Manorama Online | Padippura | Kids Learning Website in Malayalam ​| World without chocolates

വരുമോ ചോക്കലേറ്റ് ഇല്ലാത്ത കാലം

നവീൻ മോഹൻ

പിറന്നാളിന് കൂട്ടുകാര്‍ക്ക് കൊടുക്കാനായി മിഠായി വാങ്ങാനിറങ്ങിയതാണ്. ചോക്കലേറ്റ് തന്നെ വേണം, അല്ലാതെന്തു പിറന്നാള്‍. ആദ്യമൊരു കടയില്‍ കയറി, അവിടെ ബാക്കിയെല്ലാ തരം മിഠായികളുമുണ്ട് പക്ഷേ ചോക്കലേറ്റില്ല. അടുത്ത കടയിലും അതു തന്നെ അവസ്ഥ. അങ്ങനെ പരിസരത്തെ എല്ലാ കടകളിലും കയറി. പക്ഷേ എവിടെയും ചോക്കലേറ്റ് മാത്രമില്ല. ഇനിയിപ്പോള്‍ കടക്കാരു പറ്റിക്കുന്നതാണോ? അല്ല, ഒരു കടക്കാരനാണു പറഞ്ഞത്, ഇനി മുതല്‍ ചോക്കലേറ്റ് എവിടെയും കിട്ടില്ലത്രേ! അതെന്താ ചോക്കലേറ്റ് നിരോധിച്ചോ? അതൊന്നുമല്ല സംഗതി. ചോക്കലേറ്റ് തയാറാക്കാനുള്ള വസ്തുക്കള്‍ തരുന്ന കൊക്കോച്ചെടി എന്നന്നേക്കുമായി നശിച്ചു പോയി. ലോകത്ത് ഒരിടത്തും ഒരു ചെടി പോലുമില്ല. പിന്നെങ്ങനെ ചോക്കലേറ്റ് തയാറാക്കും. കേട്ടിട്ടു തന്നെ പേടിയാവുന്നല്ലേ? ചോക്കലേറ്റ് ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ആലോചിക്കാന്‍ പോലും വയ്യ. പക്ഷേ ഇനി ആലോചിച്ചേ മതിയാകൂ. കാരണം 32 വര്‍ഷത്തിനകം ലോകത്തില്‍ നിന്ന് പ്രകൃതിദത്ത ചോക്കലേറ്റ് എന്നന്നേക്കുമായി ഇല്ലാതാകാന്‍ പോകുകയാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അതായത് 2050 ആകുന്നതോടെ ലോകത്ത് കൊക്കോച്ചെടിയില്‍ നിന്ന് ഉല്‍പാദിക്കുന്ന ചോക്കലേറ്റ് ഒന്നുപോലും ബാക്കിയുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തന്നെ.

ലോകത്ത് ഇന്നുല്‍പാദിപ്പിക്കുന്നതില്‍ പകുതിയിലേറെ ചോക്കലേറ്റും വരുന്നത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രണ്ടു രാജ്യങ്ങളില്‍ നിന്നാണ്- ഐവറി കോസ്റ്റും ഘാനയും. ആവശ്യത്തിനു മഴയും വെയിലും വെയിലും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവുമൊക്കെയായി കൊക്കോച്ചെടികള്‍ക്ക് ഏറ്റവും ചേര്‍ന്ന കാലാവസ്ഥയാണ് ഈ രണ്ടു രാജ്യങ്ങളിലും. ഇവ മൂന്നും കൃത്യമായ അനുപാതത്തില്‍ കിട്ടുന്നതോടെ കൊക്കോച്ചെടികള്‍ തഴച്ചു വളരും. അതുകൊണ്ടുതന്നെ ലോകത്തെ ഭൂരിപക്ഷം ചോക്കലേറ്റ് കൊതിയന്മാരുടെയും വയറു നിറയ്ക്കാനുള്ള കൊക്കോ ഇവിടെനിന്നാണു കയറ്റുമതി ചെയ്യുന്നതും. എന്നാല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ രാജ്യങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കണക്കിനു പോയാല്‍ 30 വര്‍ഷത്തിനകം ഈര്‍പ്പത്തിന്റെ കഥ കഴിയും. അതോടെ കൊക്കോച്ചെടികള്‍ക്ക് വളരാന്‍ ആവശ്യമായ അന്തരീക്ഷത്തിലെ സൗകര്യങ്ങളുടെയും താളം തെറ്റും.

അമേരിക്കയിലെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ പഠനമനുസരിച്ച് അന്തരീക്ഷത്തിലെ താപനിലയില്‍ 2.1 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായാല്‍ മതി 2050ഓടെ ചോക്കലേറ്റ് കച്ചവടം തന്നെ പൂട്ടിപ്പോകും. ഇപ്പോള്‍ത്തന്നെ ഘാനയിലും ഐവറി കോസ്റ്റിലും താപനില കൂടുന്നത് പ്രശ്‌നമായിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ കൂടുതല്‍ ഈര്‍പ്പമുള്ള മലമുകളിലേക്കു പോകുകയാണു പല കര്‍ഷകരും. അവിടെയാകട്ടെ വനവും. കാടു കയ്യേറി കൃഷി ചെയ്യുന്നത് പ്രശ്‌നമായതിനാല്‍ അവിടെയും തിരിച്ചടി. നൂറു കണക്കിന് വര്‍ഷങ്ങളായിട്ടും കൊക്കോ കൃഷി ചെയ്യുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാത്തതും ഇവിടെ തിരിച്ചടിയാകുന്നുണ്ട്. ഇപ്പോഴും 90 ശതമാനം കൊക്കോച്ചെടികളും ചെറുകിട കര്‍ഷകരാണ് ഉല്‍പാദിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വിശാലമായി കൊക്കോ കൃഷി തുടങ്ങിയില്ലെങ്കില്‍ പ്രശ്‌നമാണെന്നാണു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. പക്ഷേ, ചോക്കലേറ്റ് കൊതിയന്മാര്‍ക്ക് ആശ്വസിക്കാന്‍ ഒരു വാര്‍ത്തയും കൂടിയുണ്ട്. ലോകത്തിലെ ഏതു കാലാവസ്ഥയിലും വളര്‍ത്താവുന്ന തരം കൊക്കോച്ചെടികള്‍ തയാറാക്കാനുള്ള ഗവേഷണത്തിലാണ് കലിഫോര്‍ണിയ സര്‍വകലാശാല. അതു വിജയിക്കട്ടേയെന്നു തന്നെ പ്രാര്‍ഥിക്കാം. സമയമില്ല, 32 വര്‍ഷത്തിനകം പുതിയ തരം കൊക്കോച്ചെടി കണ്ടെത്തിയേ പറ്റൂ...!