ആരാധ്യ കണ്ട ഐശ്വര്യയുടെ ആദ്യ സിനിമ!

ഒരു സിനിമാകുടുബത്തിൽ നിന്നും വരുന്ന ആരാധ്യ ഇതുവരെ അമ്മ ഐശ്വര്യയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പറയുന്നത് ഐശ്യര്യ തന്നെയാകുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഫന്നീഖാൻ എന്ന പുത്തൻ സിനിമയാണ് ആരാധ്യ ആദ്യമായി കാണുന്ന അമ്മയുടെ സിനിമ.

തന്റെ സിനിമയിലെ പാട്ടുകളും രംഗങ്ങളുമൊക്കെ ടെലിവിഷനിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സിനിമ മകൾ മുഴുവനായും കാണുന്നതെന്ന് ഐശ്വര്യ പറയുന്നു. അനിൽ കപൂർ നായകനായെത്തുന്ന ഫന്നീഖാൻ എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനായിരുന്നു അത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ഐശ്വര്യയും മകൾ ആരാധയയും പങ്കെടുത്തിരുന്നു.

ഫന്നീഖാൻ എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ ഷൂട്ടിങ് കാണാൻ ആരാധ്യ എത്തിയിരുന്നു. അതുകൊണ്ടാവും സിനിമയുടെ സ്ക്രീനിങ് വന്നപ്പോള്‍ കാണണമെന്ന് ആരാധ്യ ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ കൂട്ടുകാരേയും അവരുടെ മാതാപിതാക്കളേയും ക്ഷണിക്കാനും മകൾ ആവശ്യപ്പെട്ടത്രേ. കൂട്ടകാർക്കും അമ്മയ്ക്കുമൊത്തുള്ള ആ സിനിമ കാഴ്ച മകൾ നന്നായി ആസ്വദിച്ചുവെന്നും ഐശ്വര്യ പറയുന്നു.

ഇത് ഒരു പോസിറ്റീവ് മെസേജ് നൾകുന്ന ചിത്രമാണെന്നും കുട്ടികൾക്ക് കാണാൻ പാടില്ലാത്തതായി അതിലൊന്നുമില്ലെന്നതും ഈ സിനിമയുടെ പ്രത്യേകതയാണെന്ന് ഐശ്വര്യ. അവളുടെ അമ്മയുടേയോ അച്ഛന്റേയോ മുത്തച്ഛന്റേയോ സിനിമകളിലെ പാട്ട് പാടി വീട്ടിലൂടെ നൃത്തംവച്ചു നടക്കുന്ന ഒരു സാധാരണ കുട്ടിയാണ് ആരാധ്യയെന്ന് അഭിമാനത്തോടെ ഐശ്വര്യ പറയുന്നു. അവൾക്കായി ഒരു സാധാരണ കുടുംബ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകകയാണ് തങ്ങളെല്ലാവരുമെന്ന് ഐശ്വര്യ. ‍