ഏഴാം ക്ളാസില്‍ നിന്നു വിവാഹ പന്തലിലേക്ക്!‍

ലിംഗവിവേചനങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും പെണ്‍കുട്ടികളുടെ അവകാശസംരക്ഷണവും ലക്ഷ്യമിട്ട് രാജ്യാന്തര ബാലികാദിനം ആചരിക്കുമ്പോള്‍ അതിന് കരുത്തുപകര്‍ന്ന് മലയാളി കൂട്ടായ്മകളും. ഗോ ഫിഗര്‍ ഹ്യുമാനിറ്റി എന്ന ഓണ്‍ലൈന്‍ സാമൂഹ്യ പ്ലാറ്റ്ഫോമില്‍നിന്ന് ആഷിഷ് എന്ന കോഴിക്കോട്ടുകാരന്‍ പുറത്തിറക്കിയ വിഡിയോ ആല്‍ബം ഈ രീതിയില്‍ ശ്രദ്ധനേടുകയാണ്. ശൈശവവിവാഹമാണ് പ്രമേയം. പാഠപുസ്തകങ്ങള്‍ക്കും ബാല്യകാല കുസൃതികള്‍ക്കുമിടയില്‍നിന്ന് വിവാഹത്തിലേക്കും ഒടുവില്‍ ജീവിതം തന്നെ പ്രാരാബ്​ധമായി മാറുന്ന പെണ്‍ജീവിതങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ ആല്‍ബം.

ഏഴാം ക്ളാസില്‍ നിന്നു വിവാഹപന്തലിലേക്ക് എത്തേണ്ടിവന്ന പെണ്‍കുട്ടിയിലൂടെ ശൈശവവിവാഹത്തിനെതിരായ സന്ദേശം നല്‍കുമ്പോള്‍ ഈ ദുരാചാരത്തില്‍നിന്ന് സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ പോലും മുക്തരല്ലെന്ന സന്ദേശമാണ് ഗോ ഫിഗര്‍ ഹ്യുമാനിറ്റി എന്ന ഓണ്‍ലൈന്‍ സാമൂഹ്യ പ്ലാറ്റ്ഫോമിനായി ഈ വീഡിയോ ആല്‍ബം തയാറാക്കിയ ആഷിഷിന് പറയാനുള്ളത്.

ഫാരിയ ഹുസൈന്‍ എന്ന അസംകാരിയാണ് ആല്‍ബത്തിലെ പന്ത്രണ്ടുവയസുകാരിക്ക് ജീവന്‍ നല്‍കിയത്. ശൈശവവിവാഹം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് നിറപകിട്ടാര്‍ന്ന ദൃശ്യങ്ങളിലൂടെ ഈ കുരുതിക്കിരയാകുന്ന പെണ്‍കുട്ടികളെ കുറിച്ച് ആഷിഷ് പറഞ്ഞുവയ്ക്കുന്നതും.