'ആരാധ്യയ്ക്ക് കാണാവുന്ന സിനിമകളിലേ ഇനി അഭിനയിക്കൂ' അഭിഷേക്

അഭിഷേക് ബച്ചനും ഐശ്യര്യ റായിയും തങ്ങളുടെ മകളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെതന്നെ ആരാധ്യയേയും ഐശ്വര്യയേയും കുറിച്ച് പറയുമ്പോൾ അഭിഷേക് വളരെ പൊസ്സസീവും ആകാറുണ്ട്. തന്റെ മകൾക്കെതിരെ വരുന്ന കമ്നറുകൾക്ക് അഭിഷേക് ചുട്ട മറുപടിയും നൽകാറുണ്ട്. മുൻപ് തന്റെ സിനിമകളേയും ആരാധ്യയേയും ട്രോളിയയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് അഭിഷേക് കൊടുത്തത്. തന്റെ മകളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താൻ തിരഞ്ഞെടുക്കുന്ന സിനിമകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ അഭിഷേക് പറഞ്ഞ കാര്യങ്ങൾ വളരെയേറെ പ്രസക്തമാണ്. തന്റെ മകൾക്കു കൂടെ കാണാൻ സാധിക്കുന്ന തരത്തിലുള്ള സിനിമകൾ മാത്രമേ ഇനിമുതൽ ചെയ്യുകളുള്ളൂ എന്നാണ് അഭിഷേക് പറയുന്നത്. തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ആരാധ്യയെ കൂടെ പരിഗണിച്ചുകൊണ്ടുള്ളതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകൾ ഭാവിയിൽ എന്തായിത്തീരണെമെന്ന് അവൾതന്നെയാണ് തീരുമാനിക്കേണ്ടത്. താനും ഐശ്യര്യയും മകളുടെ കരിയറിന്റെ കാര്യത്തിൽ യാതൊരു നിർബന്ധവും കാണിക്കില്ലെന്നും മകളുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണയുമായി തങ്ങളുണ്ടാകുമെന്നും അഭിഷേക്. ഒരു പിതാവെന്ന നിലയിൽ മകളുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കുമാണ് മുൻതൂക്കം നൾകുകയെന്നും അഭിഷേക് പറയുന്നു.

ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംക്ഷാപൂർവ്വം ഏറ്റെടുക്കാറുമുണ്ട്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എന്തു ചെയ്താലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛൻ പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. അതുപോലെ ആരാധ്യയ്ക്കു വേണ്ടിയുള്ള അഭിഷേകിന്റെ ഈ തീരുമാനവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിഷേകും ഐശ്യര്യയും ബോളിവുഡിലെ ഏറ്റവും മികച്ച മാതാപിതാക്കളാണെന്നും ഇതുപോലൊരു അച്ഛനെ കിട്ടിയതിൽ ആരാധ്യ വളരെ ഭാഗ്യവതിയാണെന്നും ആരാധകർ കുറിക്കുന്നു.