കോൻ ബനേകാ ക്രോർപതി ആരാധ്യയ്ക്കൊപ്പം?, മറുപടിയുമായി ബിഗ് ബി

അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്ക് ആരാധകരേറെയാണ്. വളരെ മികച്ച പ്രോഗ്രാമായി വിലയിരുത്തപ്പെടുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ(കെബിസി) പത്താം ഭാഗവുമായെത്തുകയാണ് ബിഗ് ബി. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായ കോന്‍ ബനേഗാ ക്രോര്‍പതി ബച്ചന് വളരെയേറെ പ്രിയപ്പെട്ടതാണ്.

കെബിസിയുടെ പത്താം ഭാഗത്തെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നുമെല്ലാം ബച്ചൻ മാധ്യമങ്ങളോട് സംസാരിച്ചു. മാത്രമല്ല തന്റെ കൊച്ചുമകളായ ആരാധ്യയ്ക്കൊപ്പം കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുന്നതിനെ കുറിച്ചും ബച്ചൻ വാചാലനായി.

മകന്‍ അഭിഷേകിന്റെയും ഐശ്വര്യയുടേയും മകളായ ആരാധ്യയ്ക്കൊപ്പം എപ്പോഴെങ്കിലും കോന്‍ ബനേഗാ ക്രോര്‍പതി കളിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ബച്ചന്റെ മറുപടി രസകരമായിരുന്നു. ആരാധ്യയ്ക്കൊപ്പം ഇതുവരെ കെബിസി കളിച്ചിട്ടില്ലന്നും, അവൾക്ക് ഇത് കളിക്കാനുള്ള പ്രായമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പഠനവും സ്കൂളുമൊക്കെയായി ആരാധ്യക്കുട്ടി നല്ല തിരക്കിലാണ്. ക്വിസ് മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട് അവൾ, എങ്കിലും കെബിസി പോലുള്ള ഒരു പരിപാടിയിൽ കളിക്കാനുള്ള പ്രായമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കെബിസി എന്നൊരു പരിപാടി താൻ അവതരിപ്പിക്കുന്നതായി ആരാധ്യയ്ക്കറിയാം. അതിന്റെ സിഗ്നേച്ചർ ട്യൂൺ കൊച്ചുമകൾക്ക് ഏറെ ഇഷ്ടമാണത്രേ. എന്നാൽ ഇതൊരു നല്ല ഐഡിയ ആണെന്നും വീട്ടിലെത്തി ഉടനെതന്നെ കൊച്ചുമകളുമായി കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുമെന്നും ബച്ചൻ കൂട്ടിച്ചേർത്തു. ആരാധ്യയ്ക്കൊപ്പം സമയം ചിലവഴിക്കാൻ മുത്തച്ഛന് വളരെയേറെ ഇഷ്ടമാണ്. ആരാധ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട് ബിഗ് ബി.