വമ്പൻ വജ്രങ്ങൾ നിറഞ്ഞ ഖനി; ലോകത്തെ ഞെട്ടിച്ച് ബോട്സ്വാന, വീണ്ടും ‘കെറോ’ അദ്ഭുതം, Diamonds, Botswana mine, Africa, Padhippura, Manorama Online

വമ്പൻ വജ്രങ്ങൾ നിറഞ്ഞ ഖനി; ലോകത്തെ ഞെട്ടിച്ച് ബോട്സ്വാന, വീണ്ടും ‘കെറോ’ അദ്ഭുതം

കൂട്ടുകാർക്കറിയാമോ, ഏറെ കഷ്ടപ്പെട്ടാണ് ഒരു ഖനിയിൽ നിന്ന് വജ്രം കണ്ടെടുക്കുന്നത്. പാറക്കൂട്ടത്തിനിടയിൽ നിന്നു പൊട്ടലുകളൊന്നുമില്ലാതെ വജ്രം എടുക്കാൻ ചില്ലറ പാടൊന്നുമല്ല. അങ്ങനെയിരിക്കെ ഒരു ഖനിയിൽ നിന്ന് ചറപറ വജ്രങ്ങൾ കിട്ടിയാൽ എങ്ങനെയുണ്ടാകും? അതും ചെറുതൊന്നുമല്ല, വലുപ്പത്തിൽ ടെന്നിസ് ബോളിനോളം വരുന്ന വജ്രങ്ങൾ. നാലു വർഷത്തിനിടെ അത്തരത്തിലുള്ള രണ്ടു വമ്പൻ വജ്രങ്ങൾ ലഭിച്ചത് ആഫ്രിക്കയിലെ ബോട്സ്വാനയിലെ കെറോ ഖനിയിൽ നിന്നാണ്. തീർന്നില്ല, ഇവിടെ നിന്ന് ലഭിച്ച 12 വജ്രങ്ങൾക്ക് 300 കാരറ്റിനും മുകളിലായിരുന്നു മൂല്യം.

കാനഡ ആസ്ഥാനമായുള്ള ലൂകാര ഡയമണ്ട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ നിന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ കുഴിച്ചെടുത്ത രണ്ടു വജ്രങ്ങളിൽ ഒന്ന് 472 കാരറ്റ്, മറ്റൊന്ന് 327ഉം. ഇതിനെല്ലാം പുറമെയാണ് പുതിയ കണ്ടെത്തൽ–ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രമാണ് ഇപ്പോൾ കെറോയിൽ നിന്നു കണ്ടെത്തിയിരിക്കുന്നത്. മൂല്യം 1758 കാരറ്റ്. 2015 നവംബറിൽ ഇതേ ഖനിയിൽ നിന്നു കണ്ടെത്തിയ ‘ലെസേഡി ലാ റോന’ എന്ന പേരിൽ പ്രശസ്തമായ വജ്രത്തിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്– 1109 കാരറ്റായിരുന്നു ലാ റോനയുടെ മൂല്യം. പക്ഷേ കുറേ ബുദ്ധിമുട്ടിയാണ് ഈ വജ്രം വിറ്റത്. വജ്രത്തിന് എത്ര വലുപ്പമാണെങ്കിലും അതിൽ നിന്നു കൃത്യമായി കൂടുതൽ വജ്രങ്ങൾ മുറിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ വിപണിയിൽ മൂല്യമുണ്ടാവുകയുള്ളൂ.
കുറച്ചു നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും ബ്രിട്ടനിലെ പ്രശസ്തമായ ‘ഗ്രാഫ് ഡയമണ്ട്’ വജ്രക്കമ്പനി ഒടുവിൽ ലെസേഡി ലാ റോനയെ സ്വന്തമാക്കി, അതും 365 കോടി രൂപയ്ക്ക്! 2017ലെ ഒരു ലേലത്തിലായിരുന്നു അത്. ഇതിനേക്കാൾ വലുപ്പമുണ്ടെങ്കിലും പുതുതായി കണ്ടെത്തിയ വജ്രത്തിന് ഇത്രയും വില കിട്ടാനിടയില്ലെന്നാണു വിദഗ്ധർ പറയുന്നത്. ‘കട്ട്’ ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. ‘റഫ്’ എന്ന വിഭാഗത്തിൽ പെടുന്ന ഏറ്റവും വലിയ വജ്രമായിരുന്നു ലെസേഡി ലാ റോന. അതു മുറിച്ചപ്പോൾ ആകെ 67 ചെറുവജ്രങ്ങളാണ് ഗ്രാഫ് കമ്പനിക്കു ലഭിച്ചത്. 813 കാരറ്റുള്ള മറ്റൊരു വജ്രവും കെറോയിൽ നിന്നു ലഭിച്ചിരുന്നു. ലാ റോനയേക്കാൾ വിലയാണ് ഇതിന്–വിറ്റത് ഏകദേശം 430 കോടി രൂപയ്ക്ക്. ഇത്രയൊന്നും വില പുതിയ വജ്രത്തിൽ നിന്നു ലഭിക്കില്ലെന്നാണു പറയപ്പെടുന്നത്.

പക്ഷേ ഖനിയുടെ ഉടമകളായ ലൂകാര ഡയമണ്ട് കോർപറേഷൻ ആകെ സന്തോഷത്തിലാണ്. ഇനിയും ഏറെ ‘വമ്പൻ’ വജ്രങ്ങൾ തങ്ങളെ കാത്തു ഭൂമിക്കടിയിലുണ്ടെന്ന് ഉറപ്പായല്ലോ! വജ്രം കണ്ടെത്തിപ്പിടിക്കാൻ കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ വിജയിച്ച സന്തോഷവുമുണ്ട് കമ്പനിക്ക്. കാര്യമായ പൊട്ടലുകളൊന്നുമില്ലാതെ പാറകൾക്കിടയിൽ നിന്ന് ഇനിയും വമ്പൻ വജ്രം കുഴിച്ചെടുക്കാമെന്ന ആശ്വാസവുമുണ്ട്. അതും ഏറെ ഗുണമേന്മയുള്ളവ. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്നായിരുന്നു. കുള്ളിനൻ എന്നു പേരുള്ള ആ വജ്രത്തിനു മൂല്യം 3106 കാരറ്റ്. 1905ൽ കണ്ടെത്തിയ ആ അദ്ഭുതത്തെ പിന്നീടു പലപ്പോഴായി മുറിച്ചു ചെറുവജ്രങ്ങളാക്കി. അതിൽത്തന്നെ ഏറ്റവും വലിയ രണ്ടു വജ്രങ്ങള്‍ ഇന്ന് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ സ്വന്തമാണ്.