ആരാധ്യക്കുട്ടി അമ്മയെക്കാൾ സുന്ദരിയോ? ചിത്രം വൈറൽ

വിമൻ ഇൻ ഫിലിം ആൻഡ് ടെലിവിഷൻ ഇന്ത്യയുടെ (WIFT) ആദ്യത്തെ മെറിൽ സ്ട്രീപ്പ് അവാർഡ് വാങ്ങാൻ ഐശ്വര്യ റായ് എത്തിയത് മകൾ ആരാധ്യയ്ക്കൊപ്പം. അമ്മയുടെയും മകളുടെയും ഫാഷൻ സ്റ്റേറ്റ്മെന്റ് ആരാധകരുടെ മനം കവർന്നു. അബുജാനി സന്ദീപ് ഖോസ്‌ല ഒരുക്കിയ ബ്ലാക്ക്– ഗോൾഡൻ ഫിഷ് ടെയിൽ ലെയേഡ് ഗൗണിൽ ഐശ്വര്യ തിളങ്ങിയപ്പോൾ മകൾക്കു വേണ്ടി തിരഞ്ഞെടുത്തത് ബേബി പിങ്ക് റഫിൾഡ് ഗൗൺ. അതിൽ ചുവന്ന നെറ്റും പൂക്കളും കൂടിയായപ്പോൾ ആരാധ്യ മാലാഖക്കുട്ടിയെപ്പോലെ തിളങ്ങി. ചുവന്ന പൂവോടെയുള്ള ആ ഹെയർ ബാൻഡ് അവളെ കൂടുതൽ ക്യൂട്ട് ആക്കി മാറ്റി.

ഐശ്വര്യ ലോകത്തിന്റെ ഏത് കോണിൽ പോയാലും മകളെ ഒപ്പം കൂട്ടാറുമുണ്ട്. ഫാഷൻ ഷോകൾക്കും അവാർഡ് ഫങ്ഷനുമൊക്കെ ഇരുവരുടേയും ചിത്രങ്ങൾ വൈറലാകാറുമുണ്ട്. അമ്മയ്ക്കൊപ്പമോ അതിൽ കൂടുതലോ സ്റ്റൈലായിട്ടാണ് പലപ്പോഴും ആരാധ്യ ഇത്തരം ചടങ്ങുകൾക്കെത്താറ്.

മെറില്‍ സ്ട്രീപ് അവാര്‍ഡ്‌ ഫോര്‍ എക്സെലന്‍സ് അവാർഡ് സ്വീകരിച്ചശേഷം ഐശ്വര്യയെ വേദിയിൽവെച്ച് കെട്ടിപിടിച്ച ആരാധ്യയുടെ ചിത്രം ആരാധകരുടെ മനം കവർന്നിരുന്നു. വാഷിംഗ്ടന്‍ ഡിസിയില്‍ നടന്ന ചടങ്ങിൽ ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു. പുരസ്കാരമേറ്റു വാങ്ങിയ ശേഷം വേദിയിലെത്തി അമ്മയെ കെട്ടിപ്പിടിച്ചാണ് ആറുവയസുകാരി ആരാധ്യ അഭിനന്ദനങ്ങൾ അറിയിച്ചത്. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും ചിത്രങ്ങൾ പങ്കുവെച്ചു. ആരാധ്യാ നീ എന്നെ പരിപൂർണ്ണയാക്കിയെന്ന് ഐശ്വര്യ കുറിച്ചപ്പോൾ, പ്രൗഡ് ഹസ്ബൻഡ് എന്നാണ് അഭിഷേക് കുറിച്ചത്.

കഴിഞ്ഞിടെ പാരീസിൽ ഫാഷൻ വീക്കിലെത്തിയ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവിടുത്തെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. അതിൽ ഏറ്റവും മനോഹരമായത് ആരാധ്യക്കുട്ടി അമ്മയെ അനുകരിക്കുന്ന ചിത്രമാണ്. നല്ല കിടിലൻ കറുപ്പ് ഉടുപ്പിൽ സൂപ്പർക്യൂട്ടായ ആരാധ്യ അമ്മയെ അനുകരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ശേലാണ്. ഐശ്വര്യയും നല്ല കറുപ്പ് ഗൗണിൽ എന്നത്തേയും പോലെ കിടു ലുക്കിലും.

ആരാധ്യക്കുട്ടി അമ്മയെക്കാൾ സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. കുഞ്ഞ് ആരാധ്യ ഇപ്പോൾ അമ്മയുടെ തനിപ്പകർപ്പായി മാറിക്കൊണ്ടിരിക്കുകയാണെന്നു തോന്നും പലപ്പോഴും. അമ്മയ്ക്കൊപ്പം തന്നെ തിളങ്ങുകയാണ് ആറുവയസുകാരി കുഞ്ഞ് ആരാധ്യയും. ഐശ്വര്യ റായിയെ പോലെ പ്രത്യേകം ഡിസൈൻ ചെയ്ത പുത്തൻ ഫാഷൻ വസ്ത്രങ്ങളാണിഞ്ഞാണ് ആരാധ്യയും ചടങ്ങുകൾക്കെത്തുക.