സംശയമില്ല, ബോളിവുഡിലെ മികച്ച അമ്മ ഐശ്വര്യ തന്നെ! | Aishwarya Rai Parenting Tips | Parenting

സംശയമില്ല, ബോളിവുഡിലെ മികച്ച അമ്മ ഐശ്വര്യ തന്നെ!

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, ബോളിവുഡിലെ തിരക്കേറിയ നായിക, ലോകത്തിലെ തന്നെ സൂപ്പർ മോഡൽ ഇങ്ങനെ നീണ്ടുപോകുന്നു ഐശ്വര്യ റായിയുടെ വിശേഷണങ്ങൾ. ഇത്രയും തിരക്കേറിയ സ്ത്രീ തന്നെയാണ് ബോളിവുഡ് മാതൃകയാക്കിയ അമ്മയെന്നത് ശ്രദ്ധേയമാണ്. 1994ൽ മിസ് വേൾഡ് പട്ടം കിട്ടിയ അന്നു മുതൽ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയ വ്യക്തിത്വം. മിസ് വേൾഡ് മത്സരത്തിന് ശേഷം സിനിമകളിൽ തിരക്കായതോടെ അതുമായി ബന്ധപ്പെട്ടായി ഐശ്വര്യയെക്കുറിച്ചുള്ള വാർത്തകൾ. പിന്നീട് അഭിഷേക് ബച്ചനെ വിവാഹം ചെയ്ത് ബിഗ് ബിയുടെ മരുമകളായാതോടെ ഐശ്വര്യ വീണ്ടും വാർത്തകളിൽ ഇടം നേടി. എന്നാൽ കുഞ്ഞ് ആരാധ്യയുടെ അമ്മ എന്ന റോളാണ് ഐശ്വര്യ ഏറ്റവും ആസ്വദിച്ചു ചെയ്യുന്നത്.

സാധാരണ ബോളിവുഡ് അമ്മമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് താനെന്ന് ഐശ്വര്യ അവരുടെ ഓരോ പ്രവർത്തികളിൽ കൂടെ തെളിയിക്കുന്നു. കുഞ്ഞ് ആരാധ്യയെ വയറ്റില്‍ പേറുമ്പോഴും അവൾ ജനിച്ച ശേഷവും തന്റെ ശരീര സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവർ മുൻതൂക്കം നൽകിയത്. അമ്മയാകുന്ന ഓരോര്‍ത്തർക്കും ഐശ്വര്യ ചില കാര്യങ്ങളിൾ മാതൃക തന്നെയാണ്.

കുടുംബബന്ധങ്ങളുടെ വില നന്നായി അറിയാവുന്ന ഐശ്വര്യ മുതിർന്നവരെ ബഹുമാനിക്കാനും അവരുടെ അനുഗ്രഹം വാങ്ങുന്നതിനും ചെറുപ്രായത്തിൽത്തന്നെ ആരാധ്യയെ പരിശീലിപ്പിച്ചു. ഒരു കുഞ്ഞുണ്ടാകുകയെന്നാൽ അത് വലിയ അനുഗ്രഹമാണെന്നും മാതൃത്വമെന്ന കാലയളവ് പരമാവധി ആസ്വദിക്കണമെന്നും അവർ എല്ലാ അമ്മമാരോടുമായി പറയുന്നു. ലോകത്തിലെ മറ്റെന്തിനേക്കാവും അവർ വിലകൊടുക്കുന്നതും മാതൃത്വത്തിനാണ്.

ബോളിവുഡിലെ ഈ തിരക്കേറിയ നായിക കുഞ്ഞിനെ നോക്കുക എന്നത് ഒരു മുഴുവൻ സമയ ജോലിയായിതന്നെയാണ് കാണുന്നത്. മറ്റ് നടിമാരെപ്പോലെ ആയമാരുടെ സഹായമൊന്നുമില്ലാതെയാണത്രേ അവർ ആരാധ്യയെ നോക്കുന്നത്. ആരാധ്യയുടെ ഓരോ വളർച്ചയും കൂടെ നിന്ന് അറിയാനും ആസ്വദിക്കാനും അവർ എപ്പോഴും ശ്രദ്ധിക്കുന്നു.

കുഞ്ഞ് ആരാധ്യ വളർന്നു സ്കൂളിൽ പോകാറായെങ്കിലും അമ്മ കൂടെ വേണ്ടുന്ന എല്ലാ സന്ദർഭങ്ങളിലും അവൾക്കൊപ്പമുണ്ടാകാൻ ഈ സൂപ്പർ മദർ ശ്രദ്ധിക്കാറുണ്ട്. അവളുടെ സ്കൂളിലെ മത്സരങ്ങളിൽ പ്രോത്സാഹനവുമായി ഈ അമ്മ എപ്പോഴുമുണ്ടാകും. ദൂരയാത്രകളിൽ അമ്മയുടെ കൈയ്യിൽ തൂങ്ങി ആരാധ്യയുമുണ്ടാകുമെപ്പോഴും. ആരാധകരെയും മാധ്യമങ്ങളേയും നിരാശപ്പെടുത്താതെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അമ്മ ആരാധ്യയെ പഠിപ്പിച്ചിട്ടുണ്ട്. കുട്ടിയെ നോക്കലും ജോലിയും എങ്ങനെ കൂട്ടിക്കുഴയ്ക്കാതെ കൊണ്ടു പോകാമെന്നുള്ളതിന് ഏറ്റവും നല്ല മാതൃക ഈ ലോകസുന്ദരി തന്നെയാണ്.