വിടർന്ന കണ്ണുകൾ, തുടുത്ത കവിളുകൾ, തിളങ്ങുന്ന മുടിയിഴകൾ... ഈ സുന്ദരിയെ വെല്ലാൻ ആര്? ‍

വിടർന്ന തിളങ്ങുന്ന കണ്ണുകളും, നല്ല തുടുത്ത കവിളുകളും, തിളങ്ങുന്ന നീണ്ട മുടിയുമുള്ള ബേബി ചാൻകോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ജപ്പാനിൽനിന്നുളള ഈ കൊച്ചു മിടുക്കിയ്ക്ക് നിമിഷം പ്രതി ആരാധകർ കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ കുറച്ച് ഫോട്ടോകൾ മാത്രമാണ് ചാൻകോയുടേത് ഉള്ളത് എന്നാൽ ഒരോ ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന ഇഷ്ടങ്ങള്‍ കണ്ടാൽ അറിയാം കുഞ്ഞ് ചാൻകോ സമൂഹമാധ്യമത്തിൽ എത്രമാത്രം പ്രിയപ്പെട്ട വാവയാണെന്ന്. ലക്ഷക്കണക്കിനാളുകളാണ് ബേബി ചാൻകോയ്ക്ക് ആരാധകരായുള്ളത്.

ജപ്പാനിൽനിന്നുളള ബേബി ചാൻകോ നടക്കാനോ സംസാരിക്കാനോ ഒന്നും തുടങ്ങിയിട്ടില്ല, പക്ഷേ ഒരോ ചിത്രത്തിനും കിട്ടിക്കൊണ്ടിരിക്കുന്നത് പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ്. കുഞ്ഞു ചാൻകോയുടെ ഏറ്റവും വലിയ ആകർഷണം ആ ഇടതൂർന്ന മുടിയാണ്. മുടിക്കാണ് ആരാധകരേറെയും. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഹെയർസ്റ്റൈലിലാണ് കക്ഷി പ്രത്യക്ഷപ്പെടാറ്. മുടി അഴിച്ചിട്ടും വ്യത്യസ്ത ഹെയർ ബാൻഡുകൾ വച്ചും കിടിലൻ ലുക്കിലാണ് കുഞ്ഞ് ഓരോ ചിത്രത്തിലും വരാറ്. ഇൻസ്റ്റഗ്രാമിൽ തരംഗമായ ഏഴ് മാസം മാത്രമുള്ള ഈ ക്യൂട്ട് വാവ ജനിച്ചതേ തല നിറയെ മുടിയുമായായിരുന്നു.

ഹെയർ ഡയറി എന്ന പേരിൽ കുഞ്ഞ് ചാൻകോയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് വാവയുടെ അമ്മതന്നെയാണ്. ചാൻകോ ബേബി ഷാംപൂവിന്റേയോ ഹെയർ ബോയുടേയോ മറ്റോ പരസ്യ മോഡലെങ്ങാനും അഭിനയിച്ചാൽ ആ ബ്രാൻഡിനും ആരാധകരേറുമെന്നാണ് പല കമന്റുകളും പറയുന്നത്.