മക്കളെ ആദ്യമായി വേർപിരിക്കുമ്പോൾ അച്ഛനമ്മമാർ അറിയേണ്ടത്!

ഒരു വയസിനും മൂന്നു വയസിനും ഇടയിലുള്ള കുട്ടികളിലും ഉത്കണ്ഠ കാണപ്പെടുന്നതായി റിപ്പോർട്ടുകൾ. ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തുക അമ്മമാരുമായിട്ടായിരിക്കും. കുറേ നേരത്തേക്ക് അമ്മമാരെ കാണാതിരിക്കുന്നതോടെ കുഞ്ഞു മനസ്സിൽ ഉത്കണ്ഠയുണ്ടാകുമെന്നാണ് പഠനം. ജോലിക്കാരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളിലാണ് ഉത്കണ്ഠ കൂടുതലും കാണപ്പെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങളെ മാറ്റി നിർത്തുമ്പോൾ അത് ഉൾക്കൊള്ളാനുള്ള മനസികാവസ്ഥയിലായിരിക്കില്ല കുരുന്നുകൾ. ഇത് ചെറുപ്പത്തിൽ തന്നെ പ്രതികൂല മനസികാവസ്ഥയ്ക്ക് കാരണമാകുന്നു.

ഒരിക്കലും കുഞ്ഞിന്റെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് അച്ഛനമ്മമാർ ബോധവാന്മാരോ ബോധവതികളോ ആയിരിക്കില്ല. കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകർക്കായിരിക്കും അവരുടെ യഥാർത്ഥ മാനസികാവസ്ഥയെ കുറിച്ച് അറിയാൻ കഴിയുക. വളർന്നുവരും തോറും കുട്ടികളുടെ സ്വഭാവത്തിലും പ്രകടനത്തിലും ചില പെരുമാറ്റ വൈകല്യങ്ങൾ കാണാൻ കഴിയും. കുട്ടികളിലെ ഉത്കണ്ഠ തിരിച്ചറിയാനുള്ള ചില സൂചനകൾ ഇവയാണ്; . ആരെങ്കിലും അടുത്തു വന്നാലോ, സംസാരിച്ചാലോ പെട്ടെന്ന് ഭയന്നു പോകുന്ന കുഞ്ഞിന്റെ പെരുമാറ്റം. . രാത്രി ദുർസ്വപ്‌നങ്ങൾ കണ്ടു ഞെട്ടിയുണർന്ന് കരയുക. . അച്ഛനമ്മമാർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള അകാരണമായ ഭയം. ഇത്തരം പെരുമാറ്റങ്ങൾ കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായാൽ നല്ലൊരു മാനസികരോഗ വിദഗ്ധനെ കാണിച്ചു ചികിത്സ തേടേണ്ടതാണ്.

കുട്ടികളിൽ ഉത്കണ്ഠ ഉണ്ടാകാതിരിക്കാനായി മാതാപിതാക്കൾക്ക് ചില മുൻകരുതലുകൾ എടുക്കാം. . കുഞ്ഞിനെ വിട്ടു പുറത്തുപോകുമ്പോൾ, തിരിച്ചുവരും എന്നൊരു ഉറപ്പ് നൽകാൻ മറക്കരുത്. . പുറത്തുപോയി തിരിച്ചു വരുമ്പോൾ ഞാൻ തിരിച്ചു വന്നല്ലോ എന്ന തരത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണം. . കുഞ്ഞിനെ സ്ഥിരമായി പരിചരിക്കുന്ന ഒരു ആയ വീട്ടിലുണ്ടെങ്കിൽ, അവർ പുറത്തുപോകുമ്പോൾ കുഞ്ഞിന്റെ ശ്രദ്ധ അവരിൽ നിന്ന് മാറ്റാൻ ശ്രമിക്കണം. ഉത്കണ്ഠ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ അതൊരു ഗുരുതര പെരുമാറ്റ വൈകല്യമായി മാറാനുള്ള സാധ്യത കൂടുതലാണ്. ഭാവിയിൽ ഇത്തരക്കാർ അമിതമായ ദേഷ്യവും നിരാശയും പ്രകടിപ്പിക്കും. കൂട്ടുകൂടാൻ ആഗ്രഹിക്കാത്ത ഇവർ സ്‌കൂളിലും വീട്ടിലും ഒറ്റയ്ക്കായിരിക്കും. തുടക്കത്തിലേ ശ്രദ്ധിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

കൂടുതൽ വാർത്തകൾക്ക് http://www.vanitha.in