റാംപിൽ കൂട്ടിമുട്ടി കുട്ടി മോഡലുകൾ; സദസ്സിൽ കൂട്ടച്ചിരി

അതേ ഫാഷൻ ഷോയിൽ റാമ്പിൽ കൂടെ നടക്കുമ്പോൾ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് മുതിർന്നവരായാലും കുട്ടി മോഡലുകളായാലും പാലിച്ചേ മതിയാകൂ. ചൈനയില ഷാൻഹായ് നഗരത്തിൽ നടന്ന കുട്ടിഫാഷൻ ഷോയിലെ ഈ കുരുന്നുകളുടെ പ്രകടനം കണ്ട് തലക്കുത്തിച്ചിരിക്കുകയാണ് ഫാഷൻ ലോകം. കൈകൾ കോർത്തു പിടിച്ചുവേണം റാമ്പിലൂടെ വരാൻ എന്നാണ് ഈ രണ്ട് കുട്ടി മോഡലുകൾക്കും കിട്ടിയിരുന്ന നിർദ്ദേശം. അതവർ അക്ഷരം പ്രതി അനുസരിക്കുകമാത്രമേ ചെയ്തുള്ളൂ. അല്ലാതെ മനപ്പൂർവ്വം അലമ്പുണ്ടാക്കാൻ വേണ്ടി ചെയ്തതൊന്നുമല്ലെന്നേ...

ഈ രണ്ട് കുട്ടി മോഡലുകളോട് കൈകൾ ചേർത്തു പിടിച്ച് നടക്കാനായിരുന്നു നിർദ്ദേശം, അങ്ങനെ നല്ല സ്റ്റൈലായി റൺവേയിലെത്തി പോസൊക്കെ ചെയ്ത് തിരിച്ചു നടന്നപ്പോളാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. അടുത്ത കുട്ടി മോഡലായ സാങ് യാവോയാങ് ഒറ്റയ്ക്കിങ്ങനെ റാമ്പിനു നടുവിലൂടെ നടന്നു വരികയായിരുന്നു. കൈകൾകോർത്തു പിടിച്ച കൂട്ടുകാർക്കു ഇടയിൽപ്പെട്ട സാങ് ആകെ പെട്ടുപോയീന്നു പറഞ്ഞാൽ മതീല്ലോ.. എന്നിട്ടും അവർ കൈകൾ വിടാതെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ടപ്പേന്നാണ് രണ്ടാളും താഴെയ്ക്കു വീണത്.

സദസ്സിനെയാകെ പൊട്ടിച്ചിരിയിലേയ്ക്ക് വീഴ്ത്തി ഈ കാഴ്ച. എന്നാൽ അവരുടെ അടുത്ത നീക്കമായിരുന്നു കിടിലൻ. ചുറ്റിലുമുള്ള ആളുകളുടെ ചിരിയൊന്നും ഒരു പ്രശ്നവുമാക്കാതെ മൂന്നുപേരും തങ്ങളുടെ ജോലി ഭംഗിയാക്കി. സാങ് വേഗമെഴുന്നേറ്റ് ചെറു ചിരിയോടെ ഒരു സ്റ്റൈലൻ നടത്തം അങ്ങ് കാച്ചി. ആ രണ്ടു പേരാകട്ടെ വീണ്ടും കൈകൾ കോർത്ത് ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചും നടന്നു.

മുതിർന്നവർ പോലും പകച്ചു പോയേക്കാവുന്ന ഈ സന്ദർഭം പുല്ലുപോലെ കൈകാര്യം ചെയ്ത സാങ് ഇപ്പോൾ ഫാഷൻ ലോകത്തെ താരമാണ്. ആരാധക ലക്ഷങ്ങളാണ് അവന്റെ ആ പോസിറ്റീവ് ആക്റ്റിറ്റൂഡിലും ചിരിയിലും മയങ്ങി വീണത്. ഈ നാലു വയസ്സുകാരൻ കഴിഞ്ഞ രണ്ടു വർഷമായി മോഡലിങ് രംഗത്ത് സജീവമാണ്.