ഐഎഎസ് മോഹികളെ പഠിപ്പിക്കുന്ന പയ്യന്‍സിനെ അറിയുമോ?

എട്ടാം ക്ലാസിലാണ് പഠിക്കുന്നത്, എന്നാല്‍ അമര്‍ എന്ന പയ്യന്‍ വലിയ സംഭവമാണ് കേട്ടോ. കക്ഷി ഒരു ടീച്ചറാണ്. അതും ആയിരക്കണക്കിന് ആളുകള്‍ക്ക്. തന്റെ 'ലേണ്‍ വിത്ത് അമര്‍' എന്ന യൂട്യൂബ് ചാനലിലൂടെയാണ് അവന്‍ ഈ ലോകത്തെ പഠിപ്പിക്കുന്നത്. 

ആന്ധ്രാ പ്രദേശുകാരനായ ഈ എട്ടാംക്ലാസ്സുകാരന്റെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ലോകത്തെത്തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളില്‍  ഒന്ന് എന്നറിയപ്പെടുന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന അഖിലേന്ത്യാതല സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവരാണെന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് ഞെട്ടും. 

ചാനലില്‍ അമറിനൊപ്പം അഞ്ചാം ക്ലാസുകാരനായ അനഗും അധ്യാപകനായി ഇപ്പോള്‍ എത്താറുണ്ട്. ഈ കഴിഞ്ഞ മാസം, ലേണ്‍ വിത്ത് അമര്‍ ചാനലിന്റെ ഫോളോവെഴ്‌സന്റെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് ലോകത്തെ തങ്ങളുടെ  നേട്ടങ്ങളെക്കുറിച്ചൊന്നും അമറും അനഗും ഏറെ ബോധവാന്മാരൊന്നും അല്ല. അവര്‍ക്ക് സെലിബ്രിറ്റി സ്റ്റാറ്റസൊന്നും ഇതുവരെ തലയ്ക്ക് പിടിച്ചിട്ടില്ല.

കുട്ടികളുടെ പിതാവും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ  ഗോവര്‍ധന ചാരിയാണ് അവരുടെ കഴിവുകള്‍ മനസിലാക്കി ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്.

യൂട്യൂബ് ചാനലിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒരു പിതാവെന്ന നിലയില്‍ തനിക്കു ഏറെ അഭിമാനം നല്‍കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കുട്ടികള്‍ക്ക് ജ്യോഗ്രഫിയിലുള്ള ഗ്രാഹ്യത്തെയും അതു മികച്ചരീതില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള കഴിവിനെയും പ്രശംസിച്ചുകൊണ്ട്  നൂറുകണക്കിന് കമന്റുകള്‍ ആണ് ഓരോ വീഡിയോയുടെയും താഴെ കിടക്കുന്നത്. 

ഭൂപടങ്ങളെക്കുറിച്ചും ജ്യോഗ്രഫിയോട് അനുബന്ധിച്ച മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാമാണ് അമര്‍ കൂടുതലും ക്ലാസുകളെടുക്കുന്നത്. മത്സരപരീക്ഷകളിലേക്ക് ഉപകരിക്കുന്ന തരത്തിലാണ് അമറിന്റെ ടീച്ചിങ് ശൈലി. വളരെ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും പറയുന്നത് മനസിലാക്കും. ആ വിഡിയോകള്‍ കേട്ടാല്‍ ജ്യോഗ്രഫിയുടെ ശത്രുക്കള്‍ പോലും വീണുപോകും. 

ഇത്തരമൊരു ചാനല്‍ തുടങ്ങണമെന്ന യാതൊരുവിധ പ്ലാനും ഞങ്ങള്‍ക്കില്ലായിരുന്നു. അമര്‍ വളരെ ബുദ്ധിവൈഭവവും പഠിക്കാന്‍ താല്‍പ്പര്യവുമുള്ള കുട്ടിയാണ്. എപ്പോഴും നൂതനാത്മകമായ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിച്ചുകൊണ്ടേയിരിക്കും. അറ്റ്‌ലസിനോടും ലോകകാര്യങ്ങളോടും അവനുള്ള താല്‍പ്പര്യമാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അതിന് ശേഷം അവന് ഞാന്‍ ജ്യോഗ്രഫിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പെട്ടെന്ന് തന്നെ ഓര്‍ത്തെടുക്കാനുമുള്ള ടെക്‌നിക്കുകള്‍ പഠിപ്പിച്ചു നല്‍കി-ഗോവര്‍ധന ചാരി പറയുന്നു.

വളരെ പെട്ടെന്നാണ് അവന്‍ രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും മറ്റു വിവരങ്ങളുമെല്ലാം പഠിച്ചെടുത്തത്. ഒരു ദിവസം ആഫ്രിക്കന്‍ ഭൂഖണ്ഡത്തെക്കുറിച്ച് കാര്യമായി  വിശദീകരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത് അദ്ദേഹം യൂട്യൂബിലിട്ടു. അതാണ് പിന്നീട് വമ്പന്‍ ഹിറ്റായി മാറിയത്. 

പിന്നീട് യുപിഎസ്‌സികാരെ ലക്ഷ്യമിട്ട് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. ഇതിന് കാഴ്ച്ചക്കാര്‍ ഏറുകയും ചെയ്തു.