ആഷും ആരാധ്യയും ഒരുപോലെ... വൈറൽ ചിത്രം !

ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ ചിത്രം എത്ര മനോഹരമാണ്. കാനിലെ റെഡ്കാർപ്പെറ്റിൽ മകളുമൊത്ത് ചുവടുവയ്ക്കുന്നതിന് തൊട്ടു മുൻ‌പെടുത്ത ചിത്രമാണത്. ആരാധ്യയെ ചുംബിക്കുന്ന ഐശ്വര്യയുടെ ആ ക്യൂട്ട് ചിത്രത്തിൽ അമ്മയ്ക്ക് മകളോടുള്ള എല്ലാ സ്നേഹവും വാത്സല്യവും കാണാം. " LOVE YOU UNCONDITIONALL Happiest Mama in the World" എന്നാണ് അവർ ആ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. അമ്മയും മകളും ഏകദേശം ഒരേപോലെയുള്ള ഉടുപ്പിൽ പതിവിലും ക്യൂട്ടായിരുന്നു ആ ചിത്രത്തിൽ.

അടുത്തിടെയാണ് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമായതും ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതും. മാതൃദിനത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവച്ച മറ്റൊരു ചിത്രവും ആരാധകർക്കേറെ ഇഷ്ടമായി. കൈക്കുഞ്ഞായിരുന്ന ആരാധ്യയെ കൈകളിലേന്തി നിൽക്കുന്ന ഐശ്വര്യയുടെ ഒരു ക്ളോസപ്പ് ചിത്രമായിരുന്നു അത്. ' And I was born...again..." എന്ന അടിക്കുറിപ്പാടെയുള്ള ആ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റടുത്തത്. ഐശ്വര്യയുടെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം ചിത്രമായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിൽ ഐശ്വര്യ അധികവും പങ്കുവച്ചിരിക്കുന്നത് ആരാധ്യയുമൊത്തുള്ള ചിത്രങ്ങളാണ്.

ലോകത്തിന്റെ ഏത് കോണിൽ പോയാലും കഴിവതും മകളേയും കൂട്ടിയേ ഐശ്വര്യ പോകൂ. ഐശ്വര്യ മകളുടെ കാര്യത്തിൽ വളരെ ഒബ്സസീവ് ആണെന്നാണ് അഭിഷേകിന്റെ അമ്മ ജയയുടെ അഭിപ്രായം. എന്നാൽ ആരാധ്യയെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ഞാനും ആരാധ്യയുമായി നല്ല ആത്മബന്ധമാണുള്ളത്, എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളിലൂടെയാണ്. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്ന അവളെ ചുറ്റിപ്പറ്റിയാണ്. ആരാധ്യ ജനിച്ച ആ ദിവസം എന്റെ ലോകം തന്നെ മാറി. എനിക്കു ചുറ്റുമുള്ളതെല്ലാം പഴയത് തന്നെയാണ്, പക്ഷേ ലോകത്തോടുള്ള എന്റെ വീക്ഷണത്തെ അവൾ മാറ്റിയെടുത്തു. ഞാനുമെന്റെ മകളുമൊത്തുള്ള ഈ ലോകമാണ് യാഥാർത്ഥ്യം ബാക്കിയെല്ലാം രണ്ടാമതേ വരൂ"