ആരാധ്യയെ വിടാതെ ഐശ്വര്യ, ഒപ്പം ആരാധകരും

അടുത്തിടെയാണ് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമായതും ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതും. ഇന്‍സ്റ്റഗ്രാമിൽ ഐശ്വര്യ അധികവും പങ്കുവച്ചിരിക്കുന്നത് മകൾ ആരാധ്യയുമൊത്തുള്ള ചിത്രങ്ങളാണ്. ഇതാ വീണ്ടും മനോഹരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. ഒരു കൂട റോസാപ്പൂക്കളുടെ പശ്ചാത്തലത്തിൽ ഐശ്വര്യയുടേയും ആരാധ്യയുടേയും കൈകകൾ ഹൃദയാകൃതിയിൽ വച്ച ഒരു സൂപ്പർ ചിത്രമാണ് ആരാധകർക്കായി ഐശ്വര്യ പങ്കുവച്ചത്. “All you need is Love.” എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാതൃദിനത്തോടനുബന്ധിച്ച് കൈക്കുഞ്ഞായിരുന്ന ആരാധ്യയെ കൈകളിലേന്തി നിൽക്കുന്ന ഐശ്വര്യയുടെ ഒരു ക്ളോസപ്പ് ചിത്രത്തേടെയാണ് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമായത്. ആ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റടുത്തത്.

കാനിലെ റെഡ്കാർപ്പെറ്റിൽ മകളുമൊത്ത് ചുവടുവയ്ക്കുന്നതിന് തൊട്ടു മുൻ‌പെടുത്ത ചിത്രമാണ് മറ്റൊന്ന്. ആരാധ്യയെ ചുംബിക്കുന്ന ഐശ്വര്യയുടെ ആ ക്യൂട്ട് ചിത്രത്തിൽ അമ്മയ്ക്ക് മകളോടുള്ള എല്ലാ സ്നേഹവും വാത്സല്യവും കാണാം. അമ്മയും മകളും ഏകദേശം ഒരേപോലെയുള്ള ഉടുപ്പിൽ പതിവിലും ക്യൂട്ടായിരുന്നു ആ ചിത്രത്തിൽ.

ആരാധ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ഞാനും ആരാധ്യയുമായി നല്ല ആത്മബന്ധമാണുള്ളത്, എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളിലൂടെയാണ്. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്ന അവളെ ചുറ്റിപ്പറ്റിയാണ്. ആരാധ്യ ജനിച്ച ആ ദിവസം എന്റെ ലോകം തന്നെ മാറി. എനിക്കു ചുറ്റുമുള്ളതെല്ലാം പഴയത് തന്നെയാണ്, പക്ഷേ ലോകത്തോടുള്ള എന്റെ വീക്ഷണത്തെ അവൾ മാറ്റിയെടുത്തു. ഞാനുമെന്റെ മകളുമൊത്തുള്ള ഈ ലോകമാണ് യാഥാർത്ഥ്യം ബാക്കിയെല്ലാം രണ്ടാമതേ വരൂ"