻ അവന്റെ കൂട്ടുകാരെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ആ സംഭവത്തിനു ശേഷം അവൻ എന്നോടു മിണ്ടുന്നില്ല. ചങ്ങാതിമാരുടെ മുമ്പിൽ നാണം കെടുത്തിയെന്ന് ഭർത്താവിനോടു പരാതി പറഞ്ഞു. അവൻ ചീത്തയായി പോകാതിരിക്കാൻ ചെയ്തതല്ലേ? എന്താണു പരിഹാരം?

ഡി.എസ്., മഞ്ചേശ്വരം

മക്കളുടെ ചെയ്തികളും ചങ്ങാത്തങ്ങളുമൊക്കെ തീർച്ചയായും മാതാപിതാക്കൾ നിരീക്ഷിക്കണം. വഴി തെറ്റുവാനുള്ള സൂചനകളുണ്ടെങ്കിൽ സ്നേഹപൂർവം തിരുത്തുകയും വേണം. സ്വാതന്ത്ര്യത്തിലുള്ള വിലങ്ങുകളെന്നും, അമിത ഇടപെടലുകളെന്നുമുള്ള പ്രതീതിയുണ്ടാകാതെ വേണം ഇതൊക്കെ ചെയ്യാൻ. അമ്മയ്ക്ക് ചുവടു പിഴച്ചത് അവിടെയാണ്. കൗമാരപ്രായത്തിൽ കൂട്ടുകാരോട് വിധേയത്വം കൂടുതലുണ്ടാകാം. ഇവന്റെ ചങ്ങാതിമാർ മോശക്കാരാണെന്ന അമ്മയുടെ നിഗമനം ശരിയായിരിക്കാം. പക്ഷേ, ഇവരോട് അടുപ്പുമുള്ളതുകൊണ്ടാണ് മകൻ വീട്ടിലേക്കു ക്ഷണിച്ചതെന്ന കാര്യംകൂടി പരിഗണിക്കണം. ഇഷ്ടമുള്ളവരോട് അമ്മ ഗെറ്റ് ഔട്ട് പറഞ്ഞാൽ മകന്റെ മനസ്സിന് മുറിവേൽക്കുമെന്ന് ഓർക്കേണ്ടതായിരുന്നു. സമപ്രായക്കാരുടെ മുമ്പിൽ ഇങ്ങനെ നാണംകെട്ടു പോകുന്നത് എത്ര വേദനയുണ്ടാക്കുമെന്ന് ചിന്തിക്കേണ്ടതായിരുന്നു. ഇവന്റെ ഉരിയാട്ടമില്ലാസമരം അതുകൊണ്ടു സംഭവിച്ചതാണ്.

ഇവരുടെ ഒത്തു കൂടലൊക്കെ കഴിഞ്ഞ് സ്നേഹത്തോടെയും കൂട്ടുണ്ടാക്കാനുള്ള അവന്റെ സ്വാതന്ത്ര്യത്തെ നിരാകരിക്കാതെയും ഈ വിയോജിപ്പ് പ്രകടിപ്പിക്കാമായിരുന്നു. ഇവർ നല്ല ചങ്ങാതിമാരല്ലെന്ന് തോന്നുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാമായിരുന്നു. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാതെ അവന് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമകൂടി കാണിക്കണം. അവരുമായുള്ള ബന്ധം വിടാൻ പറ്റില്ലെന്ന മട്ടിലാണ് അവനെങ്കിൽ കുഴപ്പങ്ങളിൽ ചാടാതിരിക്കാനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകാം. വിലക്കുകളിലൂടെ ചങ്ങാത്തങ്ങൾ ഇല്ലാതാകില്ല. വീടിനു പുറത്ത് എത്രയോ സാഹചര്യങ്ങൾ. നല്ലതും കെട്ടതും വേർതിരിച്ചെടുക്കാനുള്ള വിവേകത്തെയാണ് വളർത്തിയെടുക്കേണ്ടത്. ഏതൊരു സമരത്തിലും ഒരു മധ്യസ്ഥൻ വേണ്ടി വരും. ഭർത്താവിന്റെ സഹായത്തോടെ മിണ്ടൽ പുനസ്ഥാപിക്കാൻ ശ്രമിക്കുക.

മക്കളെ നിയന്ത്രിക്കുന്നതിൽ അപകടകരമായ ആവേശം കാട്ടുന്ന മാതാപിതാക്കളുടെ ചില ലക്ഷണങ്ങൾ കുറിക്കാം. കുട്ടികളുടെ പക്ഷം കേൾക്കാതെ അവർക്ക് ഏറ്റവും മികച്ചതെന്തെന്ന് ഇവർ കണ്ണടച്ചു തീരുമാനിച്ചു കളയും. അഭിരുചിയോ കഴിവുകളോ വിലയിരുത്താതെ മനോധർമമനുസരിച്ചുള്ള പ്രതീക്ഷകളുടെ ഭാരം പിള്ളേരുടെ മേൽ വച്ചുകെട്ടും. അമിത നിയന്ത്രണങ്ങളിലൂടെ ആത്മവിശ്വാസ കുറവിന്റെ വിത്തുകൾ വിതയ്ക്കും. ഇഷ്ടം എന്നോടുമാത്രം മതിയെന്ന വിചാരത്തിൽ സാമൂഹിക ബന്ധങ്ങളെ പരിമിതപ്പെടുത്തും. കൂട്ടുകെട്ടുകളിൽ ഈ അമ്മ ചെയ്തതു പോലുള്ള ഇടപെടലുകൾ നടത്തും. കുട്ടി സംസാരിക്കേണ്ട സന്ദർഭങ്ങളിൽ പോലും വക്താവായി മാറും. അലോസരപ്പെടുത്തുന്ന അന്വേഷണങ്ങൾകൊണ്ട് ശ്വാസം മുട്ടിക്കും. കുട്ടിക്ക് സ്വയം പരിഹരിക്കാവുന്ന പ്രതിസന്ധികളിൽ പോലും യോദ്ധാക്കളായി ഇറങ്ങും. നിയന്ത്രണത്തിന്റെ അമിത ഡോസുള്ള ഇമ്മാതിരി വളർത്തലുകൾ തീരുമാനമെടുക്കാനും, ഗുണദോഷങ്ങൾ വേർതിരിച്ചെടുക്കാനുമുള്ള വൈഭവങ്ങളെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യം കിട്ടുന്ന പ്രായത്തിൽ വീണ്ടുവിചാരമില്ലാത്ത റിബലുകളായി ഇവർ മാറിയേക്കാം. അതുകൊണ്ട് ഇമ്മാതിരി ഇടപെടലുകൾ മാതാപിതാക്കൾ തിരുത്തണം.